Connect with us

International

ഇസിലിനെതിരായ നടപടി ജോര്‍ദാന്‍ ഇറാഖിലേക്ക് വ്യാപിപ്പിച്ചു

Published

|

Last Updated

ദമസ്‌കസ്: ഇസില്‍ തീവ്രവാദികള്‍ക്കെതിരായ നടപടി ജോര്‍ദാന്‍ ഇറാഖിലേക്ക് വ്യാപിപ്പിച്ചു. കഴിഞ്ഞ ദിവസം തങ്ങളുടെ പൗരനായ പൈലറ്റിനെ ഇസില്‍ വധിച്ചതിനെ തുടര്‍ന്നാണ് ജോര്‍ദാന്‍ നടപടികള്‍ ശക്തിപ്പെടുത്തിയത്. ഇസിലിനെതിരെയുള്ള അന്താരാഷ്ട്ര സൈനിക സഖ്യത്തില്‍ കഴിഞ്ഞ സെപ്തംബറിലാണ് ജോര്‍ദാന്‍ കണ്ണിയായത്. ഇതുവരെ സ്വന്തം രാജ്യത്ത് മാത്രം ഒതുങ്ങിയതായിരുന്നു ജോര്‍ദാന്റെ ഇസില്‍ വേട്ട. രാജ്യത്തെ വിവിധ ഇസില്‍ കേന്ദ്രങ്ങളില്‍ ജോര്‍ദാന്‍ സൈന്യം ബോംബിട്ടിരുന്നു. ഇസിലിനെ തിരായ നടപടി രാജ്യത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണെന്ന് ജോര്‍ദാന്‍ വിദേശകാര്യമന്ത്രി നസീര്‍ ജുദെ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തീവ്രവാദികളെ പരാജയപ്പെടുത്തുന്നത് വരെ ആക്രമണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസില്‍ തീവ്രവാദികള്‍ ജോര്‍ദാന്‍ പൈലറ്റിനെ ജീവനോടെ കത്തിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ജോര്‍ദാനിലെ അബ്ദുല്ല രാജാവ് വ്യക്തമാക്കിയിരുന്നു. ഇസിലിനെതിരെയുള്ള ആക്രമണം ആരംഭിച്ചിട്ടേയുള്ളൂവെന്ന് നസീര്‍ ജുദെ വ്യക്തമാക്കി. ഇറാഖിലെ ഇസില്‍ പരിശീലന കേന്ദ്രങ്ങളിലും ആയുധ സംഭരണ ശാലകളും കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ദിവസം ജോര്‍ദാന്‍ സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് ആകാശത്ത് വന്‍ അഗ്നി ഗോളങ്ങള്‍ കാണാമായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിന്റെയും സിറിയയുടെയും മൂന്നിലൊന്ന് പ്രദേശങ്ങള്‍ ഇസിലിന്റെ നിയന്ത്രണത്തിലാണുള്ളത്. അതേസമയം ഇറാഖ് നഗരമായ ട്രെബിലിന് അടുത്തുള്ള കേന്ദ്രത്തിലേക്ക് ജോര്‍ദാന്‍ സൈന്യം നീങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. അതിനിടെ തീവ്രവാദികള്‍ ജീവനോടെ കത്തിച്ച പൈലറ്റിനും അബ്ദുല്ല രാജാവിനും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് ആയിരക്കണക്കിന് പേര്‍ അമ്മാനില്‍ പ്രകടനം നടത്തി. ജോര്‍ദാന്‍ പൗരന്റെ മരണരംഗമുള്ള വീഡിയോ ഇസില്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് അബ്ദുല്ല രാജാവ് ബുധനാഴ്ച യു എസ് സന്ദര്‍ശനം വെട്ടിച്ചുരുക്കി ജോര്‍ദാനിലേക്ക് മടങ്ങിയിരുന്നു. ഇസില്‍ തീവ്രവാദികള്‍ക്കെതിരായ നടപടി ശക്തിപ്പെടുത്തുന്നതിന് വേണ്ടി ജോര്‍ദാന് അമേരിക്ക സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു.