Connect with us

Malappuram

'അതിരുകളില്ലാത്ത സല്‍ക്കാരം': 50 ഹോം സ്‌റ്റേകള്‍ തുടങ്ങും

Published

|

Last Updated

മലപ്പുറം: ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഗ്രാമീണ ജീവിതം ആസ്വദിച്ച് താമസിക്കാവുന്ന രീതിയില്‍ കൂടുതല്‍ ഹോം സ്‌റ്റേകളും സര്‍വീസ് വില്ലകളും ആരംഭിക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പദ്ധതിയാവിഷ്‌കരിക്കുന്നു.
ആദ്യ ഘട്ടമായി 50 ഹോം സ്‌റ്റേകള്‍ ആരംഭിക്കാനാണ് പദ്ധതി. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഡി ടി പി സി മമ്പാട് ടീക്ക് ടൗണ്‍ സര്‍വീസ് വില്ലയില്‍ നടത്തിയ ശില്‍പശാലയില്‍ തിരുവനന്തപുരം കിറ്റ്‌സ് പ്രിന്‍സിപ്പല്‍ ഡോ. ബി വിജയകുമാര്‍ ക്ലാസെടുത്തു.
“ദൈവത്തിന്റെ സ്വന്തം നാട്, ജനങ്ങളുടെ സ്വന്തം ടൂറിസം” എന്ന സംസ്ഥാന ടൂറിസം വകുപ്പിന്റെ മുദ്രാവാക്യം യാഥാര്‍ഥ്യമാക്കുന്ന രീതിയില്‍ ഗ്രാമീണ ടൂറിസത്തിന് ഗുണകരമാവുന്ന രീതിയിലാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഹോം സ്റ്റേയില്‍ പങ്കാളികളാകുന്നവര്‍ക്ക് അനുയോജ്യരായ അതിഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമുണ്ടാകും. വീട്ടിലെ ഒരു മുറി സഞ്ചാരികള്‍ക്ക് നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് ഹോം സ്‌റ്റേ വിഭാഗത്തിലും താമസമില്ലാത്ത വീടുകള്‍ നല്‍കി സര്‍വീസ് വില്ല വിഭാഗത്തിലും വരുമാനം നേടാം. പ്രതിമാസം 25000 മുതല്‍
ഒരു ലക്ഷം വരെ ഇത്തരത്തില്‍ സാമ്പാദിക്കാം. സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്കാവശ്യമായ പരിശീലനവും മാര്‍ഗനിര്‍ദേശവും ഡി ടി പി സി നല്‍കും. സ്ഥാപനത്തിന് കൂടുതല്‍ പ്രചാരണം നല്‍കുന്നതിനാവശ്യമായ നടപടികളും ഡി ടി പി സി സ്വീകരിക്കും. ഹോം സ്റ്റേ, സര്‍വീസ് വില്ല സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് 0483 2731504 നമ്പറില്‍ ബന്ധപ്പെടാം.