Connect with us

Kozhikode

ഹില്‍ടോപ്പ് സ്‌കൂള്‍: പ്രക്ഷോഭം നടത്തുമെന്ന് രക്ഷിതാക്കള്‍

Published

|

Last Updated

കോഴിക്കോട്: പുതിയറ ഹില്‍ടോപ്പ് പബ്ലിക് സ്‌കൂള്‍ അടച്ചുപൂട്ടി മറ്റൊരിടത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പാരന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂള്‍ അടച്ചുപൂട്ടുകയാണെന്ന് കാണിച്ച് രക്ഷിതാക്കള്‍ക്ക് മാനേജ്‌മെന്റ് അയച്ച കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാപരമല്ല. സി ബി എസ് ഇ അംഗീകാരമില്ലെന്നും അവരുടെ നിബന്ധനപ്രകാരം സ്‌കൂളിന് വേണ്ട രണ്ട് ഹെക്ടര്‍ ഭൂമി ഇവിടെയില്ലെന്നുമാണ് മാനേജ്‌മെന്റിന്റെ വാദം. എന്നാല്‍ ഇതേ സാഹചര്യത്തില്‍ 25 വര്‍ഷമായി പുതിയറയില്‍ പ്രവര്‍ത്തിച്ച സ്‌കൂളിന് സി ബി എസ് ഇ അംഗീകാരമുണ്ടായിരുന്നു. അപേക്ഷിച്ചാല്‍ തുടര്‍ന്നും ലഭിക്കുമെന്നും ഇവര്‍ പറഞ്ഞു.
പന്തീരാങ്കാവ് ബൈപാസിന് സമീപത്തെ കുന്നിന്‍ ചെരിവിലേക്ക് സ്‌കൂള്‍ മാറ്റാനാണ് പദ്ധതി. നിലവില്‍ 14000 രൂപ ഫീസ് നല്‍കുന്ന കുട്ടിക്ക് പുതിയ സ്‌കൂളില്‍ 50,000 രൂപ നല്‍കണമെന്ന് മാനേജ്‌മെന്റ് പറയുന്നു. ഇത്രയും ഫീസ് നല്‍കി പഠിപ്പിക്കാനാകാത്ത രക്ഷിതാക്കളോട് വിടുതല്‍ സര്‍ടിഫിക്കറ്റ് വാങ്ങി കുട്ടികളെ മറ്റ് സ്‌കൂളുകളില്‍ ചേര്‍ക്കാനാണ് മാനേജ്‌മെന്റ് നിര്‍ദേശം.
സ്‌കൂളില്‍ പി ടി എക്ക് പ്രവര്‍ത്തനാനുമതിയില്ല. രക്ഷിതാക്കള്‍ ചേര്‍ന്നുണ്ടാക്കിയ പാരന്റ് അസോസിയേഷനാണുള്ളത്. സ്‌കൂളിലെ പ്രശ്‌നങ്ങള്‍ പ്രിന്‍സിപ്പലിനോട് പറയുമ്പോഴെല്ലാം ട്രസ്റ്റിനെ അറിയിക്കാം എന്ന മറുപടിയാണ് ലഭിക്കുക. കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി 15 ശതമാനം ഫീസ് വര്‍ധിപ്പിച്ചു.
ഈ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ അവസാന ഗഡു ഫീസ് നേരത്തെ അടക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകാതിരുന്നത്. ഇതിന്റെ പേരില്‍ കഴിഞ്ഞ തിങ്കളാഴ്ച കുട്ടികളെ രണ്ട് പിരീഡ് പുറത്തുനിര്‍ത്തി. പിറ്റേന്ന് ഇതന്വേഷിക്കാന്‍ ചെന്നപ്പോഴാണ് നൂറിലേറെ വിദ്യാര്‍ഥികളെ ഒരു മുറിയില്‍ അടച്ചിട്ടതായി രക്ഷിതാക്കള്‍ കണ്ടത്. ഈ പ്രശ്‌നത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തെങ്കിലും അന്വേഷണം കാര്യമായി നടക്കുന്നില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
ഇതിനിടെയാണ് പന്തീരാങ്കാവില്‍ സ്‌കൂള്‍ നിര്‍മാണത്തിന്റെ പേരില്‍ അനധികൃതമായി മണ്ണെടുത്ത സ്ഥലത്ത് അപകടമുണ്ടായതും രണ്ട് പേര്‍ മരിച്ചതും.മാനേജ്‌മെന്റിന്റെ നിയമവിരുദ്ധമായ നടപടികളെ കുറിച്ച് അന്വേഷണം വേണമെന്ന് പാരന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എന്‍ വി അബ്ദുല്‍ ജബ്ബാര്‍ , ജനറല്‍ സെക്രട്ടറി പി പി റിയാസ് സംബന്ധിച്ചു.