Connect with us

Gulf

ഇനി ആളില്ലാ പേടകങ്ങളുടെ കാലം

Published

|

Last Updated

യു എ ഇയില്‍ ആളില്ലാപേടകങ്ങള്‍ (ഡ്രോണ്‍) സാമൂഹിക ജീവിതത്തിന്റെ ഭാഗമാവാന്‍ പോവുകയാണ്. നിങ്ങളുടെ വീട്ടുപടിക്കല്‍ ഭക്ഷണ സാധനവുമായോ ഔഷധവുമായോ മറ്റോ അവ പറന്നെത്താം. അപകടത്തില്‍പ്പെടുമ്പോള്‍ രക്ഷകനായി ആകാശത്ത് നിന്ന് ഒരു പിടിവള്ളി താഴ്ത്തി തന്നേക്കാം. കുറ്റകൃത്യം നടക്കുമ്പോള്‍ അവ പകര്‍ത്തി പോലീസിന് തത്സമയം എത്തിച്ചേക്കാം. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി പോലീസ് കണ്‍ട്രോള്‍ റൂമിനെ അറിയിച്ചേക്കാം. അങ്ങിനെ, ആകാശത്ത് സേവന സന്നദ്ധമായി എപ്പോഴും നൂറുകണക്കിന് ആളില്ലാ പേടകങ്ങള്‍. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിഭാവനം ചെയ്തതാണിത്.

