കച്ചേരിപ്പറമ്പിലും അട്ടപ്പാടി ചുരത്തിലും മാവോയിസ്റ്റുകളെ കണ്ടതായി വിവരം

Posted on: February 7, 2015 10:57 am | Last updated: February 7, 2015 at 10:57 am

മണ്ണാര്‍ക്കാട്: മാവോയിസ്റ്റ് സാനിദ്ധ്യം സ്ഥിതീകരിച്ച മണ്ണാര്‍ക്കാട് മേഖലയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാനിദ്ധ്യം. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ വനംവകുപ്പ് പോലീസ് ഉന്നതാധികാരികള്‍ക്ക് കൈമാറിയെങ്കിലും പരിശോധനകള്‍ ശക്തമല്ലെന്ന ആക്ഷേപം ഉയരുന്നു.
മുക്കാലിയിലെ സൈലന്റ്‌വാലി റൈഞ്ച് ഓഫീസ് അക്രമണത്തിന് ശേഷം അട്ടപ്പാടിയുടെ വിവിധ ഊരുകളിലും തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പ് വനമേഖലയിലും മാവോയിസ്റ്റെന്ന് സംശയിക്കുന്നവരെ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടു. കച്ചേരിപ്പറമ്പില്‍ നാലുപേരെ കണ്ടതായാണ് വനം വകുപ്പിന് ലഭിച്ച വിവരം. കൂടാതെ അട്ടപ്പാടി ചുരത്തിലും കഴിഞ്ഞ ദിവസം ചുരമിറങ്ങി വരുകയായിരുന്ന ലോറി ജീവനക്കാര്‍ അര്‍ധരാത്രിയില്‍ ഒരു സ്ത്രീയുള്‍പ്പെടെ അഞ്ചുപേര്‍ പട്ടാള വേഷത്തില്‍ ചുരത്തില്‍ കണ്ടിരുന്നു. ഒരു ഭാഗം കൊക്കയും ഉയര്‍ന്ന ചരിവും ആയതിനാല്‍ ഇവര്‍ ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചെങ്കിലും ലോറിയുടെ മുമ്പില്‍ അകപ്പെടുകയായിരുന്നു. ഈ വിവരം ലോറിക്കാര്‍ ആനമൂളി ചെക്കുപോസ്റ്റില്‍ അറിയിക്കുകയും ചെക്ക് പോസ്റ്റിലെ ജീവനക്കാര്‍ സമീപത്ത് പട്രോളിംങ് നടത്തുകയായിരുന്ന പോലീസുകാരെ അറിയിച്ചുവെങ്കിലും ചുരത്തില്‍ പരിശോധനക്ക് തയാറാവാതെ പോലീസ് തിരിച്ചു പോവുകയായിരുന്നുവെന്ന് വനം വകുപ്പ് ജീവനക്കാര്‍ പറയുന്നു.