Connect with us

Ongoing News

സൈക്ലിങ്ങില്‍ കേരളത്തിന് വെള്ളിയും വെങ്കലവും

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസിലെ സൈക്ലിംഗില്‍ കേരളം മെഡല്‍ നേട്ടം തുടരുന്നു. വനിതാ താരങ്ങളുടെ കരുത്തിലാണ് കേരളത്തിന്റെ മുന്നേറ്റം. വനിതകളുടെ 28 കിലോമീറ്റര്‍ വ്യക്തിഗത റോഡ് റേസ് ഫൈനലില്‍ കേരളത്തിന്റെ കൃഷ്‌ണേന്ദു ടി കൃഷ്ണ വെള്ളിയും ഇതേ വിഭാഗത്തില്‍ മഹിത മോഹന്‍ വെങ്കലവും നേടി. 00:48:07.961 എന്ന സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്തായിരുന്നു കൃഷ്‌ണേന്ദുവിന്റെ വെള്ളി നേട്ടം. കൃഷ്‌ണേന്ദുവിന് തൊട്ടു പിറകില്‍ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഫിനിഷ് ചെയ്താണ് മഹിത വെങ്കലം കരസ്ഥമാക്കിയത്. 00:48:20.357 എന്ന സമയത്തിലാണ് മഹിത ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലും ഫിനിഷ് ചെയ്തത് കേരള വനിതകളാണ്. 00:49:29.097 മിനിറ്റില്‍ അഞ്ചാം സ്ഥാനത്തായി ഫിനിഷ് ചെയ്ത് പാര്‍വതി വനജകുമാരി ഗോപകുമാര്‍ മികവ് പുലര്‍ത്തി. കഴിഞ്ഞ ദിവസം സൈക്ലിംഗില്‍ വനിതകളുടെ 72 കി മീ റോഡ് മാസ് സ്റ്റാര്‍ട്ടില്‍ കേരളത്തിന്റെ വി രജനി സ്വര്‍ണവും ടി പി അഞ്ജിത വെങ്കലവും നേടിയിരുന്നു. എന്നാല്‍ പുരുഷന്മാരുടെ പ്രകടനം ഏറെ നിരാശാജനകമായിരുന്നു. പുരുഷന്മാരുടെ 126 കിലോമീറ്റര്‍ റോഡ് മാസ് സ്റ്റാര്‍ട്ടില്‍ കേരളത്തിനായിറങ്ങിയ ബസപ്പ മല്ലപ്പ നിരാശപ്പെടുത്തി. പന്ത്രണ്ടാമതായാണ് ബസപ്പ ഫിനിഷ് ചെയ്തത്. ഹരിയാനയുടെ പങ്കജ് കുമാര്‍ ഈയിനത്തില്‍ സ്വര്‍ണം നേടി. 3.22.04.471 മണിക്കൂറിലാണ് പങ്കജ് കുമാര്‍ ഫിനിഷിംഗ് ലൈന്‍ താണ്ടിയത്.

Latest