കുരുമുളകിന് ഡിമാന്‍ഡ് ഉയര്‍ന്നു; സ്വര്‍ണ വിലയില്‍ ഇടിവ്

Posted on: February 8, 2015 11:24 pm | Last updated: February 8, 2015 at 11:24 pm

marketകൊച്ചി: വിദേശ റബ്ബര്‍ ഇറക്കുമതി ഡ്യൂട്ടി വര്‍ധിപ്പിക്കുമെന്ന സൂചന മുന്‍നിര്‍ത്തി ടയര്‍ വ്യവസായികള്‍ റബ്ബറില്‍ പിടിമുറുക്കി. കുരുമുളകിനു ആഭ്യന്തര ഡിമാന്‍ഡ് ഉയര്‍ന്നു. നാളികേരോത്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല. സംസ്ഥാനത്ത് പവന് 640 രൂപ ഇടിഞ്ഞു.
വിദേശ റബ്ബര്‍ ഇറക്കുമതി ഡ്യൂട്ടി ഉയര്‍ത്തുമെന്ന സൂചന ആഭ്യന്തര വിപണിയെ വാരാവസാനം സജീവമാക്കി. വാരത്തിന്റെ ആദ്യ പകുതി രംഗത്തുനിന്ന് വിട്ടുനിന്ന ടയര്‍ ലോബി രണ്ടാം പകുതിയില്‍ വില ഉയര്‍ത്തി ഷീറ്റ് വാങ്ങാന്‍ വിപണിയില്‍ ഇറങ്ങി. കാലാവസ്ഥയിലെ മാറ്റം മൂലം പല ഭാഗങ്ങളിലും റബ്ബര്‍ ടാപ്പിംഗ് മന്ദഗതിയിലാണ്. ഇത്മൂലം മുഖ്യ വിപണികളിലേക്കുള്ള റബ്ബര്‍ വരവിലും കുറവുണ്ടായി. ആര്‍ എസ് എസ് നാലാം ഗ്രേഡ് റബ്ബറിന് 1,400 രൂപ വര്‍ധിച്ച് വാരാന്ത്യം 13,100 കോട്ടയത്ത്. പൊടുന്നനെയുണ്ടായ വിലക്കയറ്റം കണ്ട് ഒരു വിഭാഗം സ്‌റ്റോക്കിസ്റ്റുകള്‍ രംഗത്തുനിന്ന് അകന്ന് വിലക്കയറ്റത്തിന്റെ വേഗത ഇരട്ടിപ്പിക്കാന്‍ ശ്രമം നടത്തി. കൊച്ചിയില്‍ നാലാം ഗ്രേഡ് 12,700 ലാണ്. അഞ്ചാം ഗ്രേഡ് 11,200 ലും ഒട്ടുപാലും ലാറ്റക്‌സും 7700ലും കൈമാറ്റം നടന്നു.
കുരുമുളക് ശേഖരിക്കാന്‍ ആഭ്യന്തര വ്യാപാരികള്‍ കാണിച്ച താത്പര്യം സീസണ്‍ ആരംഭത്തില്‍ ഉത്പന്ന വില ഉയര്‍ത്തി. പുതിയ കുരുമുളക് ക്വിന്റലിന് 59,000 രൂപയില്‍ നിന്ന് 61,000 ലേക്ക് കയറി. കാര്‍ഷിക മേഖലകളില്‍ നിന്നുള്ള ചരക്കു വരവ് ഇനിയും ശക്തിയാര്‍ജിച്ചിട്ടില്ല. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 61,000 രൂപയില്‍ നിന്ന് 62,500 രൂപയായി. ഗാര്‍ബിള്‍ഡ് കുരുമുളക് 64,000 രൂപയില്‍ നിന്ന് 65,500 രൂപയായി. അടുത്ത രണ്ടാഴ്ചകളില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പുതിയ ചരക്ക് വരവ് ഉയരുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. ഇന്ത്യന്‍ കുരുമുളകിനു ആഗോള വിപണിയില്‍ നിന്ന് അന്വേഷണങ്ങളില്ല. മലബാര്‍ മുളക് വില ഇതര ഉത്പാദക രാജ്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നതലത്തിലാണ്.
സംസ്ഥാനത്ത് നാളികേര വിളെവടുപ്പ് തുടങ്ങിയെങ്കിലും വിപണികളിലേക്കുള്ള തേങ്ങ വരവ് കുറവാണ്. പ്രാദേശിക വിപണികളില്‍ വെളിച്ചെണ്ണക്ക് മാസാരംഭം ആവശ്യം നിലനിന്നെങ്കിലും ഇത് നിരക്ക് വര്‍ധിക്കാനുള്ള സാഹചര്യം ഒരുക്കിയില്ല. ഇറക്കുമതി വെളിച്ചെണ്ണ വരവ് കണ്ട് ഒരു വിഭാഗം മില്ലുകാര്‍ സ്‌റ്റോക്ക് വിറ്റഴിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ കൊച്ചിയില്‍ 13,900 ലും കോഴിക്കോട് 15,000 ലും സ്‌റ്റെഡിയാണ്. തമിഴ്‌നാട്ടില്‍ വെളിച്ചെണ്ണ 13,150 ലും കൊപ്ര 10,000 രൂപയിലുമാണ്. അവിടെ കൊപ്ര ക്ഷാമം തുടരുകയാണ്. കൊച്ചിയില്‍ കൊപ്ര 9335-9900 രൂപയിലാണ്.
ഉത്തരേന്ത്യന്‍ ഡിമാന്‍ഡ് ചുരുങ്ങിയതിനിടയില്‍ ടെര്‍മിനല്‍ വിപണിയില്‍ ചുക്ക് വരവ് ഉയര്‍ന്നത് വിലയെ ബാധിച്ചു. ചുക്കിന് വിദേശ ഓര്‍ഡറുമില്ല. മീഡിയം ചുക്ക് 19,000 രൂപയിലും ബെസ്റ്റ് ചുക്ക് 21,000 രൂപയിലും ക്ലോസിംഗ് നടന്നു. ഉത്തരേന്ത്യക്കാര്‍ ജാതിക്കയും ജാതിപത്രിയും ശേഖരിച്ചത് നേട്ടമായി. വിപണിയിലേക്കുള്ള ചരക്ക് വരവ് കുറവാണ്. ജാതിക്ക തൊണ്ടന്‍ 300-320, തൊണ്ടില്ലാത്തത് 520-550, ജാതിപത്രി 800-900 രൂപയിലുമാണ്.
കേരളത്തില്‍ പവന് 640 രൂപ ഇടിഞ്ഞു. ആഭരണ വിപണികളില്‍ പവന്റെ നിരക്ക് 21,120 രൂപയില്‍ നിന്ന് 20,480 രൂപയായി. ഒരു ്രഗാമിന്റെ വില 2,640 രൂപയില്‍ നിന്ന് 2,560 രൂപയായി. ലണ്ടനില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിനു 1294 ഡോളറില്‍ നിന്ന് 1234 ഡോളറായി.