മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസാനുകൂല്യം നല്‍കും: മന്ത്രി കെ ബാബു

Posted on: February 7, 2015 10:51 am | Last updated: February 7, 2015 at 10:51 am

പരപ്പനങ്ങാടി: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നതിന് സമാനമായ എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവിട്ടതായി ഫിഷറീസ്-തുറമുഖ-എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബു അറിയിച്ചു.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ അരിയല്ലൂര്‍ ഗവ. അപ്പര്‍ പ്രൈമറി സ്‌കൂളിന്റെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഫിഷറീസ് സര്‍വകലാശാലയില്‍ പ്രവേശനത്തിന് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് 20 ശതമാനം സംവരണം ഏര്‍പ്പെടുത്തി ഉത്തരവിറങ്ങിയതായും മന്ത്രി അറിയിച്ചു. തീരദേശ മേഖലയിലെ സ്‌കൂളുകളിലെ അടിസ്ഥാനസൗകര്യ വികസനത്തിന് തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന ജില്ലയില്‍ 9.68 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സംസ്ഥാനത്തുടനീളം ഇത്തരത്തില്‍ 54.72 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
പരിപാടിയില്‍ കെ എന്‍ എ ഖാദര്‍ എം എല്‍ എ അധ്യക്ഷനായി. വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ്് പ്രസിഡന്റ് അന്‍വര്‍ സാദത്ത്, ജില്ലാ പഞ്ചായത്ത് അംഗം എ കെ അബ്ദുര്‍റഹ്മാന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ വൈ സെയ്ത് മുഹമ്മദ്, സ്‌കൂള്‍ പ്രധാനധ്യാപിക പി ഉഷ, തീരദേശ വികസന കോര്‍പ്പറേഷന്‍ റീജനല്‍ മാനേജര്‍ കെ രഘു സംസാരിച്ചു.
2013-14 സാമ്പത്തിക വര്‍ഷം നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ സംസ്ഥാനത്തെ മത്സ്യ ഗ്രാമങ്ങളുടെ വികസനത്തിന് അനുവദിച്ച ഫണ്ടിലുള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. 120 ലക്ഷം അടങ്കല്‍ തുകയില്‍ 432.96 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മിക്കുന്നത്. ഇരുനില കെട്ടിടത്തിന്റെ അഞ്ച് ക്ലാസ് മുറികളും ഒരു ലൈബ്രറി ഹാളും ഒരു സ്മാര്‍ട്ട് ക്ലാസ് റൂമും സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന നിര്‍മിച്ച് നല്‍കും.