Connect with us

Alappuzha

ഹൈവെമാര്‍ച്ചിന് ദേശിംഗ നാട്ടിലും കിഴക്കിന്റെ വെനീസിലും ഉജ്ജ്വല സ്വീകരണം

Published

|

Last Updated

ആലപ്പുഴ: ആധുനിക യുവതക്ക് നേരിന്റെ സന്ദേശം നല്‍കി പ്രയാണമാരംഭിച്ച ഹൈവെമാര്‍ച്ചിന് ദേശിംഗ നാട്ടിലും കിഴക്കിന്റെ വെനീസിലും ഉജ്ജ്വല സ്വീകരണം. ഗ്രീക്ക്, അറേബ്യന്‍, ചൈനീസ് പാശ്ചാത്യ സംസ്‌കാരങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന കൊല്ലം ജില്ലയിലായിരുന്നു ആദ്യസ്വീകരണം. ഗ്രാമ പരിസരത്ത് നിന്ന് നഗരത്തിലേക്ക് രൂപമാറ്റം സംഭവിച്ച കരുനാഗപ്പള്ളിയില്‍ ഹൃദയം തൊട്ടായിരുന്നു സ്വീകരണം.
ഇന്നലെ രാവിലെ 10 നാണ് ജില്ലയില്‍ പ്രവേശിച്ചത്. കൊട്ടിയത്ത് നിന്ന് ജില്ലാ നേതാക്കളും സ്വഫ്‌വാ അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് കരുനാഗപ്പള്ളിയിലേക്ക് നൂറുക്കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വഫ്‌വാ അംഗങ്ങളുടെ നേതൃത്വത്തില്‍ ദേശീയപാതയിലൂടെ മാര്‍ച്ചിനെ സ്വീകരിച്ചു. സ്വീകരണ സമ്മേളനം നഗരസഭാ അധ്യക്ഷന്‍ എച്ച് സലീം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് കെ എസ് കെ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ആയിരങ്ങളാണ് മാര്‍ച്ചിനെ സ്വീകരിക്കാനെത്തിയത്.
കേരളത്തിന്റെ പ്രധാന കായലോര പട്ടണമായ കായംകുളത്തായിരുന്നു ആലപ്പുഴയിലെ ആദ്യസ്വീകരണം. നഗരാതിര്‍ത്തിയില്‍ നിന്ന് നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളുടേയും സ്വഫ്‌വ അംഗങ്ങളുടേയും അകമ്പടിയോടെ സ്വീകരണ കേന്ദ്രമായ കായംകുളം കൊറ്റുകുളങ്ങരയിലേക്ക് മാര്‍ച്ചിനെ സ്വീകരിച്ചു. ഇരുതല മൂര്‍ച്ചയുള്ള കായംകൂളം വാളിന്റെ നാട്ടില്‍ സ്‌നേഹസന്ദേശത്തിന്റെ മൂര്‍ച്ചയുള്ള നാക്കുമായെത്തിയ നേതാക്കളെ സ്വീകരിക്കാന്‍ വലിയ ജനക്കൂട്ടമാണെത്തിയത്. കൊറ്റുകുളങ്ങര താജുല്‍ ഉലമ നഗറില്‍ നടന്ന സ്വീകരണ സമ്മേളനം കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ എം ലിജു ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം സഖാഫി മുട്ടം അധ്യക്ഷത വഹിച്ചു.
പുന്നമടക്കായലും വേമ്പനാട്ടുകായലും അഷ്ടമുടികായലും തൊട്ടുരുമ്മിയൊഴുകുന്ന ജില്ലാ ആസ്ഥാനമായ ആലപ്പുഴയില്‍ യാത്രയെത്തുമ്പോള്‍ നഗരി നിറഞ്ഞു കവിഞ്ഞിരുന്നു.
സമാപന സമ്മേളനം കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്തു. പി എം എസ് എ ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി പ്രമേയ പ്രഭാഷണം നടത്തി.
വിവിധ സ്വകരണ കേന്ദ്രങ്ങളില്‍ മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, വി എച്ച് അലിദാരിമി, ഹാജി എം എം ഹനീഫ് മൗലവി, എ അഹമ്മദ്കുട്ടി ഹാജി, ഡോ ഫാറൂഖ് നഈമി, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍, സയ്യിദ് കൊച്ച്‌കോയ തങ്ങള്‍, പുന്നപ്ര അബ്ദുല്‍ഖാദര്‍, ഹാഷിം കാമില്‍ സഖാഫി, ജമാല്‍ പള്ളാത്തുരുത്തി, സി എ ഖാസിം, എസ് നസീര്‍, എം എസ് ജുനൈദ് സംസാരിച്ചു.

Latest