Connect with us

International

ജോര്‍ദാന്‍ വ്യോമാക്രമണത്തില്‍ യു എസ് വനിത കൊല്ലപ്പെട്ടെന്ന് ഇസില്‍

Published

|

Last Updated

ബെയ്‌റൂത്ത്: അമേരിക്കയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണത്തില്‍ യു എസുകാരിയ ബന്ദി കൊല്ലപ്പെട്ടെന്ന് ഇസില്‍. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിലാണ് ദാഇഷ് ഇക്കാര്യം വ്യക്തമാക്കിയത്. 2013 ആഗസ്റ്റില്‍ സിറിയയിലെ അലപ്പോയില്‍ നിന്നാണ് യു എസുകാരിയായ കൈല മുള്ളറെ ഇസില്‍ ബന്ദിയാക്കിയിരുന്നത്. റഖയില്‍ ജോര്‍ദാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടെന്നും ഇവരുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇതുസംബന്ധിച്ച എന്തെങ്കിലും ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാല്‍ വാര്‍ത്തെയെ സംബന്ധിച്ച വിശ്വാസ്യത ഉറപ്പ് വരുത്താനായിട്ടില്ല. വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇസില്‍ തീവ്രവാദികള്‍ക്കെതിരെയുള്ള ആക്രമണം ജോര്‍ദാന്‍ ശക്തമാക്കി. ഇസിലിന്റെ സൈനിക പരിശീലന കേന്ദ്രങ്ങള്‍ക്ക് നേരെയും ഇവരുടെ ആയുധപ്പുരകള്‍ക്ക് നേരെയും കഴിഞ്ഞ ദിവസം ആക്രമണം നടത്തിയതായി ജോര്‍ദാന്‍ വ്യക്തമാക്കി. തങ്ങളുടെ പൈലറ്റിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ഇസില്‍ ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രമേ ആയിട്ടുള്ളൂവെന്ന് വിദേശ മന്ത്രി നാസര്‍ ജൂദെ പറഞ്ഞു. ശത്രുക്കള്‍ എവിടെയാണെങ്കിലും അവരെ പിന്തുടര്‍ന്ന് ആക്രമിക്കും. സാധ്യമാകുന്ന രൂപത്തിലെല്ലാം അവരെ നശിപ്പിക്കാന്‍ തന്നെയാണ് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോര്‍ദാന്‍ യുദ്ധവിമാനങ്ങള്‍ക്ക് അമേരിക്കയുടെ എഫ് 16, എ 22 യുദ്ധവിമാനങ്ങളും പിന്തുണയുമായി രംഗത്തുണ്ട്.