Connect with us

Palakkad

എസ് വൈ എസ് അറുപതാം വാര്‍ഷികം: ഹൈവേ മാര്‍ച്ചിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published

|

Last Updated

പാലക്കാട്: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന നേതാക്കള്‍ നയിക്കുന്ന ഹൈവേ മാര്‍ച്ച് 10ന് ജില്ലയിലെത്തും. രാവിലെ 11മണിക്ക് വടക്കഞ്ചേരിയിലും വൈകീട്ട് 4മണിക്ക് കോങ്ങാടും 7മണിക്ക് പട്ടാമ്പിയിലുമാണ് സ്വീകരണം.
ഫെബ്രുവരി ആറിന് തിരുവനന്തപുരത്ത് നിന്നാരംഭിച്ച ഹൈവേ മാര്‍ച്ചിന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ് മാന്‍ സഖാഫിയാണ് നേതൃത്വം നല്‍കുന്നത്. മാര്‍ച്ച് ഫെബ്രുവരി 15ന് കാസര്‍കോട് സമാപിക്കും. എസ് വൈ എസിന്റെ സന്നദ്ധ സേവന വിഭാഗമായ സ്വഫ് വയുടെ 60 അംഗങ്ങള്‍ സംസ്ഥാനനേതാക്കളോടൊപ്പം ഹൈവേമാര്‍ച്ചില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നുണ്ട്. ജില്ലയിലെ സ്വീകരണകേന്ദ്രങ്ങളായ വടക്കഞ്ചേരി, കോങ്ങാട്, പട്ടാമ്പി എന്നിവിടങ്ങളിലേക്ക് ജില്ലയിലെ സ്വഫ് വ അംഗങ്ങള്‍ കാല്‍നടജാഥയാണ് എത്തുക.
വടക്കഞ്ചേരിയില്‍ നടക്കുന്ന സ്വീകരണ സമ്മേളനം എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. വൈകീട്ട് കോങ്ങാട് ജില്ലാ സംയുക്തഖാസി എന്‍ അലി മുസ് ലിയാരും പട്ടാമ്പിയില്‍ സമസ്ത കേന്ദ്രമുശാവറ അംഗം കെ പി മുഹമ്മദ് മുസ് ലിയാര്‍ കൊമ്പവും ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹ്യ, സംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.
2014 ഏപ്രില്‍ 15ന് കല്‍പ്പറ്റയിലാണ് ഒരു വര്‍ഷം നീളുന്ന വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന പ്രമേയവുമായി ഫെബ്രുവരി 26, 27, 28, മാര്‍ച്ച് 1 തീയതികളില്‍ മലപ്പുറം കോട്ടക്കലിലാണ് സമാപനസമ്മേളനം. അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സാന്ത്വനം പദ്ധതികളടക്കം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍സംഘടിപ്പിച്ചു. ജൈവപച്ചക്കറിത്തോട്ടങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ക്രിയാത്മകമുന്നേറ്റങ്ങളും നടത്തി. 60 സര്‍ക്കാര്‍ ആശുപത്രി വാര്‍ഡുകള്‍ ആധുനികരീതിയില്‍ നവീകരിക്കുന്നുണ്ട്.ജില്ലയില്‍ ചെര്‍പ്പുളശേരി സര്‍ക്കാര്‍ ആശുപത്രി സന്നദ്ധ സേനാംഗങ്ങളുടെ നേതൃതത്തില്‍ നവീകരിച്ച് നാടിന് സമര്‍പ്പിക്കുകയുണ്ടായി. ഇതിന് പുറമെ നിരവധി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും നടന്നു വരുകയാണ്.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാടാണ് ജാഥ കോ ഓഡിനേറ്റര്‍.മാര്‍ച്ചിനെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മീഡിയ കണ്‍വീനര്‍ അശറഫ് മമ്പാട് അറിയിച്ചു.

Latest