Connect with us

Palakkad

പള്ളിയില്‍ മുജാഹിദുകള്‍ തമ്മില്‍ ഏറ്റുമുട്ടി; സ്ത്രീകള്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരുക്ക്‌

Published

|

Last Updated

മണ്ണാര്‍ക്കാട്: എടത്തനാട്ടുകരയില്‍ പള്ളിയില്‍ മുജാഹിദുകള്‍ തമ്മില്‍ ഏറ്റുമുട്ടി. സ്ത്രികളടക്കം പത്ത് പേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. എടത്തനാട്ടുകര, കൊടിയംകുന്ന് ദാറുസലാം ജുമാ മസ്ജിദ് കെ എന്‍ എം ഔദ്യോഗിക വിഭാഗം പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമത്തിനിടെയാണ് കൂട്ടത്തല്ല് നടന്നത്.
ഔദ്യോഗിക വിഭാഗം ഐ എസ് എമ്മിന്റെ സംസ്ഥാന സെക്രട്ടറി പി കെ സക്കറിയയെ കൊണ്ട് ഖുത്തുബ നടത്തിക്കുന്നതിനായി നിലവിലെ പള്ളിയിലെ മൗലവി ശരീഫ് കാരയെ മിമ്പറില്‍ നിന്നും അടിച്ചിറക്കിയ ഔദ്യോഗിക വിഭാഗം എതിര്‍ വിഭാഗത്തെ പള്ളിയില്‍ നിന്നും പുറത്താക്കിയശേഷം പള്ളി അകത്ത് നിന്നും പൂട്ടി ഖുത്തുബ നടത്തുകയായിരുന്നു. ഔദ്യോഗിക വിഭാഗത്തിന്റെ അക്രമത്തില്‍ നിലവിലെ ഖത്തീബ് മൗലവി ശരീഫ് കാര, വട്ടതൊടി ഹമീദ്, സക്കീര്‍ ചക്കതൊടി, നാസര്‍ ചക്കതൊടി, അബൂബക്കര്‍ പടുവന്‍പാടന്‍, മുസ്തഫ നെച്ചികോടന്‍ എന്നിവര്‍ക്കും സ്ത്രികളായ ഖദീജ വട്ടതൊടി, ഉമ്മുഫസ്്‌ല നെച്ചിക്കോട്, ഷമീറ ചതുരാല എന്നിവര്‍ക്കും പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ സക്കീര്‍ ഹുസൈന്‍ ഉള്‍പ്പെടെയുള്ളവര്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഔദ്യോഗിക പക്ഷവും, ജിന്ന് വിഭാഗവും തമ്മില്‍ പള്ളി പിടിച്ചെടുക്കാന്‍ ശ്രമം തുടങ്ങിയിട്ട് നാളുകളേറെയായി.
വഖഫ് ബോര്‍ഡിന്റെ അംഗീകാരമുള്ള ഈ സ്ഥാപനത്തില്‍ തല്‍സ്ഥിതി തുടരുവാന്‍ ജിന്ന് വിഭാഗം ഹൈക്കോടതി വിധി സമ്പാദിച്ചതായും പറയപ്പെടുന്നു. നിലവിലെ പള്ളിക്കമ്മിറ്റിയിലെ ഭൂരിപക്ഷം പേരും ജിന്ന് വിഭാഗക്കാരാണ്. എന്നാല്‍, ഏതാനും ദിവസം മുമ്പ് നിലവിലെ മൗലവിയെ മാറ്റാന്‍ തീരുമാനം എടുത്തെങ്കിലും കോടതിവിധിയിലൂടെ തല്‍സ്ഥിതി തുടരുകയായിരുന്നു. ഇതിനെതിരെയാണ് കെ എന്‍ എം ഔദ്യോഗിക വിഭാഗം ഐ എസ് എം സംസ്ഥാന സെക്രട്ടറിയെ തന്നെ രംഗത്ത് ഇറക്കിയത്. ഐ എസ് എം സംസ്ഥാന സെക്രട്ടറിയെ പള്ളി ഖത്തീബായി നിയമിക്കാന്‍ വാടകഗുണ്ടകളെ ഉപയോഗിച്ച് അക്രമം നടത്തിയതായി ജിന്ന് വിഭാഗം പറയുന്നു. നാട്ടുകല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Latest