തിരുന്നാവായ-പുത്തനത്താണി റോഡ് നിര്‍മാണം മന്ദഗതിയില്‍

Posted on: February 8, 2015 10:44 am | Last updated: February 8, 2015 at 10:44 am

തിരുന്നാവായ: തിരുന്നാവായ- പുത്തനത്താണി റോഡിന്റെ നിര്‍മാണ പ്രവൃത്തി നീണ്ടു പോകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ നിര്‍മാണം ത്വരിത ഗതിയിലാക്കാന്‍ വേണ്ടി സ്ഥലം എം എല്‍ എ സി മമ്മുട്ടിയുടെ അടിയന്തിര ഇടപെടല്‍.
റബറൈസ് ചെയ്യുന്നതിന് വേണ്ടി എട്ട് കോടി രൂപക്ക് മൂന്ന് വര്‍ഷം മുമ്പാണ് ടെന്‍ഡര്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ റോഡിന്റെ പ്രാരംഭ പ്രവൃത്തികള്‍ മാത്രമാണ് ഇതു വരെ പൂര്‍ത്തിയായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ എട്ട് കി. മീ ദൈര്‍ഘ്യമുള്ള യാത്ര ഏറെ ദുഷ്‌കരമായിട്ടുണ്ട്. തിരുന്നാവായ റെയില്‍വെ മേല്‍പ്പാലം യാഥാര്‍ഥ്യമായതോടെ തിരുന്നാവായ, കുറ്റിപ്പുറം ഭാഗങ്ങളില്‍ നിന്ന് ദേശീയ പാത വഴി കോഴിക്കോട്ടേക്ക് എത്തിച്ചേരാനുള്ള എളുപ്പ മാര്‍ഗം കൂടിയാണ് ഈ റോഡ്. എന്നാല്‍ തിരുന്നാവായ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കേണ്ടതിനാല്‍ റോഡ് പണി അല്‍പ്പം നീട്ടിവെക്കണമെന്ന വാട്ടര്‍ അതോറിറ്റിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഒരു വര്‍ഷത്തോളം പണി നീണ്ടു പോയത്.
പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനു വേണ്ടി പൊളിച്ച റോഡിന്റെ വശങ്ങള്‍ അറ്റകുറ്റപ്പണി നടത്താന്‍ പ്രത്യേക ഫണ്ട് അനുവദിച്ചിരുന്നു. അറ്റകുറ്റപ്പണിയില്‍ വ്യാപക ക്രമക്കേട് നടന്നതായുള്ള പൊതു പരാതിയെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. റോഡ് പണി മുടങ്ങുകയും ചെയ്തു. വിജിലന്‍സിന്റെ അന്വേഷണം മാസങ്ങളായിട്ടും ഇഴഞ്ഞു നീങ്ങുകയാണ്. റോഡ് നിര്‍മാണവുയായി ബന്ധപ്പെട്ട ഫയല്‍ വിജിലന്‍സില്‍ നിന്ന് തിരികെ കിട്ടിയാലേ പണി പുനരാരംഭിക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് കരാറുകാരന്‍.
ഇതോടെ യാത്രക്കാരാണ് വെട്ടിലായത്. റോഡിന്റെ തകര്‍ച്ച അനുദിനം രൂക്ഷമാവുകയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് വിഷയത്തില്‍ എം എല്‍ എയുടെ അടിയന്തിര ഇടപെടലുണ്ടായത്.