രഞ്ജി ട്രോഫി: കേരളവും അസമും തമ്മിലുള്ള മത്സരം തുടങ്ങി

Posted on: February 7, 2015 12:45 am | Last updated: February 7, 2015 at 11:59 pm

തലശ്ശേരി: കോണാര്‍ വയല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രഞ്ജി ട്രോഫിക്കായുള്ള രണ്ടാം ജയം തേടി അസാമിനോട് ഏറ്റുമുട്ടുന്ന കേരളത്തിന്റെ മത്സരം കണ്ണൂര്‍ ജില്ലാ കലക്ടര്‍ ബാലകിരണ്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് മുന്നേ ഇരു ടീമുകളിലെയും കളിക്കാരുമായി കലക്ടര്‍ പരിചയപ്പെട്ടു. ചടങ്ങില്‍ കെ സി എ ട്രഷറര്‍ ടി ആര്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഡി സി എ പ്രസിഡന്റ് ഡോ. മധുസൂദനന്‍, വി ബി ഇസ്ഹാഖ്, ഒ കെ വിനീഷ്, സുരേഷ്ബാബു, എം ധനജ്ഞയന്‍, ജയരാജ്, അജയകുമാര്‍ പ്രസംഗിച്ചു. കഴിഞ്ഞ ദിവസം ഇതേ സ്റ്റേഡിയത്തില്‍ കേരളം സര്‍വീസസിനെ പരാജയപ്പെടുത്തിയിരുന്നു. ഈ സീസണില്‍ കേരളത്തിന്റെ എട്ടാമത് മത്സരമാണിത്. ഗ്രൂപ്പ് സി യില്‍ ഏഴ് മത്സരങ്ങളില്‍ നിന്നായി ഒരു ജയവും ഒരു തോല്‍വിയും അഞ്ച് സമനിലകളുമായി 19 പോയന്റ് നേടി നാലാം സ്ഥാനത്താണ് കേരളമുള്ളത്. ഏഴില്‍ അഞ്ച് ജയം നേടി 35 പോയിന്റ് കരസ്ഥമാക്കിയ അസമുമായാണ് തലശ്ശേരിയില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യ എ താരം ധീരജ് യാദവാണ് അസമിനെ നയിക്കുന്നത്.