Connect with us

Ongoing News

ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍: സി ഇ ഒ

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് ദേശീയ ഗെയിംസ് സി ഇ ഒ. ജേക്കബ് പുന്നൂസ്. ദേശീയ ഗെയിംസിലെ ക്രമക്കേടുകളെക്കുറിച്ച് സി ബി ഐ അന്വേഷണം ആരംഭിച്ചതായുള്ള മാധ്യമവാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗെയിംസിനെക്കുറിച്ച് സി ബി ഐയോ, വിജിലന്‍സോ, നിയമസഭാ സമിതിയോ ഉള്‍പ്പെടെ ഏത് ഏജന്‍സി അന്വേഷിച്ചാലും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാറിന് ഒന്നും ഒളിച്ചുവെക്കാനില്ല. പരിശോധനയുമായി സഹകരിക്കാന്‍ ഗെയിംസ് അധികൃതര്‍ തയ്യാറാണ്. അന്വേഷണം വേണമെന്നാണ് തന്റെ നിലപാടെന്നു ജേക്കബ് പുന്നൂസ് വ്യക്തമാക്കി. രാജ്യത്തെ കായിക മേളകള്‍ അഴിമതിയില്‍ മുങ്ങിയതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ മേളയില്‍ അഴിമതിയില്ലെന്നു തെളിയിക്കാന്‍ അന്വേഷണം നടക്കണം. ഗെയിംസിനുശേഷം ചെലവുകള്‍ ഗെയിംസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കുകള്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ഏജന്‍സി മാത്രമായി ഗെയിംസിന്റെ കാര്യങ്ങള്‍ നോക്കുന്നത് ഇതാദ്യമാണ്. വിശ്വാസ്യതക്ക് ഭംഗം വന്നാല്‍ ഗെയിംസ് സ്തംഭിക്കുമെന്നും അതിനിടവരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.ദേശീയ ഗെയിംസിനായി 2011ല്‍ 611 കോടിയാണ് വകയിരുത്തിയത്. ഇതില്‍ 500 കോടിരൂപ ഇതുവരെ ചെലവാക്കി. 434 കോടിരൂപ കാര്യവട്ടം സ്റ്റേഡിയം ഉള്‍പ്പെടെ 25 സ്ഥലങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവായി.
ദേശീയ ഗെയിംസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത ചില കായിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 16 കോടിയും നല്‍കി. കായിക ഉപകരണങ്ങള്‍ വാങ്ങാനായി 2009 ല്‍ കണക്കാക്കിയത് 35 കോടിരൂപയാണ്. അതും 611 കോടിയില്‍ ഉള്‍പ്പെടുന്നു. ദേശീയ ഗെയിംസിനായി വകയിരുത്തിയ 126 കോടിയില്‍ നിന്നാണ് രണ്ടാഴ്ചത്തേക്ക് 25000 ആളുകളുടെ ആഹാരം,15000 പേര്‍ക്ക് വാഹനസൗകര്യം,12000 പേര്‍ക്ക് താമസം, സംസ്ഥാന വ്യാപകമായി കമ്പ്യൂട്ടര്‍ സംവിധാനം, ഉദ്ഘാട-സമാപന ചടങ്ങുകള്‍, പ്രചാരണം, മെഡലുകള്‍, സുരക്ഷ, വിവിധചടങ്ങുകള്‍ക്കായുള്ള തുക, ലൈറ്റുകള്‍, താത്കാലിക നിര്‍മിതികള്‍, കമ്മിറ്റികളുടെ ചെലവ്, ഉദ്യോഗസ്ഥര്‍ക്കുള്ള ഡി എ, ടി എ അടക്കമുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന സമാപന ചടങ്ങുകളില്‍ 6000 കലാകാരന്‍മാരും, 2000 സാങ്കേതിക വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. ഭക്ഷണം, താമസം, യാത്ര, പരിശീലനം എന്നിവക്കായി ഒരാള്‍ക്ക് ലഭിക്കുന്നത് 15,000 രൂപയാണ്. തെറ്റായ ആരോപണങ്ങള്‍ ഉയരുന്നതിനാല്‍ കരാറുകാര്‍ ഗെയിംസുമായി സഹകരിക്കാന്‍ തയ്യാറാകുന്നില്ല. ഗെയിംസിന്റെ പ്രവര്‍ത്തനത്തെ ഇതു ബാധിച്ചിട്ടുണ്ട്. ഗെയിംസിന്റെ സുഗമമായ നടത്തിപ്പിന് ഇത്തരം പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Latest