Connect with us

Gulf

ഇനോകിന് പിന്നാലെ അഡ്‌നോകും ഡീസല്‍ വില കുറച്ചു

Published

|

Last Updated

ഷാര്‍ജ: ഇനോകിന് പിന്നാലെ അബുദാബി നാഷനല്‍ ഓയല്‍ കമ്പനി(അഡ്‌നോക്)യും ഡീസല്‍ വിലയില്‍ ലിറ്ററിന് 15 ഫില്‍സിന്റെ കുറവ് വരുത്തി. വടക്കന്‍ എമിറേറ്റുകളായ ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് വിലക്കുറവിന്റെ ആനുകൂല്യം ലഭിക്കുക. ഇന്നു മുതല്‍ വിലക്കുറവ് പ്രാബല്യത്തില്‍ വരുമെന്ന് അഡ്‌നോക് മാര്‍ക്കറ്റിംഗ് ആന്‍ഡ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് ഖാലിദ് ഹാദി വ്യക്തമാക്കി.

ആഗോളതലത്തില്‍ ഡീസലിനുണ്ടായ വിലക്കുറവാണ് ഇത്തരം ഒരു നടപടി സ്വീകരിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. ഇതുവരെ മൂന്നു ദിര്‍ഹവും അഞ്ചു ഫില്‍സുമായിരുന്നു ഒരു ലിറ്റര്‍ ഡീസലിനെങ്കില്‍ ഇന്നു മുതല്‍ 15 ഫില്‍സ് കുറഞ്ഞ് 2.90 ദിര്‍ഹത്തിന് വടക്കന്‍ എമിറേറ്റുകളില്‍ ഡീസല്‍ ലഭ്യമാവും. ഉപഭോക്താക്കളുടെ താല്‍പര്യം പരിഗണിച്ചാണ് കമ്പനി വിലയില്‍ കുറവ് വരുത്തുന്നതെന്നും ആഗോള രംഗത്തുണ്ടായ എണ്ണ വിലയിടിവിന്റെ ആനുകൂല്യം അഡ്‌നോക്കിന്റെ ഉപഭോക്താക്കള്‍ക്കും ഈ നടപടിയിലൂടെ ലഭ്യമാവുമെന്നും ഖാലിദ് ഹാദി പറഞ്ഞു. ഡീസല്‍ വിലയില്‍ 6.4 ശതമാനത്തിന്റെ കുറവാണ് ഇനോക്(എമിറേറ്റ്‌സ് നാഷനല്‍ ഓയല്‍ കമ്പനി) കഴിഞ്ഞ ദിവസം വരുത്തിയത്. ഇന്ന് പുലര്‍ച്ചെ 12 മുതല്‍ പുതിയ നിരക്ക് നിലവില്‍ വരുമെന്ന് ഇനോക് റീട്ടൈല്‍ എം ഡി ബുര്‍ഹാന്‍ അല്‍ ഹാഷിമി വ്യക്തമാക്കിയിരുന്നു. ഇതോടെ ഇനോക്/എപ്‌കോ സര്‍വീസ് സ്‌റ്റേഷനുകളില്‍ ഡീസലിന് ലിറ്ററിന് 2.90 ദിര്‍ഹം നല്‍കിയാല്‍ മതിയാവും.
ആഗോള വിപണിയില്‍ ക്രൂഡ് ഓയല്‍ വിലയില്‍ സംഭവിച്ച ഇടിവാണ് വിലയില്‍ കുറവ് വരുത്താന്‍ പ്രേരണയായതെന്ന് അല്‍ ഹാഷിമി പറഞ്ഞിരുന്നു. രാജ്യത്തെ രണ്ട് പ്രമുഖ ഉപഭോക്താക്കളും ഒരേ പോലെയാണ് വിലയില്‍ കുറവ് വരുത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇവര്‍ക്കിടയിലെ മത്സരത്തില്‍ ഒട്ടും മാറ്റമുണ്ടാവില്ലെന്ന് ഇത് വ്യക്തമാക്കുന്നു.