പ്രതിഷേധം ഭയന്ന് സിവില്‍ സ്റ്റേഷന് ഒരുക്കിയത് വന്‍ സുരക്ഷ

Posted on: February 8, 2015 10:39 am | Last updated: February 8, 2015 at 10:39 am

വടകര: നാദാപുരം അക്രമ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം നടന്ന വടകര മിനി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടും പരിസരവും വന്‍ സുരക്ഷാ വലയത്തില്‍.
വെള്ളിയാഴ്ച വൈകീട്ടോടെ തന്നെ നൂറുകണക്കിന് പോലീസുകാരുടെയും തോക്കുധാരികളായ തണ്ടര്‍ ബോള്‍ട്ടിന്റെയും നിയന്ത്രണത്തിലായിരുന്നു സിവില്‍ സ്റ്റേഷന്‍ പരിസരം. സര്‍വകക്ഷി യോഗത്തില്‍ ബാര്‍ കോഴ വിവാദത്തില്‍ കുരുങ്ങിയ കെ എം മാണിയടക്കമുള്ള മന്ത്രിപ്പട ഉണ്ടായിരിക്കുമെന്നായിരുന്നു പോലീസിനു ലഭിച്ച വിവരം. മാണി പങ്കെടുത്താല്‍ പ്രതിഷേധവുമായി ഡി വൈ എഫ് ഐ അടക്കമുള്ള സംഘടനകളും രംഗത്തുണ്ടാകുമെന്ന കണക്കുകൂട്ടലിലായിരുന്നു പോലീസ്.
പ്രതിഷേധം ഭയന്ന് മന്ത്രി മാണി യോഗത്തില്‍ പങ്കെടുക്കാത്തത് പോലീസിനും തലവേദന ഒഴിവായി. യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ രണ്ട് പ്രതിനിധികളാണ്. ഇവര്‍ക്ക് പ്രത്യേക സ്ലിപ്പുകള്‍ നല്‍കിയായിരുന്നു ഹാളിലേക്ക് പ്രവേശം. മെറ്റല്‍ ഡിറ്റക്ടര്‍ വെച്ച് പരിശോധന നടത്തിയാണ് ഓരോരുത്തരേയും ഹാളിലേക്ക് പ്രവേശിപ്പിച്ചത്. സംഘര്‍ഷം നിലനില്‍ക്കുന്ന നാദാപുരവും പരിസര പ്രദേശവും സന്ദര്‍ശിച്ച ശേഷം വൈകീട്ട് മൂന്ന് മണിക്കായിരുന്നു സര്‍വ കക്ഷി സമാധാന യോഗം ചേരാന്‍ നിശ്ചയിച്ചത്. ഇതിനിടയില്‍ ബി ജെ പി നാദാപുരത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് കാരണം മന്ത്രിമാരുടെ സംഘം നാദാപുരം യാത്ര റദ്ദാക്കി സര്‍വകക്ഷി യോഗ സമയം മാറ്റുകയായിരുന്നു.