Connect with us

Ongoing News

ട്രെയിനിനു നേരെ കല്ലെറിഞ്ഞ രണ്ടംഗസംഘം ഗെയ്റ്റ്മാനെ മൃഗീയമായി മര്‍ദിച്ചു

Published

|

Last Updated

ആലപ്പുഴ/മണ്ണഞ്ചേരി: റെയില്‍പാതയില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ രണ്ടംഗസംഘം ഗെയ്റ്റ്മാനെ മൃഗീയമായി മര്‍ദിച്ചു. ഇന്നലെ പകല്‍ 3.30ന് കണ്ണൂര്‍ എക്‌സ്പ്രസിന് നേരെ തീരദേശ പാതയില്‍ സര്‍വോദയപുരം ഗേറ്റിലായിരുന്നു സംഭവം.
ഈ ഭാഗത്ത് പാതയുടെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ പതുക്കെ നീങ്ങിയ ട്രെയിനിന് നേരെ ഈ സംഘം കല്ലെറിയുകയായിരുന്നു. സംഭവം ചോദ്യം ചെയ്ത ഗാര്‍ഡിനു നേരെയും അസഭ്യം പറയുകയും കല്ലെറിയുകയും ചെയ്തു. അക്രമികളെത്തിയ ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുത്ത ഗെയ്റ്റ്മാനെ ഇവര്‍ മൃഗീയമായി മര്‍ദിച്ചു. സംഭവം കണ്ട് ബഹളംവെച്ച പരിസരവാസിയായ സ്ത്രീയെയും തടസ്സം നിന്ന ബന്ധുവായ യുവാവവിനെയും ഇവര്‍ മര്‍ദിച്ചിരുന്നു. അക്രമത്തില്‍ പരുക്കേറ്റ ഗെയ്റ്റ്മാന്‍ മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ പൂപ്പള്ളിക്കാവില്‍ തെക്കേ പനമ്പുകാവില്‍ മനു, മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ വെളിയില്‍ വീട്ടില്‍ ശ്യാമള (45) ബന്ധു അനീഷ് (23) എന്നിവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമി സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ വൈശ്യം പറമ്പില്‍ ബാബുവിന്റെ മകന്‍ അരുണ്‍ബാബു(19) ആണ് പിടിയിലായത്. സംഘാംഗമായ മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സര്‍വ്വോദയപുരം സ്വദേശി വിഷ്ണു വിക്രമനുവേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.
തീരദേശ പാതയില്‍ ഗേറ്റ് ജീവനക്കാരെ അക്രമിക്കുന്ന സംഭവം പതിവാണെന്നും കഴിഞ്ഞ ദിവസം പുന്നപ്ര വിയാനി ഗേറ്റില്‍ വനിത ജീവനക്കാരിയെയും അക്രമിച്ചതായി എസ് ആര്‍ എം യു ആലപ്പുഴ യൂനിറ്റ് സെക്രട്ടറി ടി രാജേന്ദ്രന്‍പറഞ്ഞു.
ഗേറ്റ് ജീവനക്കാര്‍ക്ക് ഭയമില്ലാതെ ജോലി ചെയ്യുവാനുള്ള അവസരം തീരദേശ പാതയില്‍ ഇല്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Latest