ഉക്രെയിന്‍ നഗരത്തില്‍ നിന്ന് ജനങ്ങളെ ഒഴിച്ചു മാറ്റുന്നതിന് വിമതരുമായി കരാര്‍

Posted on: February 7, 2015 5:59 am | Last updated: February 7, 2015 at 11:00 am

കീവ്: പ്രശ്‌നബാധിത പ്രദേശമായ ഉക്രെയിനിലെ ദേബല്‍സീവില്‍ നിന്ന് ജനങ്ങളെ ഒഴിച്ചു മാറ്റുന്നതിന് റഷ്യന്‍ അനുകൂല വിമതരും ഉക്രെയിന്‍ സര്‍ക്കാര്‍ അധികൃതരും തമ്മില്‍ ധാരണയിലെത്തി. ജര്‍മനിയും ഫ്രാന്‍സുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉക്രെയിന്‍ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ട്‌പോകുന്നതിനിടെയാണ് ഇരുവിഭാഗവും ദേബല്‍സീവില്‍ നിന്ന് സാധാരണക്കാരെ ഒഴിച്ചുമാറ്റുന്നതിന് ധാരണയിലെത്തിയിരിക്കുന്നത്. കരാറിനെ തുടര്‍ന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകുന്നത് വരെ ഇരുവിഭാഗവും ആയുധങ്ങള്‍ താഴെ വെക്കും.കരാര്‍ പ്രാബല്യത്തിലായതോടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് വിമതരുടെ പോലീസ് അംഗങ്ങളുടെയും ഉക്രെയിന്‍ സൈനിക വാഹനങ്ങളും ദേബല്‍സീവിലേക്ക് നീങ്ങുന്നത് കാണാമായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജര്‍മന്‍ പ്രസിഡന്റ് ആഞ്ചെ മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹോളണ്ടെയും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി ചര്‍ച്ചക്കുള്ള നടപടികളുമായി മുന്നോട്ട്‌പോയ സാഹചര്യത്തിലാണ് ഇന്നലെ വിമതരും ഉക്രെയിന്‍ സര്‍ക്കാര്‍ അധികൃതരും കരാറില്‍ ഒപ്പുവെച്ചത്.