സാമൂഹിക നന്മയാകണം മതസംഘടകളുടെ ലക്ഷ്യം: പേരോട്

Posted on: February 8, 2015 12:01 am | Last updated: February 8, 2015 at 12:01 am

sys logoകൊല്ലം: സാമുദായിക നന്മയ്‌ക്കൊപ്പം സാമൂഹിക നന്മയും ലക്ഷ്യം വെച്ച് വേണം മതസംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി. കഴിഞ്ഞ ആറുപതിറ്റാണ്ട് കാലമായി ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതിനാലാണ് മുസ്‌ലിം സമുദായത്തിന് പുറമെ പൊതുസമൂഹത്തിലും നിര്‍ണായക സ്വാധീനമുണ്ടാക്കാന്‍ എസ് വൈ എസിന് സാധിച്ചതെന്നും പേരോട് പറഞ്ഞു. എസ് വൈ എസ് എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ സന്ദേശ പ്രയാണവുമായെത്തിയ ഹൈവേമാര്‍ച്ചിന് കരുനാഗപ്പള്ളിയില്‍ നല്‍കിയ സ്വീകരണം ഏറ്റ് വാങ്ങിയ ശേഷം മറുപടിപ്രസംഗം നടത്തുകയായിരുന്ന ജാഥാ ക്യാപ്ടന്‍ കൂടിയായ പേരോട്. രാജ്യത്തിന്റെ സമഗ്ര പുരോഗതിക്ക് അഴിമതി രഹിത’ഭരണമാണ് ആവശ്യം. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നിലനില്‍പ്പിന്’ഭരണാധികാരികള്‍ അഴിമതി മുക്തരും നിഷ്പക്ഷമതികളുമാകേണ്ടതുണ്ട്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഫലപ്രദമായി പ്രതിരോധിക്കണം. മതമൂല്യങ്ങള്‍ ഉള്‍ക്കൊള്ളാത്ത യുവാക്കള്‍ക്ക് സമൂഹത്തെ നേരിന്റെയും നന്മയുടെയു പാതയിലേക്ക് ക്ഷണിക്കാനാകില്ല. പ്രതികരണങ്ങളും അഭിപ്രായങ്ങളും നവമാധ്യമങ്ങളില്‍ മാത്രം ചുരുക്കുന്ന യുവാക്കളുടെ പുത്തന്‍ പ്രവണത സാമൂഹിക പ്രതിബദ്ധതയില്ലാത്ത തലമുറയെയാണ് സൃഷ്ടിക്കുന്നതെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പറഞ്ഞു. സയ്യിദ് കെ എസ് കെ തങ്ങള്‍ അധ്യക്ഷത വഹിച്ചു.