Connect with us

Gulf

മാതാപിതാക്കള്‍ അവഗണിച്ച നാലു കുട്ടികളെ പോലീസ് രക്ഷിച്ചു

Published

|

Last Updated

ദുബൈ: മൂന്നിനും പത്തിനും ഇടയില്‍ പ്രായമുള്ള നാലു അറബ് കുട്ടികളെ ദുബൈ പോലീസ് രക്ഷിച്ചു. ദുബൈ പോലീസിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് വിഭാഗമാണ് മാതാപിതാക്കളാല്‍ അവഗണിക്കപ്പെട്ട കുട്ടികള്‍ക്ക് രക്ഷയായത്. കുട്ടികളെ തെരുവില്‍ നിന്നാണ് കണ്ടെത്തിയതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് അല്‍ മുര്‍ വെളിപ്പെടുത്തി. വൃത്തിഹീനമായ വസ്ത്രം ധരിച്ച് പാദരക്ഷപോലുമില്ലാതെ ദയനീയാവസ്ഥയില്‍ നാലു കുട്ടികളെ ദീര്‍ഘനേരമായി തെരുവില്‍ കാണുന്നതായി ഒരാള്‍ പോലീസിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

കുട്ടികള്‍ അപകടത്തില്‍പെടാന്‍ സാധ്യതയുള്ളതായും വിവരം അറിയിച്ച ആള്‍ ആശങ്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ദുബൈ പോലീസ് കുട്ടികളുടെ സംരക്ഷണത്തിനായുള്ള വിഭാഗത്തിലെ ഒരു സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചതും കുട്ടികളെ തെരുവില്‍ നിന്നു രക്ഷിച്ചതും. ഇതിന് സമീപത്തുള്ള ഇവരുടെ ഫഌറ്റില്‍ പരിശോധന നടത്തിയപ്പോള്‍ ആ വീടും പരിസരവും തീരെ ശുചിത്വമില്ലാത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായി. സാധനങ്ങള്‍ വാരിവലിച്ചിട്ട രീതിയിലായിരുന്നുവെന്നതിന് പുറമെ കൂറ ഉള്‍പെടെയുള്ള പ്രാണികളെയും അവിടെ കണ്ടെത്തിയിരുന്നു.
അറബ് വംശജരായ കുട്ടികളെയാണ് കണ്ടെടുത്തതെന്നും ഇവരില്‍ ഇളയ കുട്ടിക്ക് മൂന്നു വയസു മാത്രമേ പ്രായമുള്ളൂവെന്നും വിമണ്‍ ആന്‍ഡ് ചില്‍ഡ്രണ്‍ പ്രൊട്ടക്ഷന്‍ നജി അല്‍ ഔലാക്കി വ്യക്തമാക്കി. കുട്ടികളുടെ പിതാവിന് 60 വയസിന് മുകളില്‍ പ്രായമുണ്ടെന്നും ഇയാള്‍ രോഗിയാണെന്നും അല്‍ ഔലാക്കി വെളിപ്പെടുത്തി.
കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ വേലക്കാരിയെ വെക്കാന്‍ ഭര്‍ത്താവിന് സാധ്യമാവാത്തതാണ് വീട് വൃത്തിഹീനമായി കിടക്കാന്‍ ഇടയാക്കിയതെന്ന് കുട്ടികളുടെ മാതാവ് വ്യക്തമാക്കി. കുട്ടികളെ നോക്കാന്‍ പ്രേരിപ്പിച്ചെങ്കിലും മാതാവ് അതിന് തയ്യാറാവാത്തതിനാല്‍ ഇവര്‍ക്കെതിരെ കുട്ടികളെ അപകടാവസ്ഥയില്‍ ഉപേക്ഷിച്ചതിന് പോലീസ് കേസെടുത്തിട്ടുണ്ട്.

Latest