വാട്ടര്‍ പോളോ വനിതകള്‍ക്ക് സ്വര്‍ണം; പുരുഷന്‍മാര്‍ കൈവിട്ടു

    Posted on: February 7, 2015 11:30 pm | Last updated: February 7, 2015 at 11:30 pm

    water poloതിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷമായി വാട്ടര്‍പോളോയില്‍ കേരളം കുത്തകയാക്കിവെച്ച സ്വര്‍ണമെഡല്‍ നലിനിര്‍ത്താനുള്ള പോരാട്ടത്തില്‍ വനിതകള്‍ അനായാസം ലക്ഷ്യം കണ്ടപ്പോള്‍ പുരുഷന്മാര്‍ അടിയറവ് പറഞ്ഞു.
    ഇന്നലെ സര്‍വീസസസ് ടീമുകളോട് ഏറ്റുമുട്ടിയ വാട്ടര്‍ പോളോ ഫൈനല്‍ മത്സരത്തില്‍ കേരള വനിതകള്‍ സ്വര്‍ണവും പുരുഷന്മാര്‍ വെള്ളിയും കരസ്ഥമാക്കി. അവസാന മത്സരത്തില്‍ ബംഗാളിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളത്തിന്റെ വനിതാ ടീമാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ ബംഗാളിനെതിരെ കേരളത്തിനുവേണ്ടി ജെ ശ്രീക്കുട്ടി മൂന്നും നിത്യ, ശരണ്യ നീത്തു എന്നിവര്‍ ഓരോ ഗോളും നേടി. തുടര്‍ച്ചയായ അഞ്ചാം തവണയാണ് കേരള വനിതാ ടീം വാട്ടര്‍ പോളോയില്‍ സ്വര്‍ണം കരസ്ഥമാക്കുന്നത്. കര്‍ണാടകയക്കാണ് ഈ ഇനത്തില്‍ വെങ്കലം.
    അതേസമയം പുരുഷന്മാരുടെ വാട്ടര്‍പോളോയില്‍ കേരളത്തിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മലയാളി താരങ്ങളുടെ കരുത്തിലിറങ്ങിയ സര്‍വീസസ് ടീമാണ് കേരളത്തെ തോല്‍പ്പിച്ച് സ്വര്‍ണം നേടിയത്. വാശിയേറിയ മത്സരത്തിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കേരളം പരാജയപ്പെട്ടത്. ഷൂട്ടൗട്ടില്‍ 5-3നാണ് കേരളത്തെ സര്‍വീസസ് പരാജയപ്പെടുത്തിയത്.
    ആദ്യ ക്വാര്‍ട്ടറില്‍ 2-1 എന്ന സ്‌കോറില്‍ കേരളം ലീഡ് നേടിയെങ്കിലും രണ്ടാം പാദത്തില്‍ സര്‍വീസസ് 2-0 എന്ന സ്‌കോറില്‍ തിരിച്ചുവന്നു. മൂന്നാം പാദത്തിലും 2-1 എന്ന സ്‌കോറില്‍ ലീഡ് ചെയ്ത സര്‍വീസസ് ടീം അവസാന മിനിറ്റില്‍ സ്‌കോര്‍ 7-5 ആക്കി ജയം ഉറപ്പാക്കി.