Connect with us

Editorial

പിന്നെയും റാഗിംഗ്

Published

|

Last Updated

ഒരു വിദ്യാലയം തുറക്കുമ്പോള്‍ ആയിരം ജയിലുകള്‍ അടയ്ക്കുന്നുവെന്നാണല്ലോ. കലാലയങ്ങള്‍ കലാപഭൂമിയും കുറ്റകൃത്യങ്ങളുടെ അരങ്ങും അണിയറയും ആകുമ്പോള്‍ ഈ വാക്യം നിരര്‍ഥകമായ വിരുദ്ധോക്തിയായിത്തീരുന്നു. വിദ്യാഭ്യാസ പ്രവര്‍ത്തനം പഠിതാക്കളെ കൂടുതല്‍ നല്ല മനുഷ്യരാക്കുന്നതിന് പകരം അക്രമോത്സുകരും ക്രൂരതയുടെ ആള്‍രൂപവുമാക്കുന്നുവെന്ന് വന്നാല്‍ പിന്നെ നമ്മുടെ സമൂഹത്തിന് ഭാവിയെക്കുറിച്ച് എന്ത് പ്രതീക്ഷയാണുള്ളത്? നിയമങ്ങളുടെ കാര്‍ക്കശ്യവും നിരന്തരമായ ബോധവത്കരണവും ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനവുമെല്ലാമുണ്ടായിട്ടും നമ്മുടെ കാമ്പസുകളില്‍ ക്രൂരമായ റാഗിംഗ് തുടരുകയാണ്. ഈ അത്യാചാരം ചെറുത്തു എന്ന ഒറ്റക്കാരണത്തിനാണ് കഴിഞ്ഞ ബുധനാഴ്ച പാലക്കാട്ടെ കല്ലടി എം ഇ എസ് കോളജില്‍ ബി കോമിന് പഠിക്കുന്ന മുഹമ്മദ് മുഹസിന്‍ നിഷ്ഠൂരമായ ആക്രമണത്തിന് ഇരയായത്. സഹപാഠികളുടെ ആക്രമണത്തില്‍ മുഹസിന്റെ ഇടതുകണ്ണ് തകര്‍ന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ് കോയമ്പത്തൂരിലെ ആശുപത്രിയിലാണ്. ഇരുമ്പു കമ്പിയും കല്ലും ഉപയോഗിച്ചായിരുന്നു ആക്രമണം. കോളജിലെ സീനിയര്‍ വിദ്യാര്‍ഥികളുടെ സംഘം അസ്സല്‍ ഗുണ്ടകളായി മാറുകയായിരുന്നു. മൂപ്പന്‍സ് ഗ്രൂപ്പ് എന്നാണത്രേ ഈ സംഘത്തിന്റെ പേര്. എന്തിലാണ് ഈ അക്രമികള്‍ മൂപ്പെത്തിയത്? പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ എട്ട് പ്രതികളും ഒളിവിലാണ്.
ഇത്രയും കാലത്തെ സ്‌കൂള്‍, കോളജ് പഠനം പിന്നിട്ട് വരുന്ന യുവാക്കള്‍ ഇങ്ങനെ രാക്ഷസീയത കൈവരിക്കുന്നുണ്ടെങ്കില്‍ നമ്മുടെ സംവിധാനത്തിനാകെ എന്തോ കാര്യമായ കുഴപ്പമുണ്ടെന്ന് വേണം മനസ്സിലാക്കാന്‍. അത് കണ്ടെത്തി ചികിത്സിക്കാതെ സമൂഹത്തിന് ഒരടി മുന്നോട്ട് പോകാനാകില്ല. റാഗിംഗ് സംഭവങ്ങള്‍ അരങ്ങേറുമ്പോഴെല്ലാം ഇത്തരം ഉണര്‍ത്തലുകള്‍ നടക്കാറുണ്ട്. തിടുക്കപ്പെട്ട ചില പ്രവര്‍ത്തനങ്ങള്‍ നടക്കും, പിന്നെ ആറിത്തണുക്കും. കല്ലടി സംഭവം ഒറ്റപ്പെട്ട ഒന്നായി കാണരുത്. യുവാക്കളില്‍ ഒരു വിഭാഗത്തിന് സംഭവിക്കുന്ന അത്യന്തം ഭീതിദമായ പരിവര്‍ത്തനത്തിന്റെ നിദര്‍ശനമാണ് ഇത്.
കാമ്പസുകളില്‍ നടക്കുന്ന പലതും പുറം ലോകം അറിയുന്നില്ലെന്നതാണ് വസ്തുത. റാഗിംഗിന്റെ കാര്യത്തില്‍ ഇത് ഏറെ പ്രസക്തമാണ്. ചെറിയ തോതിലുള്ള റാഗിംഗ് അത്ര കുഴപ്പമില്ല എന്നാണ് ചില അധ്യാപകര്‍ പറയുന്നത്. കുറച്ചൊക്കെ അത് വേണമെന്ന് പറയുന്നവര്‍ വരെയുണ്ട്. അപരനെ മാനസികമായോ ശാരീരികമായോ അവഹേളിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് ചെറിയ തോതില്‍, വലിയ തോതില്‍ എന്ന് വേര്‍ തിരിക്കുന്നതിനേക്കാള്‍ വലിയ മൗഢ്യമുണ്ടോ? 