സാജന്‍ പ്രകാശ് മുങ്ങിയെടുത്തത് എട്ട് സ്വര്‍ണം

  Posted on: February 8, 2015 4:22 am | Last updated: February 7, 2015 at 11:24 pm

  SAJAN PRAKASHതിരുവനന്തപുരം: പോയ ഗെയിംസുകളില്‍ നീന്തല്‍ക്കുളത്തില്‍ മെഡല്‍ മറന്ന കേരളം ഇക്കുറി നീന്തല്‍ക്കുളത്തില്‍ നിന്ന് മുങ്ങിയെടുത്തത് 19 പതക്കങ്ങള്‍. നീന്തല്‍ക്കുളത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് സ്വര്‍ണവും അഞ്ച് വെള്ളിയും എട്ട് വെങ്കലവുമായി കേരളം മൂന്നാം സ്ഥാനത്തെത്തി. ഫീനിക്‌സായി ഉയര്‍ന്നു പൊങ്ങിയ കേരളത്തെ മുന്നില്‍ നിന്ന് നയിച്ചത് സാജന്‍ പ്രകാശ് എന്ന സുവര്‍ണതാരം. ആറ് സ്വര്‍ണവും രണ്ട് വെള്ളിയും തന്റെ മെഡല്‍പ്പട്ടികയില്‍ എഴുതിച്ചേര്‍ത്ത ഈ 21 കാരന്‍ നീന്തല്‍ക്കുളത്തിലെ പ്രകാശം പരത്തുന്ന ആണ്‍കുട്ടിയായാണ് ഗെയിംസില്‍ നിന്ന് വിടവാങ്ങുന്നത്. നീന്തലിലെ മെഡല്‍പ്പട്ടികയില്‍ മൂന്നാമതായ കേരളം ഡൈവിംഗില്‍ ഒരു സ്വര്‍ണവും രണ്ട് വെങ്കലവും, വാട്ടര്‍പോളോയില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയുമടക്കം അക്വാട്ടിക്‌സില്‍ മൊത്തം 24 മെഡലുകളാണ് വാരിക്കൂട്ടിയത്.

  നീന്തല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 11 സ്വര്‍ണവും 16 വെള്ളിയും അഞ്ചു വെങ്കലവുമായി മഹാരാഷ്ട്ര ചാമ്പ്യന്‍പട്ടം സ്വന്തമാക്കി. മധ്യപ്രദേശ് 10 സ്വര്‍ണവും മൂന്നു വെള്ളിയും ഏഴു വെങ്കലവുമായി രണ്ടാം സ്ഥാനത്തെത്തി. സാജനെക്കൂടാതെ മഹാരാഷ്ട്രയുടെ വീര്‍ധവാല്‍ ഘാടെയും മധ്യപ്രദേശിന്റെ സന്ദീപ് സേജ്വാളും 35-ാം ദേശീയ ഗെയിംസിലെ ശ്രദ്ധേയരായ താരങ്ങളായി. സന്ദീപും ഘാഡെയും സ്വര്‍ണക്കൂട്ടവുമായാണ് തങ്ങളുടെ നാട്ടിലേക്ക് യാത്രയാകുന്നത്. ബാക് സ്‌ട്രോക് വിഭാഗങ്ങളിലെ മികവുമായി സര്‍വീസസിലെ പി എസ് മധുവും മേളയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചു. വനിതാ വിഭാഗത്തില്‍ റിച്ചാ മിശ്ര മൂന്നു സ്വര്‍ണം സ്വന്തമാക്കിയെങ്കിലും 200 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ മെഡല്‍ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചില്ല. 200 മീ്റ്റര്‍ ബാക് സ്‌ട്രോക്കില്‍ മൂന്നാം സ്ഥാനത്തുമാത്രം എത്താനേ സാധിച്ചുള്ളു. 10-ാം ക്ലാസുകാരിയായ ചണ്ഡീഗഡിന്റെ ചഹത് അറോറിയുടെ 100 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചണ്ഡീഗഡിന് ആദ്യ മെഡല്‍ സമ്മാനിച്ചതും ചഹതാണ്.
  തമിഴ്‌നാടിന്റെ എ വി ജയവീണയും മീറ്റില്‍ ശ്രദ്ധേയമായ പ്രകടനം നടത്തി പുരുഷന്‍മാരുടെ 100 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ അനൂപ് അഗസ്റ്റില്‍ മലയാളികള്‍ക്ക് വെങ്കലം നേടിക്കൊടുത്തു. മധ്യപ്രദേശീന്റെ സന്ദീപ് സേജ്വാള്‍ ദേശീയ റിക്കാര്‍ഡോടെ ഒരുമിനിറ്റ് 02.3 സെക്കന്‍ഡില്‍ സ്വര്‍ണവും ഹരിയാനയുടെ പുനീത് റാണ( 1:04.16) വെള്ളിയും നേടി. നീന്തലിലെ അവസാന ദിനം കേരളത്തിന്റെ സുവര്‍ണ മത്സ്യം സാജന്‍ പ്രകാശും എസ് പി ശര്‍മയും ഉള്‍പ്പെടെയുള്ളവര്‍ മത്സരത്തിനിറങ്ങിയ 100 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ കേരളത്തിനു മെഡല്‍ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചില്ല. ഈ ഇനത്തില്‍ റിക്കാര്‍ഡോടെ മധ്യപ്രദേശിന്റെ ആരോണ്‍ ഡിസൂസ (50.99 സെക്കന്‍ഡ്) സ്വര്‍ണം നേടി. മഹാരാഷ്ട്രയുടെ വീര്‍ധവാല്‍ ഘാഡെ (51.10) വെള്ളിയും ഗുജറാത്തിന്റെ അന്‍ഷു കൊത്താരി (52.17)വെങ്കലവും നേടി. സാജന്‍ പ്രകാശിന് അഞ്ചാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളു. ഹീറ്റ്‌സില്‍ മികച്ച പ്രകടനം നടത്തിയ എസ് പി ശര്‍മയ്ക്ക് ഫൈനലില്‍ ആറാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളു
  വനിതകളുടെ 100 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ ചണ്ഡീഗഡിന്റെ 16 വയസുകാരി ചഹത്ത് അറോറി ഒരുമിനിറ്റ് 17.48 സെക്കന്‍ഡില്‍ നീന്തിയെത്തി സ്വര്‍ണം നേടി.
  മഹാരാഷ്ട്രയുടെ മോണിക് ഗാന്ധി( 1:17.87) വെള്ളിയും തമിഴ്‌നാടിന്റെ എ വി ജയവീണ വെങ്കലവും നേടി. വനിതകളുടെ 100 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ മീറ്റ് റിക്കാര്‍ഡോടെ ഹരിയാനയുടെ ശിവാനി ഖഠാരിയ സ്വര്‍ണം നേടി. 58. 34 സെക്കന്‍ഡില്‍ നീന്തിയെത്തിയാണ് സുവര്‍ണനേട്ടം സ്വന്തമാക്കിയത്. മഹാരാഷ്ട്രയുടെ അതിഥി ധുമാക്കര്‍ ( 59.34 സെക്കന്‍ഡ്) വെള്ളിയും ഗോവയുടെ തലാഷാ പ്രഭാകര്‍ വെള്ളിയും നേടി.