Connect with us

Malappuram

ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ പരിശോധന നടത്തും: ലഹരിയുടെ സ്രോതസുകള്‍ നിരീക്ഷിക്കും

Published

|

Last Updated

മലപ്പുറം: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിസരങ്ങളും ലഹരി വിമുക്തമാക്കുന്നതിന്റെ ഭാഗമായി ലഹരി ഉത്പന്നങ്ങളുടെ സ്രോതസുകള്‍ നിരീക്ഷിക്കുകയും ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളില്‍ സംയുക്ത പരിശോധന നടത്തുകയും ചെയ്യും.
സംശയകരമായ കേന്ദ്രങ്ങളും ബസ് സ്റ്റോപ്, ബസ്സ്റ്റാന്‍ഡ് പരിസരങ്ങളും നിരീക്ഷിക്കും. ക്ലീന്‍ ക്യാമ്പസ് സെയ്ഫ് ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിസരങ്ങളും അടുത്തമാസം 31 നകം സമ്പൂര്‍ണ ലഹരി വിമുക്തമാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.
സ്‌കൂള്‍, കോളജ് കുട്ടികള്‍ ഉള്‍പ്പെടെ പുതിയ തലമുറയില്‍ ലഹരിയുടെ വ്യാപനം തടയുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍, പോലീസ്, എക്‌സൈസ്, കുടുംബശ്രീ തുടങ്ങിയവ കൂടുതല്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കാന്‍ യോഗം തീരുമാനിച്ചു. പദ്ധതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രായോഗികവത്കരിക്കുന്നതിന് നഗരസഭ, പഞ്ചായത്ത് സെക്രട്ടറിമാരുടെയും കോളജ് പ്രിന്‍സിപ്പല്‍, എന്‍ സി സി, എന്‍ എസ് എസ്, എസ് പി സി വൊളണ്ടിയര്‍മാരുടെയും യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കും. ലഹരിയുടെ ദൂഷ്യഫലങ്ങളും ക്ലീന്‍ ക്യാമ്പസ് സെയ്ഫ് ക്യാമ്പസ് പദ്ധതിയും പരിചയപ്പെടുത്തുന്ന സി ഡി ജില്ലയിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. ഇതിനായി തിയേറ്റര്‍ ഉടമകളുടെ യോഗം വിളിച്ചു ചേര്‍ക്കും.
മണല്‍, ക്വാറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലും തൊഴില്‍രഹിതരായ യുവാക്കളിലും ലഹരിയോടുള്ള അഭിനിവേശം വര്‍ധിച്ചു വരുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു. ഇത്തരം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ നിരീക്ഷിക്കുകയും ലഹരി വസ്തുക്കള്‍ സംഭരിച്ച് വെയ്ക്കാന്‍ സാധ്യതയുള്ള അനധികൃത താമസ കേന്ദ്രങ്ങള്‍ പരിശോധിക്കുകയും ചെയ്യണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. മുഴുവന്‍ വകുപ്പുകളുടെയും ക്ലീന്‍ ക്യാമ്പസ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയ്യാനും അദ്ദേഹം നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, സ്ഥിരം സമിതി അധ്യക്ഷ കെ പി ജല്‍സീമിയ, അംഗം ഉമ്മര്‍ അറക്കല്‍, തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ സഫിയ , കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി വി സുലൈക്കബി, കുടുംബശ്രീ ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ കെ മുഹമ്മദ് ഇസ്മാഈല്‍, അസി. കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പങ്കെടുത്തു.