കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിയുടെ വിമര്‍ശം

Posted on: February 8, 2015 2:46 pm | Last updated: February 9, 2015 at 4:04 am

Nithi Ayog 2ന്യൂഡല്‍ഹി: ആസൂത്രണ കമ്മീഷന് പകരമായി കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ നിതി ആയോഗിന്റെ ആദ്യ യോഗത്തില്‍ തന്നെ പ്രതിഷേധവുമായി കേരളം. കേന്ദ്ര നികുതി, സഹായം എന്നിവയില്‍ നിലനില്‍ക്കുന്ന അവ്യക്തത സംസ്ഥാന ബജറ്റിനെ പോലും ബാധിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. ഫെബ്രുവരി എട്ടിന്റെ യോഗ വിവരം അഞ്ചാം തീയതി മാത്രം അറിയിച്ചതിലുള്ള പ്രതിഷേധം ഏഴ് പേജുള്ള പ്രസംഗത്തിലെ ആമുഖത്തില്‍ തന്നെ മുഖ്യമന്ത്രി അറിയിച്ചു. ഇനിയുള്ള യോഗങ്ങളുടെ അജന്‍ഡ മൂന്നാഴ്ച മുമ്പെങ്കിലും നല്‍കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി, വൈകി ലഭിച്ച അജന്‍ഡ ആയതിനാല്‍ ഓരോ കാര്യങ്ങളിലുമുള്ള സംസ്ഥാനത്തിന്റെ നിലപാട് അറിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പിന്നീട് ഇത് നല്‍കാമെന്നും അറിയിച്ചു.
യോഗം ധൃതികൂട്ടി വിളിച്ചതിനാല്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ തയ്യാറാക്കുന്നതിന് വേണ്ടത്ര സമയം ലഭിച്ചില്ല. പതിനാലാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശകള്‍ സംബന്ധിച്ച വിവരങ്ങളൊന്നും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. അതിനാല്‍ 2015-16 വര്‍ഷത്തെ സംസ്ഥാന ബജറ്റ് തയ്യാറാക്കാന്‍ കഴിയുന്നില്ല. കേന്ദ്ര നടപടികള്‍ സംസ്ഥാന ബജറ്റിന്റെ താളം തെറ്റിക്കും. അതിനാല്‍ കേന്ദ്ര സഹായവും കേന്ദ്ര നികുതി വിഹിതം സംബന്ധിച്ചും ഉടന്‍ വ്യക്തത വരുത്തണം. എല്ലാവര്‍ക്കും ബേങ്ക് അക്കൗണ്ട് ഉറപ്പ് വരുത്തുന്ന ജന്‍ധന്‍ യോജന, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആവിഷ്‌കരിച്ച ബേഠി ബചാവോ എന്നീ പദ്ധതികള്‍ കേരളത്തിന് ആവശ്യമില്ല. ഈ രംഗത്ത് കേരളം നേരത്തെ തന്നെ വിവിധ പദ്ധതികള്‍ നടപ്പാക്കിയതാണ്. ആശ്രയ, കുടുംബശ്രീ, ആയുര്‍വേദം, സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍, അംഗപരിമിതര്‍ക്കുള്ള പദ്ധതികള്‍ തുടങ്ങി കേരളം നടപ്പാക്കി വിജയിച്ച പദ്ധതികള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തിന് കൂടുതല്‍ അധികാരം നല്‍കണം. സംസ്ഥാനങ്ങളിലെ സാഹചര്യവും ആവശ്യകതയും മനസ്സിലാക്കി വേണം പദ്ധതികള്‍ നടപ്പാക്കേണ്ടത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതിനും പ്രായമായവര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കാനും കേന്ദ്ര സഹായം അനുവദിക്കണം. ആരോഗ്യരംഗത്ത് കേരളം ലക്ഷ്യമിടുന്ന സമഗ്ര ആരോഗ്യ പദ്ധതിക്കും കേന്ദ്ര സഹായം നല്‍കണം.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന മേക്ക് ഇന്‍ ഇന്ത്യ, സ്മാര്‍ട് സിറ്റി പദ്ധതികള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.