Connect with us

Malappuram

കൃഷിഭവനിലെ അനാസ്ഥ തുടരുന്നു; മണ്ണ് പരിശോധനാ ഫലം ഇനിയും കര്‍ഷകര്‍ക്ക് ലഭിച്ചില്ല

Published

|

Last Updated

കോട്ടക്കല്‍: കര്‍ഷകര്‍ പരിശോധനക്ക് നല്‍കിയ മണ്ണ് ഒരു വര്‍ഷമായി നഗരസഭ കൃഷിഭവന്‍ ഓഫീസില്‍ കെട്ടിക്കിടക്കുന്നു. മണ്ണിന്റെ രാസഘടന അറിഞ്ഞ് വളപ്രയോഗം നടത്താനായി കര്‍ഷകരില്‍ നിന്നും ശേഖരിച്ച മണ്ണാണ് ഇനിയും പരിശോധന നടത്തി ഫലം കര്‍ഷകരെ അറിയിത്താതെ ഓഫീസില്‍ തന്നെ കൂട്ടിയിട്ടിരിക്കുന്നത്.

കൃഷിടിത്തില്‍ നിന്നും കര്‍ഷകര്‍ എടുത്ത് നല്‍കുന്ന മണ്ണിന്റെ പരിശോധന മലപ്പുറത്തെ ലാബില്‍ നിന്നാണ് പരിശോധിക്കേണ്ടത്. സൗജന്യമായാണ് ഇത് കര്‍ഷകര്‍ക്ക് ചെയ്തു കൊടുക്കുന്നത്. മണ്ണിന്റെ രാസഘടന അറിഞ്ഞാല്‍ അസാവശ്യമായി വളം ഉപയോഗിക്കുന്നത് ഒഴിവാക്കാനാവും. ഇത് കര്‍ഷകര്‍ക്ക് ലാഭവുമാകും. കര്‍ഷകര്‍ മണ്ണ് നഗരസഭ കൃഷി ഓഫീസില്‍ എത്തിക്കുകയാണ് വേണ്ടത്. അനന്തര നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് ഇവിടെയുള്ള ജീവനക്കാരുടെ ചുമതലയാണ്. എന്നാല്‍ കഴിഞ്ഞ ഒരുവര്‍ഷം മുമ്പ് നല്‍കിയ മണ്ണ്, പരിശോധനക്ക് അയക്കാന്‍ പോലും ഇവിടെയുള്ളവര്‍ തയ്യാറായിട്ടില്ല. കര്‍ഷകര്‍ നല്‍കിയ 150 കിറ്റ് മണ്ണുകള്‍ ഓഫീസില്‍ ഇപ്പോഴും കെട്ടി കിടക്കുന്നുണ്ട്. വിവരം അന്വേഷിക്കുന്നവരോട് ഒഴിവുകഴിവുകള്‍ പറഞ്ഞൊഴിയുകയാണ് അധികൃതരെന്നാണ് ആരോപണം.
അതെ സമയം നെല്‍കര്‍ഷകര്‍ക്ക് നല്‍കാനായി എത്തിച്ച ജൈവവളവും പൂര്‍ണമായും നല്‍കിയിട്ടില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ചിലര്‍ക്ക് മാത്രം നല്‍കി കര്‍മം തീര്‍ത്തിരിക്കുകയാണെന്നും ആക്ഷേപമുണ്ട്. പലപാടശേഖര സമിതികളേയും വളം എത്തിയ വിവരം പോലും അറിയിച്ചിട്ടുമില്ല. നഗരസഭയില്‍ വിതരണത്തിനായി നല്‍കിയ തെങ്ങിന്‍ തൈകളാവട്ടെ പൂര്‍ണമായും വിതരണം ചെയ്യാത്തതിനാല്‍ കരിഞ്ഞുണങ്ങിയ നിലയിലായിട്ടുണ്ട്. 60രൂപക്ക് വില്‍ക്കാനുള്ളതായിരുന്നു ഇവ. യഥാസമയം വിതരണം നടത്താതിരുന്നതാണ് ഇവ ഉപയോഗ ശൂന്യമാകാനിടയായത്.
കരിഞ്ഞുണങ്ങിയ തെങ്ങിന്‍ തൈകള്‍ കൃഷിഭവന്‍ പരിസരത്ത് തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഒട്ടേറെ ആക്ഷേപങ്ങള്‍ കൃഷിഭവനെതിരെ നില്‍ക്കെയാണ് ഇത്തരത്തില്‍ അനാസ്ഥ തുടരുന്നത്.

Latest