Connect with us

Editorial

പണം ചിലവിടാന്‍ മാര്‍ഗം കാണാതെ!

Published

|

Last Updated

“ലാലിസ”ത്തിന് വാങ്ങിയ പ്രതിഫലത്തുക പ്രമുഖ നടന്‍ മോഹന്‍ലാല്‍ ദേശീയ ഗെയിംസ് സംഘാടക സമിതിക്ക് അണ, പൈ കണക്ക് തീര്‍ത്ത് തിരിച്ച് നല്‍കി. 35ാമത് ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ മോഹന്‍ ലാലിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുമെന്ന് കൊട്ടിഘോഷിക്കപ്പെട്ട കലാപരിപാടികള്‍ ഒരു മൂന്നാംകിട സിനിമയുടെ പ്രദര്‍ശനം കണക്കെ തരംതാണപ്പോള്‍, ഉറക്കമൊഴിച്ച് കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയിരുന്ന പതിനായിരക്കണക്കിന് ദൃക്‌സാക്ഷികളും ലക്ഷക്കണക്കിന് ടി വി പ്രേക്ഷകരും തീര്‍ത്തും നിരാശരായി. മികച്ച ഒരു കലാവിരുന്ന് പ്രതീ്ക്ഷിച്ച് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ജനസഹസ്രങ്ങള്‍ അതിസാഹസങ്ങള്‍ക്കൊന്നും മുതിരാതിരുന്നത് മഹാനടന്‍ മോഹന്‍ലാലിനോടും പരിപാടിയില്‍ പങ്കെടുത്ത ആയിരക്കണക്കിന് വരുന്ന കലാകാരന്മാരോടുമുള്ള ആദരവും ബഹുമാനവും കൊണ്ട്മാത്രമാണ്. ദേശീയ ഗെയിംസിനായി സംഘാടകര്‍ ആസൂത്രണംചെയ്ത ബൃഹത്തായ സംഗീതപരിപാടി നടക്കാതെ പോയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ സമീപിച്ചപ്പോഴാണ് “ലാലിസം” പരിപാടി അവതരിപ്പിക്കാന്‍ തയ്യാറായതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ താനാക്കി നിര്‍ത്തുന്നത് മലയാളികളുടെ സ്‌നേഹവും വാത്സല്യവുമാണ്. ഇനിയെങ്കിലും വിവാദം അടങ്ങട്ടെ. രാത്രിചര്‍ച്ചകളില്‍ തന്നെ വലിച്ചിഴക്കരുത്. കലാമൂല്യം വിലയിരുന്നാനുള്ള വൈദഗ്ദ്യം തനിക്കില്ല. എന്നാല്‍ ലാലിസത്തിന്റെ പേരില്‍ ഉദ്ഘാടന ചടങ്ങിന്റെ മികവ് കണ്ടില്ലെന്ന് നടിക്കരുതെന്നും മോഹന്‍ലാല്‍ അഭ്യര്‍ഥിച്ചു. ഒരു ഊരാകുടുക്കില്‍ നിന്നും മോഹന്‍ലാല്‍ മെയ് വഴക്കത്തോടെ ഒഴിഞ്ഞ്മാറിയിട്ടും വയ്യാവേലി അദ്ദേഹത്തെ അത്ര വേഗത്തിലൊന്നും വിട്ടൊഴിയില്ലെന്നാണ് തോന്നുന്നത്.
ലാലിസം പരിപാടി അവതരിപ്പിക്കാന്‍ വാങ്ങിയ പ്രതിഫലം (1,63,77,600 രൂപ),പൂര്‍ണമായും മടക്കി നല്‍കുമെന്ന് മോഹന്‍ലാല്‍പ്രഖ്യാപിച്ചതില്‍, അദ്ദേഹത്തിലെ അഭിനയ പ്രതിഭയെ ആദരിക്കുന്ന, സ്‌നേഹിക്കുന്ന മലയാളികള്‍ ആശ്വാസം കൊള്ളുകയായിരുന്നു. പണം തിരിച്ച് നല്‍കുകയും ചെയ്തു. അപ്പോഴാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൊടുത്തപണം തിരിച്ചു വാങ്ങുന്നതിലെ ഔചിത്യമില്ലായ്മയെ കുറിച്ച് ഓര്‍ത്തത്. കൊച്ചിയിലെ ലാലിന്റെ വസതിയിലെത്തി അവര്‍ ഇരുവരും ലാലിന്റെ നിലപാട് മാറ്റിയെടുക്കാന്‍ കാര്യമായ ശ്രമം നടത്തിനോക്കി. പക്ഷെ ലാല്‍ വഴങ്ങിയില്ല. തിരിച്ച്‌വന്ന പണം എങ്ങിനെ ചിലവിടണമെന്ന ആലോചനയിലാണ് മുഖ്യമന്ത്രിയും കായികമന്ത്രിയും. പണം എപ്രകാരം ചിലവിടണമെന്നത് സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങള്‍ മോഹന്‍ലാലിനുണ്ടെന്നാണ് തിരിവഞ്ചൂര്‍ നല്‍കുന്ന സൂചന.
ഏതായാലും മലയാളികളുടെ ഹൃദയ വിശാലതയും സ്‌പോര്‍ട്‌സ് മാന്‍ സ്പിരിട്ടും കാരണം ദേശീയ ഗെയിംസിന്റെ ശോഭ കെടാതെ സൂക്ഷിക്കാനായിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങി വന്‍ കായികമേളകള്‍ക്ക് ആതിഥ്യം വഹിക്കാനുള്ള ശേഷി കേരളത്തിനുണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കയാണ്. അഴിമതിയും ധൂര്‍ത്തും ദേശീയ ഗെയിംസിന്റെ ശോഭകെടുത്തിയെന്ന് പരാതിപ്പെടുന്നവര്‍ പോലും മലയാളികളടക്കമുള്ള കായിക താരങ്ങളുടെ മിന്നുന്ന പ്രകടനത്തില്‍ സംതൃപ്തരാണ്. കൂടുതല്‍ വേഗവും ഉയരവും മറ്റും തേടിയുള്ള ആത്മസമര്‍പ്പണത്തിലാണ് കായിക താരങ്ങള്‍.
അതിനിടയിലാണ് ഗെയിംസ് പൊളിക്കാന്‍ ഗൂഢനീക്കം നടക്കുന്നുവെന്ന മന്ത്രി തിരുവഞ്ചൂരിന്റെ കുറ്റാരോപണവും ഗെയിംസ് സംഘാടനത്തില്‍ ഗുരുതരമായ പിഴവ് പറ്റിയെന്ന സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ പ്രസ്താവനയും പുറത്ത് വന്നത്. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട മുഴുവന്‍ കണക്കുകളും പരിശോധിക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍, ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനൊക്കെ പുറമെ ഗെയിംസിലെ അഴിമതി ആരോപണങ്ങളെ കുറിച്ച് സി ബി ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ്, ഗെയിംസിന് തിരശ്ശീല വീഴുന്നതിന് മുമ്പ്തന്നെ പരമാവധി വിവരങ്ങള്‍ ശേഖരിക്കാന്‍ സി ബി ഐ കൊച്ചി യൂണിറ്റ് ശ്രമം തുടങ്ങിയത്. അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കിയതിലും, ഗെയിംസിന് വേണ്ട ഉപകരണങ്ങള്‍ വാങ്ങിയതിലുമെല്ലാം കോടികളുടെ അഴിമതി നടന്നുവെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. നിത്യേന ലക്ഷങ്ങളുടെയല്ല, കോടികളുടെ അഴിമതിക്കഥകള്‍ ഉയര്‍ന്ന് വരുന്നു. “അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ ” എന്ന അവസ്ഥയിലാണ് അഴിമതിക്കഥകള്‍ നിറയുന്നത് . ഇതെല്ലാം സമഗ്രമായ അന്വേഷണത്തിന് വിധേയമാകുമെന്നും “ചക്കരക്കുട” ത്തില്‍ കൈയിട്ട് വാരുന്നവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും നമുക്ക് പ്രതിക്ഷിക്കാം.