Connect with us

National

ഒബാമ ചര്‍ച്ചുകളുടെ ശിങ്കിടി, നല്ല അതിഥിയല്ല: വി എച്ച് പി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മത അസഹിഷ്ണുതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്കെതിരെ വി എച്ച് പി. ഒബാമ ചര്‍ച്ചിന്റെ ശിങ്കിടിയാണെന്നും ചര്‍ച്ചിനോട് ആഭിമുഖ്യമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വിഭാഗക്കാരെ കണ്ടെത്തി ഉന്മൂലനം ചെയ്യാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കണമെന്നും ഒബാമ ഒരു നല്ല അതിഥിയല്ലെന്നും വി എച്ച് പി അഭിപ്രായപ്പെട്ടു.
കറുത്തവര്‍ക്കെതിരെ അതിക്രമങ്ങള്‍ തുടരുന്ന സ്വന്തം രാജ്യത്തെ സംരക്ഷിച്ചാല്‍ മതി ഒബാമയെന്ന് വി എച്ച് പി ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു. ഒബാമ കറുത്ത വര്‍ഗക്കാരനായിട്ടും ആ വിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുന്നില്ല. ഒബാമക്ക് മേല്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ സ്വാധീനമുണ്ട്. തന്റെ സുഹൃത്തിനേക്കാള്‍ പ്രകൃത്യായുള്ള സഖ്യത്തോടാണ് ഒബാമക്ക് പ്രിയം. ഇവിടെ സന്ദര്‍ശിച്ചതിന് ശേഷം ഇന്ത്യയില്‍ ഒരു പ്രസ്താവനയും വിദേശത്ത് മറ്റൊരു പ്രസ്താവനയും നടത്തുകയാണ്. രാഷ്ട്രീയത്തില്‍ തങ്ങളുടെ ആള്‍ക്കാരെ ചര്‍ച്ച് നട്ടുപിടിപ്പിച്ചിട്ടുണ്ട്. ക്രിസ്ത്യാനികളെ പറ്റി മാത്രമാണ് അമേരിക്കക്ക് ആശങ്ക. മതപരിവര്‍ത്തനം അവസാനിപ്പിക്കാന്‍ ക്രിസ്ത്യന്‍ മിഷനറിമാരോട് ഒബാമ പറയണം. അവരുടെ പ്രവര്‍ത്തനങ്ങളാണ് വര്‍ഗീയ ചേരിതിരിവിന് കാരണമാകുന്നത്. രാഷ്ട്രീയ നേട്ടത്തിനും സാമ്പത്തിക നേട്ടത്തിനുമാണ് ക്രിസ്ത്യാനികള്‍ ശ്രമിക്കുന്നതെന്നും ജെയ്ന്‍ പറഞ്ഞു.
വാലന്റൈന്‍സ് ദിനത്തില്‍ ഒരുമിച്ച് കാണുന്ന പ്രണയിനികളെ ബലം പ്രയോഗിച്ച് വിവാഹം കഴിപ്പിക്കുമെന്ന ഹിന്ദു മഹാസഭയുടെ നിലപാടിനെ വി എച്ച് പി പിന്തുണച്ചു. വാലന്റൈന്‍സ് ദിനത്തില്‍ പ്രണയിനികള്‍ പരസ്യമായി പല ചേഷ്ടകളും കാണിക്കുന്ന് കൊണ്ടാണ് നിര്‍ഭയ കൂട്ട ബലാത്സംഗ കേസ് പോലുള്ളവ ഉണ്ടാകുന്നത്. അടുത്ത 14ന് ആക്രമണമുണ്ടാകില്ല. പക്ഷെ പ്രണയിക്കുന്നവര്‍ വിവാഹം കഴിക്കേണ്ടി വരും. പ്രണയത്തിന്റെ പേരില്‍ കാമത്തിന്റെ നഗ്നമായ പ്രദര്‍ശനത്തില്‍ ഏര്‍പ്പെടരുത്. ഇത്തരം ആഘോഷം കാരണമാണ് ബലാത്സംഗങ്ങള്‍ ഉണ്ടാകുന്നത്. സദാചാര പോലീസ് പണി ചെയ്യാന്‍ അവകാശമുണ്ടോയെന്ന ജെയ്ന്‍ ക്ഷുഭിതനായി ചോദിച്ചു. “സ്വാതന്ത്ര്യ സമരം ചെയ്യാന്‍ മഹാത്മാ ഗാന്ധിക്ക് എന്ത് അവകാശമാണ് ഉണ്ടായിരുന്നത്? പോലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ സമൂഹം അത് ചെയ്യും.