Connect with us

National

രാജ്യത്തിന്റെ വളര്‍ച്ചക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കണം: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി ഒരേ പദ്ധതി എന്നതില്‍ നിന്നും വിഭിന്നമായി സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്ന് നീതി ആയോഗ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിമാരോട് ആഹ്വാനം ചെയ്തു. പരസ്പരമുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് വളര്‍ച്ചയിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിലും സമ്പല്‍ സമൃദ്ധിയിലും നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം.
സമയബന്ധിതമായി തീരുമാനങ്ങളെടുക്കുന്നത് പദ്ധതികളുടെ നടത്തിപ്പിന് നിര്‍ണായകമാണ്. പദ്ധതികളുടെ നടത്തിപ്പില്‍ കാലതാമസമുണ്ടാക്കുന്ന കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം.സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ള വിവിധ പദ്ധതികളുടെ മെല്ലെപ്പോക്കിന് കാരണങ്ങള്‍ കണ്ടെത്തി പദ്ധതിനടത്തിപ്പില്‍ മുഖ്യമന്ത്രിമാര്‍ തന്നെ പ്രത്യേകം താല്‍പര്യമെടുക്കണം. വിവിധ സംസ്ഥാനങ്ങളിലെ പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനും തീരുമാനമാകാതെ കിടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി അവയ്ക്ക് മേല്‍നോട്ടം വഹിക്കാനുമായി ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കണം. നീതി ആയോഗിന്റെ ഭാഗമായി മുഖ്യമന്ത്രിമാരെ ഉള്‍പ്പെടുത്തി മൂന്നു ഉപ സംഘങ്ങള്‍ രൂപവത്കരിക്കും.
മൂന്നു നിര്‍ണായക മേഖലകളില്‍ തീരുമാനമെടുക്കുകയായിരിക്കും ഈ സംഘങ്ങളുടെ പ്രധാന ചുമതല. നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന 66 കേന്ദ്ര പദ്ധതികളെക്കുറിച്ച് വിലയിരുത്തല്‍ നടത്തുകയാണ് ഒരു സംഘത്തിന്റെ ചുമതല. ഇവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും ഏതൊക്കെ പദ്ധതികള്‍ തുടരണം, ഏതൊക്കെ ഒഴിവാക്കണം എന്നു തീരുമാനിക്കുക. മാനവവിഭവശേഷിയുമായി ബന്ധപ്പെട്ട ചുമതലകളാണ് രണ്ടാമത്തെ സംഘത്തിനുള്ളത്. മോദി ആരംഭം കുറിച്ച ക്ലീന്‍ ഇന്ത്യ കാംപെയിന്‍ തുടരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കുകയായിരിക്കും മൂന്നാം സംഘത്തിന്റെ ചുമതല. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ദാരിദ്രം തുടച്ചു നീക്കുകയെന്നതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദാരിദ്രം തുടച്ചു നീക്കുന്നതിനും കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കുന്നതിനുമായി രണ്ട് കാര്യനിര്‍വഹണ സംഘങ്ങള്‍ക്ക് രൂപം നല്‍കാനും മോദി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

Latest