Connect with us

National

രാജിവെക്കില്ലെന്ന് മാഞ്ചി; നിതീഷ് കുമാര്‍ ഗവര്‍ണറെ കാണും

Published

|

Last Updated

ന്യൂഡല്‍ഹി/ പാറ്റ്‌ന: മുഖ്യമന്ത്രി സ്ഥാനം രാജിവവെക്കില്ലെന്ന് ആവര്‍ത്തിച്ച് ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുനൈറ്റഡിലെ വിമത നേതാവുമായ ജിതന്‍ റാം മാഞ്ചി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനം രാജിവെക്കില്ലെന്ന് മാഞ്ചി ആവര്‍ത്തിച്ചത്. നരേന്ദ്ര മോദിയുമായി മാഞ്ചി നാല്‍പ്പത് മിനുട്ട് കൂടിക്കാഴ്ച നടത്തി. എന്നാല്‍, മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് മാഞ്ചി പറഞ്ഞത്.
അതേസമയം, ഗവര്‍ണറെ കണ്ട് സര്‍ക്കാറുണ്ടാക്കാനുള്ള അവകാശവാദം നിതീഷ് കുമാര്‍ ഇന്ന് ഉന്നയിക്കും. കോണ്‍ഗ്രസിന്റെയും ആര്‍ ജെ ഡിയുടെയും പിന്തുണ ഉണ്ടെന്ന കത്ത് നിതീഷ് കുമാര്‍ രാജ്ഭവന് കൈമാറിയിട്ടുണ്ട്. ജെ ഡി യു സംസ്ഥാന പ്രസിഡന്റ്, ആര്‍ ജെ ഡി, കോണ്‍ഗ്രസ്, സി പി ഐ നേതാക്കള്‍ സ്വതന്ത്ര എം എല്‍ എമാര്‍ എന്നിവരും നിതീഷ് കുമാറിനൊപ്പം ഗവര്‍ണറെ കാണും. 130 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്നാണ് നിതീഷ് കുമാര്‍ അവകാശപ്പെടുന്നത്.
ഭരണകക്ഷിയായ ജനതാദള്‍ യുനൈറ്റഡിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് മന്ത്രിസഭ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി ശിപാര്‍ശ നല്‍കിയിരുന്നു. അടിയന്തര കാബിനറ്റ് യോഗം ചേര്‍ന്നാണ് ഭൂരിപക്ഷം മന്ത്രിമാരുടെയും എതിര്‍പ്പുകള്‍ അവഗണിച്ച് മന്ത്രിസഭ പിരിച്ചുവിടാന്‍ മാഞ്ചി ശിപാര്‍ശ ചെയ്തത്. ഇതിന് പിന്നാലെ മാഞ്ചിയെ പാര്‍ട്ടിയില്‍ പുറത്താക്കുകയും നിയമസഭാകക്ഷി നേതാവായി ബീഹാര്‍ മുന്‍ മുഖ്യനന്ത്രി നിതീഷ് കുമാറിനെ തിരഞ്ഞെടുക്കുകയുമായിരുന്നു.
മാഞ്ചിയുടെ ശിപാര്‍ശ ബീഹാറിന്റെ അധികച്ചുമതലയുള്ള പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയുടെ പരിഗണനയിണ്. ഗവര്‍ണര്‍ ഇന്ന് സംസ്ഥാനത്തെത്തും.