സി പി ഐ ജില്ലാ സമ്മേളനം തുടങ്ങി

Posted on: February 8, 2015 10:41 am | Last updated: February 8, 2015 at 10:41 am

മുക്കം: സി പി ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് മുക്കത്ത് തുടക്കമായി. ഒഞ്ചിയത്ത് നിന്ന് കെ ജി പങ്കജാക്ഷന്റെ നേതൃത്വത്തില്‍ പതാകജാഥയും ചോയി സ്മാരക മണ്ഡപത്തില്‍ നിന്ന് പി പി വിമല ടീച്ചറുടെ നേതൃത്വത്തില്‍ ബാനര്‍ ജാഥയും ആനയാംകുന്നില്‍ നിന്ന് ടി കെ രാജന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ കൊടിമര ജാഥയും കടപ്പുറം സ്വാതന്ത്ര്യ സമര സ്മാരക മണ്ഡപത്തില്‍ നിന്ന് അജയ് ആവളയുടെ നേതൃത്വത്തില്‍ ദീപശിഖാ ജാഥയും എത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
മുതിര്‍ന്ന പാര്‍ട്ടി നേതാവ് വി ആര്‍ വിജയരാഘവന്‍ മാസ്റ്റര്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. സി പി ഐ കേരള ഘടക രൂപവത്കരണത്തിന്റെ 75 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സംസ്ഥാന എക്‌സി. അംഗം വി പി ഉണ്ണികൃഷ്ണന്‍ പ്രഭാഷണം നടത്തി. ഇകെ വിജയന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഐ വി ശശാങ്കന്‍, പി കെ കണ്ണന്‍, എം നാരായണന്‍, വി കെ അബൂബക്കര്‍, സി സുന്ദരന്‍ പ്രസംഗിച്ചു.
ഇന്ന് വൈകീട്ട് നാലിന് അഗസ്ത്യന്‍മുഴിയില്‍ നിന്ന് പ്രകടനം ആരംഭിക്കും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പി കെ മേദിനിയുടെ വിപ്ലവ ഗാനങ്ങളും കെ പി എ സിയുടെ പ്രണയസാഗരം എന്ന നാടകവും അരങ്ങേറും. നാളെയും മറ്റന്നാളുമായി വെസ്റ്റ് മാമ്പറ്റ കാര്‍ത്തിക കല്യാണമണ്ഡപത്തിലാണ് പ്രതിനിധി സമ്മേളനം.