Connect with us

National

ദേശീയതയും യുദ്ധതത്പരതയും തമ്മിലുള്ള വ്യത്യാസം സര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയ പിള്ളക്കെതിരെയുള്ള സര്‍ക്കാര്‍ നടപടികളോട് യോജിക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ദേശീയതയും യുദ്ധതത്പരതയും തമ്മിലുള്ള വ്യത്യാസം ഹൈക്കോടതി സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു. കഴിഞ്ഞ 11ന് പ്രിയ പിള്ളക്ക് ലണ്ടനിലേക്ക് പോകാന്‍ അനുവദിക്കാത്തത്, രാജ്യത്തിന് ഗുരുതരമായ ഭീഷണിയായതിനാലും ലണ്ടിനിലെ അവരുടെ പ്രഭാഷണം രാഷ്ട്രത്തിന് എതിരാകുമെന്നും രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയ്ന്‍ അവകാശപ്പെട്ട ഉടനെയായിരുന്നു കോടതിയുടെ നിരീക്ഷണം.
മധ്യപ്രദേശിലെ മഹാനില്‍ വലിയ കോര്‍പറേറ്റ് കല്‍ക്കരി ഖനന പദ്ധതിക്കെതിരെ പ്രചാരണം നടത്തുകയാണ് 37കാരിയായ പ്രിയ. ലണ്ടിനിലേക്ക് യാത്ര ചെയ്യാന്‍ ഔദ്യോഗികമായ ബിസിനസ് വിസ ഉണ്ടായിട്ടും ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷനല്‍ വിമാനത്താളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയായിരുന്നു. മഹാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ സംബന്ധിച്ച് ബ്രിട്ടീഷ് പാര്‍ലിമെന്റംഗങ്ങളെ സംബോധന ചെയ്യാനാണ് അവര്‍ക്ക് പോകാനുണ്ടായിരുന്നത്. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ആരോപിച്ച് അവര്‍ പരാതി നല്‍കി. തനിക്കെതിരെയുള്ള ഇന്റലിജന്‍സ് ബ്യൂറോയുടെ ലുക്കൗട്ട് സര്‍കുലറിനെയും അവര്‍ ചോദ്യം ചെയ്തു. ഇത് പാസ്‌പോര്‍ട്ടില്‍ അടിക്കുകയും ചെയ്തിരുന്നു.
ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്ന് നിശ്ചിത വിവരങ്ങള്‍ ലഭിച്ചതിനാല്‍ പ്രിയയെ തടയുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയ്ന്‍ പറഞ്ഞു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ആരോപണവിധേയരായ നിരവധിയാളുകള്‍ വിദേശ യാത്ര ചെയ്യുന്നുണ്ടെന്ന് ജസ്റ്റിസ് രാജീവ് ശക്ദര്‍ ചൂണ്ടിക്കാട്ടി. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഭയന്നാണ് പ്രിയയുടെ യാത്ര തടഞ്ഞതെന്ന സര്‍ക്കാര്‍ വാദത്തില്‍ നേരത്തെയും കോടതി ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. പത്താം തീയതിക്കകം സര്‍ക്കാറിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കോടതി, അടുത്ത പതിനെട്ടിന് ഹരജിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഏജന്‍സികള്‍ അവരെ തടഞ്ഞത്, അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഹനിച്ചെന്ന് മാത്രമല്ല, അഭിമാനം തകര്‍ക്കാനുള്ള ശ്രമമാണെന്നും പിള്ളയുടെ അഭിഭാഷകന്‍ ഇന്ദിര ജയ്‌സിംഗ് വാദിച്ചു.