Connect with us

International

ഇസ്‌റാഈല്‍ എംബസിക്ക് സമീപം വ്യാജ ബോംബ്: ഇറാന്‍ നയതന്ത്രജ്ഞനെ പുറത്താക്കി

Published

|

Last Updated

ജറുസലേം: കഴിഞ്ഞ മാസം മൊണ്ടിവീഡിയോയിലെ ഇസ്‌റാഈല്‍ എംബസിക്ക് സമീപം വ്യാജ ബോംബ് സ്ഥാപിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇറാന്റെ മുതിര്‍ന്ന നയതന്ത്രജ്ഞനെ ഉറുഗ്വെ പുറത്താക്കിയതായി ഇസ്‌റാഈല്‍ ദിനപത്രം ഹാരിറ്റ്‌സ് .
നയതന്ത്രജ്ഞനെ രണ്ടാഴ്ച മുമ്പ് പുറത്താക്കിയതായി ഉറുഗ്വെ ഇസ്‌റാഈലിനെ അറിയിച്ചിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് പൊതു പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് മുതിര്‍ന്ന ഇസ്‌റാഈല്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. വ്യാജ ബോംബ് കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് ഇറാന്‍ എംബസിയിലെ ആര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം ഉറുഗ്വെയുടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ചിരുന്നുവെന്നും പത്രം പറയുന്നു.
വിവരശേഖരണത്തിനായി ഉറുഗ്വന്‍ സര്‍ക്കാര്‍ ഇറാനുമായി ബന്ധപ്പെട്ട് കൂടിയാലോചന നടത്തിയ ശേഷമാണ് നയതന്ത്രജ്ഞനെ പുറത്താക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ റിപ്പോര്‍ട്ട് തള്ളാനോ സ്ഥിരീകരിക്കാനോ ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രാലയം തയ്യാറായില്ല. ജനുവരി എട്ടിനാണ് മൊണ്ടിവീഡിയോ ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ ഇസ്‌റാഈല്‍ എംബസിക്ക് സമീപം വ്യാജ ബോംബ് കണ്ടെത്തിയത്.
ഇത് യഥാര്‍ഥ ബോംബ് സ്ഥാപിക്കുന്നതിനു മുമ്പുള്ള റിഹേഴ്‌സലാകാമെന്ന് അന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു.

Latest