Connect with us

Business

സെന്‍സെക്‌സില്‍ 560 പോയിന്റ് പ്രതിവാര നഷ്ടം

Published

|

Last Updated

ഓഹരി വിപണിയില്‍ ഫണ്ടുകള്‍ ലാഭമെടുപ്പിനു കാണിച്ച മത്സരം സെന്‍സെക്‌സില്‍ 560 പോയിന്റ് പ്രതിവാര നഷ്ടത്തിനിടയാക്കി. നിഫ്റ്റി സൂചിക 147 പോയിന്റ് കഴിഞ്ഞവാരം ഇടിഞ്ഞു. മി എസ് ഇ മിഡ് കാപ് ഇന്‍ഡക്‌സ് 248 പോയിന്റും സമോള്‍ കാപ് ഇന്‍ഡക്‌സ് 252 പോയിന്റും ഇടിഞ്ഞു. ഡല്‍ഹി നിയമസഭ തിരഞ്ഞടുപ്പ് ഫലം സൂചികയില്‍ ചെറിയ തോതിലുള്ള ചാഞ്ചാട്ടങ്ങള്‍ക്ക് ഇടയാക്കാം.
വിദേശ ഫണ്ടുകള്‍ മൊത്തം 1102 കോടി രൂപയുടെ ഓഹരികള്‍ പിന്നിട്ടവാരത്തില്‍ വിറ്റുമാറി. മുന്‍ നിരയിലെ 30 ഓഹരികളില്‍ 21 എണ്ണത്തിന്റെയും നിരക്ക് കുറഞ്ഞു. ഇന്‍ഫോസീസ്, വിപ്രോ, റ്റി സി എസ് തുടങ്ങിയ ഐ റ്റി ഓഹരികള്‍ ശ്രദ്ധിക്കപ്പെട്ടു. അതേ സമയം ടാറ്റാ സ്റ്റീല്‍, എന്‍ റ്റി പി സി, ഹിന്‍ഡാല്‍ക്കോ, സ്‌റ്റെര്‍ലൈറ്റ്, എച്ച് ഡി എഫ് സി, ബി എച്ച് ഇ എല്‍, ടാറ്റാ പവര്‍, ഐ സി ഐ സി ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ് ബി ഐ, ഡോ. റെഡീസ്, ടാറ്റാ മോട്ടേഴ്‌സ്, എം ആന്‍ഡ് എം, ബജാജ് ഓട്ടോ എന്നിവയും തളര്‍ച്ചയിലാണ്.
നിഫ്റ്റി 8650-8834 റേഞ്ചില്‍ സഞ്ചരിച്ച ശേഷം വാരാന്ത്യം 8661 ല്‍ ക്ലോസ് ചെയ്തു. ഈ വാരം 8596-8531 ല്‍ താങ്ങും മുന്നേറാന്‍ ശ്രമിച്ചാല്‍ 8780-8899 ല്‍ പ്രതിരോധവുമുണ്ട്.
ബോംബെ സെന്‍സെക്‌സ് 29,143 പോയിന്റില്‍ നിന്ന് 29,260 വരെ കയറിയ വേളയില്‍ വില്‍പ്പനക്കാര്‍ വിപണിയില്‍ പിടിമുറുക്കി. ഇതോടെ സൂചിക 28,647 ലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം സൂചിക 28,717 പോയിന്റിലാണ്.
ഇടപാടുകളുടെ വ്യാപ്തിയില്‍ ബി എസ് ഇ യിലും എന്‍ എസ് ഇ യിലും ഉണര്‍വ് ദൃശ്യമായി. ബി എസ് ഇ യില്‍ 20,048 കോടി രൂപയുടെയും എന്‍ എസ് ഇ യില്‍ 1,00,170 കോടി രൂപയുടെയും വ്യാപാരം നടന്നു. തൊട്ട് മുന്‍വാരം ഇത് 15,646 കോടിയും 93,969 കോടി രൂപയായിരുന്നു.
വാരത്തിന്റെ തുടക്കത്തില്‍ റിസര്‍വ് ബേങ്ക് പലിശ നിരക്ക് സ്‌റ്റെഡിയായി തുടരാന്‍ തീരുമാനിച്ചു. യൂറോപ്യന്‍ കേന്ദ്ര ബേങ്ക് ഗ്രീക്കിന്റെ കടപത്രം ശേഖരിക്കുന്നത് നിര്‍ത്താന്‍ തീരുമാനിച്ചത് യുറോപ്യന്‍ വിപണില്‍ പരിഭ്രാന്തി പരത്തി.
ഈവാരം വ്യവസായിക മേഖലയില്‍ നിന്നുള്ള ഡിസംബറിലെ കണക്കുകള്‍ പുറത്തുവരും. ജനുവരിയിലെ നാണയപെരുപ്പ കണക്കുകളും ഈ വാരം റിലീസ് ചെയും.
ഫോറെക്‌സ് മാര്‍ക്കറ്റില്‍ ഡോളറിനു മുന്നില്‍ രൂപയുടെ മൂല്യം 17 പൈസ മെച്ചപ്പെട്ട് 61.69 ലാണ്. വിദേശ നാണയ കരുതല്‍ ശേഖരം 5.84 ബില്യന്‍ ഡോളര്‍ ഉയര്‍ന്ന് 327.88 ബില്യന്‍ ഡോളറിലെത്തി. വിപണി ഉറ്റുനോക്കുന്നത് മാസാവസാനത്തിലെ ബജറ്റ് സമ്മേളനത്തെയാണ്.
യു എസ് ഡോളര്‍ ഇന്‍ഡക്‌സ് 94.84 ലാണ്. ക്രൂഡ് ഓയില്‍ വീപ്പ്ക്ക് 52 ഡോളറിലും. ലണ്ടനില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 60 ഡോളര്‍ ഇടിഞ്ഞു. വാരാരംഭത്തില്‍ 1,294 ഡോളറില്‍ നീങ്ങിയ സ്വര്‍ണം 1,234 ഡോളറായി.

Latest