Connect with us

Gulf

സ്വര്‍ണാഭരണങ്ങള്‍ക്ക് ഇളവു വരുന്നു

Published

|

Last Updated

ദുബൈ: വിദേശത്തുനിന്ന് നാട്ടിലേക്ക് ആഭരണങ്ങളണിഞ്ഞ് എത്തുന്ന സ്ത്രീകള്‍ കസ്റ്റംസ് നികുതി അടക്കേണ്ടിവരുന്ന പ്രശ്‌നത്തിന് പരിഹാരമാകുന്നു. മാല, വള എന്നിവയണിഞ്ഞ് എത്തുന്ന സ്ത്രീകളെ ചോദ്യം ചെയ്യേണ്ടെന്ന നിലപാടിലാണ് നാട്ടിലെ കസ്റ്റംസ്.
വിദേശ പാസ്‌പോര്‍ട്ടുള്ള യാത്രക്കാര്‍ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് ഇന്ത്യയില്‍ എത്തുന്നതിന് യാതൊരു നിയന്ത്രണവും പിഴയും ഈടാക്കരുതെന്ന് കേരള ഹൈക്കോടതി വിധിച്ചത് മലയാളികളടക്കമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ നടപടി. കഴിഞ്ഞ ഫെബ്രുവരി 22 ന് ശ്രീലങ്കന്‍ പൗരന്‍ വിഘ്‌നേശ്വരന്‍ സേതുരാമന്‍ പത്ത് പവന്റെ സ്വര്‍ണമാല അണിഞ്ഞ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ 5000 രൂപ പിഴ ഈടാക്കി സ്വര്‍ണമാല പിടിച്ചെടുത്തതിനെ ചോദ്യംചെയ്ത് അദ്ദേഹം നല്‍കിയ ഹര്‍ജിയിലാണ് വിധി. ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്ക് മാത്രമാണ് ഇന്ത്യയിലേക്ക് വരുമ്പോള്‍ സ്വര്‍ണത്തിനും സ്വര്‍ണാഭരണങ്ങള്‍ക്കും നിയന്ത്രണം ബാധകമാവൂവെന്ന് ഹൈക്കോടതി പറഞ്ഞു. അതും വന്‍തോതില്‍ സ്വര്‍ണമണിഞ്ഞെത്തുന്നവര്‍ക്കുമാത്രം.
വിദേശികള്‍ക്ക് ഒരു ഗ്രാം സ്വര്‍ണം പോലും നികുതി അടയ്ക്കാതെ കൊണ്ടുവരാന്‍ പറ്റുകയില്ലെന്നും നിശ്ചിത അളവില്‍ 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് വരാമെങ്കിലും 24 കാരറ്റ് ഒരു കാരണവശാലും അനുവദിക്കാന്‍ സാധിക്കുകയില്ലെന്നും കസ്റ്റംസ് ഉന്നയിച്ച വാദം ഹൈക്കോടതി തള്ളിക്കളഞ്ഞു. വിദേശികള്‍ നിയന്ത്രണമില്ലാതെ ഇന്ത്യയിലേക്ക് സ്വര്‍ണവും സ്വര്‍ണാഭരണങ്ങളും കൊണ്ടുവരാന്‍ അനുവദിക്കുന്നത് സ്വര്‍ണ കള്ളക്കടത്താണെന്ന കസ്റ്റംസ് വാദവും ഹൈക്കോടതി അംഗീകരിച്ചില്ല. ഇന്ത്യന്‍ കസ്റ്റംസ് ചട്ടങ്ങളില്‍ സ്വര്‍ണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടിയിരിക്കുന്നുവെന്ന് ഹൈക്കോടതി വിലയിരുത്തി.”

Latest