Connect with us

Malappuram

ഇ-ഭരണം; തിരൂര്‍ നഗരസഭയില്‍ ഊര്‍ജിത ബോധവത്കരണം

Published

|

Last Updated

തിരൂര്‍: ഓണ്‍ലൈന്‍ സേവനങ്ങളെ മാതൃഭാഷയില്‍ പരിചയപ്പെടുത്താനും മലയാളത്തിന്റെ മണ്ണില്‍ ഒരു പുതിയ മുന്നേറ്റമായി മാറാനും സാധിക്കുന്ന സാക്ഷരതാ യജ്ഞത്തിന് ഭാഷാപിതാവിന്റെ നാട് വേദിയാവുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു.
നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്ന സദ്ഭരണത്തിന് ഇ-ഭരണം ഡിജിറ്റല്‍ സാക്ഷരതാ യജ്ഞത്തിന്റെ ഊര്‍ജിത ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം തിരൂര്‍ നഗരസഭയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരൂര്‍ നഗരസഭയിലെ 38 വാര്‍ഡുകളിലായി ഏതാണ് 13000 കുടുംബങ്ങളില്‍ 1200ഓളം വളണ്ടിയര്‍മാരാണ് പ്രാഥമിക പരിശീലനവും വിവരശേഖരണവും നടത്തുന്നത്.
ഇന്ന് വാര്‍ഡ് തലത്തില്‍ ബോധവത്കരണ പരിപാടികളും കവലകള്‍ തോറും പ്രചരണ പരിപാടികളും സംഘടിപ്പിക്കും. തുടര്‍ന്ന് ഈ മാസം 15നകം ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും എന്ന കണക്കില്‍ ഡിജിറ്റല്‍ ഓണ്‍ലൈന്‍ സേവനങ്ങളില്‍ പരിശീലനം ലഭിക്കും. തിരൂര്‍ നഗരസഭ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇ-ഗവേണന്‍സ്-ഡിജിറ്റല്‍ സാക്ഷര നഗരസഭയായി ഈ മാസം മൂന്നാംവാരം പ്രഖ്യാപിക്കും.
പരിപാടിയില്‍ നഗരസഭാധ്യക്ഷ സഫിയ, എന്‍ എസ് എസ് ടെക്‌നിക്കല്‍ സെല്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ്, നഗരസഭ വൈസ് ചെയര്‍മാന്‍ പി രാമന്‍കുട്ടി, കൗണ്‍സിലര്‍മാരായ കെ കൃഷ്ണന്‍ നായര്‍, നിര്‍മല കുട്ടികൃഷ്ണന്‍ സംബന്ധിച്ചു.

Latest