Connect with us

Ongoing News

ഊര്‍ജ്ജ ദൗര്‍ലഭ്യത്തിന് പരിഹാരം തേടി സമുദ്ര ഖനന ഉപാധി വികസിപ്പിക്കുന്നു

Published

|

Last Updated

കൊച്ചി: രാജ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ ദൗര്‍ലഭ്യത്തിനു പരിഹാരം കാണാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് വന്‍തോതില്‍ ഗ്യാസ് ഹൈഡ്രേറ്റ് ഖനനം ചെയ്യാനുതകുന്ന ഉപകരണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞതായി കേന്ദ്ര ഭൗമമന്ത്രാലയം സെക്രട്ടറി ഡോ. ശൈലേഷ് നായക്.
ഡല്‍ഹിയിലെ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രം നിര്‍മിച്ച ഉപകരണത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിച്ചു വരികയാണ്. വിജയകരമായി ഖനനം ചെയ്യാനാകുകയാണെങ്കില്‍ രാജ്യത്തിന്റെ സുസ്ഥിര ഊര്‍ജ്ജസ്രോതസ്സായി ഗ്യാസ് ഹൈഡ്രറ്റ് മാറുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന ലോക സമുദ്ര ശാസ്ത്ര കോണ്‍ഗ്രസില്‍ ഇന്ത്യന്‍ സമുദ്രത്തിലെ ഗവേഷണ പദ്ധതികളെക്കുറിച്ചും സര്‍ക്കാര്‍ നയങ്ങളെക്കുറിച്ചും സംസാരിക്കുകയായിരുന്നു ഡോ. ശൈലേഷ് നായക്. പ്രാഥമിക പഠനങ്ങളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍തോതിലുള്ള ഗ്യാസ് ഹൈഡ്രേറ്റ് ശേഖരം കണ്ടെത്തിയിരുന്നു. പോളി മെറ്റാലിക് തരികളും ഹൈഡ്രോതെര്‍മല്‍ സള്‍ഫൈഡ്‌സും ഖനനം ചെയ്യുന്നതിനുള്ള ഉപകരണങ്ങളും ഗവേഷണ കേന്ദ്രം വികസിപ്പിച്ചിട്ടുണ്ട്. സമുദ്ര പരിപാലനം, ഗവേഷണം, വിഭവങ്ങളുടെ സുസ്ഥിര ഉപഭോഗം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന സമഗ്രമായ അന്താരാഷ്ട്ര സമുദ്രനയം അനിവാര്യമാണെന്നും ഡോ ശൈലേഷ് നായക് പറഞ്ഞു. ഇത് സംബന്ധിച്ച അന്താരാഷ്ട്ര സഹകരണത്തിനായി പ്രത്യേക കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കും.
അടുത്തിടെയുണ്ടായ പല പ്രകൃതിക്ഷോഭങ്ങളും കൃത്യമായി പ്രവചിക്കുന്നതിലൂടെ സമുദ്ര നിരീക്ഷണത്തിനും ഗവേഷണത്തിനുമായി രാഷ്ട്രം നീക്കിവച്ച തുക ഫലവത്താണെന്നു തെളിയിക്കാന്‍ ഗവേഷക സമൂഹത്തിനു കഴിഞ്ഞിട്ടുണ്ട്.

Latest