1998ലെ കേരളാ റാഗിംഗ് നിരോധ നിയമപ്രകാരം രണ്ട് വര്‍ഷത്തെ തടവും 10,000 രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് റാഗിംഗ്. ജാമ്യമില്ലാ കുറ്റമാണ് അത്. സ്ഥാപനത്തിന്റെ പേര് ചീത്തയാകുമെന്ന് പറഞ്ഞ് പല സ്ഥാപന മേധാവികളും ഇത്തരം കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്യാറുള്ളത്. റാഗിംഗ് പരാതികള്‍ പറഞ്ഞു തീര്‍ക്കും. ഇരയുടെ രക്ഷിതാക്കളും വേട്ടക്കാരുടെ രക്ഷിതാക്കളും പലപ്പോഴും സന്ധിയിലെത്തും. സ്ഥൈര്യത്തോടെ നീതിക്ക് വേണ്ടി പോരാടാന്‍ ഇരക്ക് പിന്തുണ നല്‍കുന്ന രക്ഷിതാക്കളും അധ്യാപകരും വളരെ വിരളമാണ്. കുട്ടികളല്ലേ, അവര്‍ക്ക് തിരുത്താന്‍ ഒരു അവസരം കൊടുക്കാമെന്ന തീര്‍പ്പിലാണ് രക്ഷിതാക്കള്‍ എത്തുക. അതുകൊണ്ട് റാഗിംഗിന് ഇരയായ വിദ്യാര്‍ഥി മൂപ്പെത്തുമ്പോള്‍ ഇളം മുറക്കാരെ വേട്ടയാടാന്‍ പുതിയ ക്രൂരതകള്‍ ആവിഷ്‌കരിക്കും. ഈ ആവര്‍ത്തന ചക്രം അവസാനിപ്പിക്കാന്‍ ഒറ്റ പോംവഴിയേ ഉള്ളൂ. നിയമം കൂടുതല്‍ ശക്തമാക്കുക. കുറ്റവാളികളോട് ഒരു ദാക്ഷീണ്യവും കാണിക്കാതിരിക്കുക. കല്ലടിയിലേത് പോലുള്ള ക്രൂരതകള്‍ക്ക് ഒരുത്തന്റെയും കൈ പൊങ്ങാതിരിക്കാന്‍ പാകത്തിലുള്ള മാതൃകാപരമായ ശിക്ഷ തന്നെ നല്‍കണം. അത് വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാര്‍ സംവിധാനവും കോളജ് അധികാരികളും അധ്യാപകരും വിദ്യാര്‍ഥി സംഘടനകളും രക്ഷിതാക്കളും ഒറ്റക്കെട്ടായി നിലകൊള്ളണം.
വിദ്യാഭ്യാസത്തിന്റെ ധാര്‍മിക തലം അസ്തമിച്ചതാണ് ഇത്തരം നിഷ്ഠൂരതകളുടെ അടിസ്ഥാന കാരണമെന്ന് മനസ്സിലാക്കണം. കുടുംബത്തില്‍ നിന്നു തന്നെ ധാര്‍മിക അവബോധങ്ങള്‍ ലഭിച്ചുതുടങ്ങണം. പരമ്പരാഗത മതമൂല്യങ്ങള്‍ നേരായ നിലയില്‍ മുറുകെപ്പിടിക്കുന്ന ഒരു വിദ്യാര്‍ഥി സമൂഹം കാമ്പസിലുണ്ടെങ്കില്‍ ഇത്തരം ക്രൂരതകള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് ശക്തമാക്കാന്‍ സാധിക്കും. ഇതില്‍ സാമ്പത്തിക അസന്തുലിതാവസ്ഥയുടെ തലം കൂടിയുണ്ടെന്ന് മനസ്സിലാക്കണം. സമ്പന്നതയുടെ പുളപ്പിലാണ് റാഗിംഗ് വീരന്‍മാര്‍ വിലസുന്നത്. തറവാട്ടില്‍ പണമുള്ളത് കൊണ്ട് എന്തുമാകാമെന്നാണ് ഇവരുടെ അഹങ്കാരം. കേസില്‍ കുടുങ്ങിയാല്‍ പണവും സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെടാമെന്നത് ഇക്കൂട്ടര്‍ക്ക് അപകടകരമായ ആത്മവിശ്വാസം നല്‍കുന്നു. ഇരകളാകുന്നതോ പാവപ്പെട്ടവരുടെ കുട്ടികളും. പാവപ്പെട്ടവര്‍ ഉന്നത പഠനത്തിന് മെനക്കെടേണ്ടതില്ലെന്ന പഴകി ദ്രവിച്ച ഫ്യൂഡല്‍ ബോധം കൂടി പല റാഗിംഗ് സംഭവങ്ങളിലും ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്ന് ചുരുക്കം. കാമ്പസിലെ ക്രിമിനലുകളും പുറത്തെ ക്രിമിനല്‍, മാഫിയാ സംഘങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും ഇത്തരം ക്രൂരതകള്‍ക്ക് കളമൊരുക്കുന്നുണ്ട്. മയക്കുമരുന്നിന്റെയും ക്വട്ടേഷന്റെയും ഈ കണ്ണികളും അറുക്കേണ്ടിയിരിക്കുന്നു.

Latest