കഴിഞ്ഞ വര്‍ഷം ഗവണ്‍മെന്റ് ഉച്ചകോടിയിലാണ് ശൈഖ് മുഹമ്മദ് പ്രഖ്യാപനം നടത്തിയത്. മാത്രമല്ല, മികച്ച പേടകങ്ങള്‍ ലഭ്യമാകാന്‍ രാജ്യാന്തര മത്സരവും ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് രൂപകല്‍പനകളാണ് ലഭ്യമായത്. അതില്‍ 39 പേടകങ്ങള്‍ ഫൈനലിലെത്തി. രാജ്യാന്തര തലത്തില്‍ മികച്ച പേടകത്തിന് 10 ലക്ഷം ഡോളറാണ് സമ്മാനം. ദേശീയ തലത്തില്‍ മികച്ച പേടകത്തിനും പത്തു ലക്ഷം ഡോളര്‍ സമ്മാനമുണ്ട്. സിംഗപ്പൂരിലെ നാഷനല്‍ യൂണിവേഴ്‌സിറ്റി, ഉല്‍പന്നങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന പേടകം തയ്യാറാക്കി. വര്‍ഷം നൂറുകോടി തൈകള്‍ നട്ടുപിടിപ്പിക്കുന്ന പേടകവുമായി ബയോ കാര്‍ബണ്‍ എഞ്ചിനീയറിംഗ്, ഉയര്‍ന്ന കെട്ടിടങ്ങളില്‍ ശുചീകരണം നടത്താന്‍ വിന്‍ഡോ ക്ലീനിംഗ് ഡ്രോണ്‍സ്, കടലില്‍ രക്ഷാ പ്രവര്‍ത്തനം നടത്താന്‍ ന്യൂസിലാന്റിലെ കോസ്റ്റ്ഗാര്‍ഡ്.
യു എ ഇയിലെ ഖലീഫാ യൂണിവേഴ്‌സിറ്റി നിരവധി പേടകങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. ഗീതാ ത്യാഗരാജന്‍, ദീപന്‍കുമാര്‍ തുടങ്ങിയ ഇന്ത്യക്കാരും മത്സരത്തിനായി പേടകങ്ങള്‍ വികസിപ്പിച്ചു.
അഞ്ചു സെന്റീ മീറ്റര്‍ മുതല്‍ അഞ്ച് മീറ്റര്‍ വരെ വ്യാസമുള്ള പേടകങ്ങളാണ് ഉപയോഗിക്കപ്പെടുക. ഒരു കൊച്ചു ഹെലിക്കോപ്റ്ററിന്റെ വലുപ്പം. എന്നാല്‍ ഒരു യന്ത്രമനുഷ്യന്റെ (റോബോട്ട്) ദൗത്യം കൂടി പേടകങ്ങള്‍ ഏറ്റെടുക്കുകയാണ്. എന്നും പുതുമയെ പുല്‍കിയ യു എ ഇയെ സംബന്ധിച്ചിടത്തോളം വികസന കാഴ്ചപ്പാടിലെ പുതിയൊരു അധ്യായമാണ്. “ജനങ്ങളെ സേവിക്കാന്‍ വേണ്ടിയാണ് പദ്ധതി. ജനങ്ങള്‍ ഭരണകൂടത്തെ സമീപിക്കുന്നതിനു മുമ്പ് ആവശ്യം കണ്ടറിഞ്ഞ് പദ്ധതികള്‍ ജനങ്ങളുടെ അടുത്തെത്തണം. സമയം ലാഭിക്കണം. ദൂരം കുറയണം. കാര്യശേഷി വര്‍ധിപ്പിക്കണം. സേവനങ്ങള്‍ സുതാര്യമാകണം. അതിന് മികച്ച ഉപാധിയാണ് ആളില്ലാ പേടകങ്ങള്‍”- ശൈഖ് മുഹമ്മദ് പറഞ്ഞു.
ഹെയ്ത്തിയില്‍ കണ്ടല്‍ കാടുകളുടെ വിവരശേഖരണത്തിന് ആളില്ലാ പേടകമാണ് ഉപയോഗിക്കുന്നത്. വെള്ളത്തില്‍ ഇറങ്ങാനും ഉയര്‍ന്നു പറക്കാനും ഇതിന് കെല്‍പുണ്ട്. ഭൂട്ടാനില്‍ പര്‍വത പ്രദേശങ്ങളില്‍ ചികിത്സാ സാമഗ്രികളുമായി എത്തുന്ന പേടകങ്ങളുണ്ട്. ഇത്തരത്തില്‍ ഗള്‍ഫ് മേഖലയില്‍ പേടകങ്ങളുടെ സാധ്യതകള്‍ അപാരമാണ്.
ജി പി എസ്, ഡിജിറ്റല്‍ ക്യാമറ, വൈഫൈ തുടങ്ങിയ സാങ്കേതിക വിദ്യകളുടെ വികാസ പരിണാമങ്ങള്‍ പോലെ ആളില്ലാ പേടകങ്ങളും സമൂഹത്തില്‍ നിത്യ ജീവിതത്തിന്റെ ഭാഗമാകുമെന്നാണ് കരുതുന്നത്. ടെലിവിഷന്‍ ചാനലുകള്‍ക്ക് തത്സമയ സംപ്രേഷണത്തിന് പേടകങ്ങളുടെ സഹായമുണ്ടാകും. ഭീകരവാദികളെ കീഴടക്കാന്‍ പോലീസിന് ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവരില്ല.
പത്തു വര്‍ഷത്തിനകം ചിന്തിക്കുന്ന പേടകങ്ങള്‍ സാധ്യമാകുമെന്ന് ഈ രംഗത്തെ ഗവേഷകനായ പീറ്റര്‍ ഡിയാമണ്ടിസ് ചൂണ്ടിക്കാട്ടുന്നു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പേടകങ്ങളും സമീപ ഭാവിയില്‍ സാധ്യമാകുമെന്നും പീറ്റര്‍ ഡിയാമണ്ടിസ്.
അതേ സമയം പേടകങ്ങളുടെ ദുരുപയോഗവും കരുതിയിരിക്കേണ്ടതുണ്ട്. വിദൂരത്തിരുന്ന് ആക്രമണം സംഘടിപ്പിക്കാനും മനുഷ്യന്റെ സ്വകാര്യതയിലേക്ക് കടന്നു ചെല്ലാനും പേടകങ്ങള്‍ക്കു കഴിയും. ഈയിടെ, ചില സാമൂഹിക ദ്രോഹികള്‍ ദുബൈ വിമാനത്താവളത്തിനു സമീപത്തെ വ്യോമഗതാഗതം തടസപ്പെടുത്തിയിരുന്നു. അത് കൊണ്ടുതന്നെ, പേടകങ്ങള്‍ പറത്തുന്നതിന് ഭരണകൂടം കര്‍ശന ഉപാധികള്‍ അവലംബിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പേടകങ്ങള്‍ സംവിധാനം ചെയ്യപ്പെടുന്നുണ്ട്. ദുബൈ ഭരണകൂടം ഏര്‍പ്പെടുത്തിയ മത്സരത്തിന് 800 രൂപകല്‍പനകളാണ് ലഭിച്ചത്. യു എ ഇയില്‍ നിന്നുമാത്രം 154 അപേക്ഷകളുണ്ടായി.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest