Connect with us

Ongoing News

എസ് വൈ എസ് 60-ാം വാര്‍ഷികം :ഹൈവേ മാര്‍ച്ച് പ്രയാണം തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: മഹാസംഗമത്തിന്റെ സന്ദേശ ദൂതുമായി ആദര്‍ശത്തിന്റെ ത്രിവര്‍ണപതാകയേന്തി കേരളത്തിന്റെ നഗരവീഥികളില്‍ ഹൈവേ മാര്‍ച്ച് പ്രയാണം തുടങ്ങി. തലസ്ഥാന നഗരിയില്‍ അടിവെച്ചു നീങ്ങിയ ധര്‍മഭടന്‍മാരുടെ മാര്‍ച്ചിനും ഗാന്ധിപാര്‍ക്കിലേക്കെത്തിയ ആയിരങ്ങളുടെ ആവേശത്തിനും പിന്നാലെയായിരുന്നു സുന്നി കേരളത്തിന്റെ മുന്നണിപോരാളികളുടെ യാത്ര.

കേരളത്തിന്റെ സമ്മേളന ചരിത്രത്തിനും ആദര്‍ശപ്രസ്ഥാനത്തിന്റെ നവോത്ഥാന ചരിത്രത്തിനും മേല്‍ പുതിയ കൊടിയുയര്‍ത്തിയാണ് തെക്കേ അറ്റത്തു നിന്ന് വടക്കോട്ടുള്ള സുന്നി നേതാക്കളുടെ യാത്ര. എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിനായി നാടും നഗരവും ഒരുങ്ങിനില്‍ക്കുന്ന ആവേശത്തിലേക്കാണ് മാര്‍ച്ച് കടന്നുവരുന്നത്. ഇന്നലെ വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ ജാഥാ ലീഡര്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പതിനാല് ജില്ലകളിലെയും സ്വീകരണത്തിന് ശേഷം മാര്‍ച്ച് ഈ മാസം പതിനഞ്ചിന് കാസര്‍കോട് സമാപിക്കും. മാര്‍ച്ചിന് വിവിധ ഭാഗങ്ങളിലായി 29 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.
സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രൗഢമായി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. റീഡ് പ്രസ്സ് മാനേജിംഗ് ഡയറക്ടര്‍ എന്‍ അലി അബ്ദു സന്ദേശ പ്രഭാഷണം നടത്തി. സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കുറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി പ്രഭാഷണം നടത്തി. പി എ ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, ഡോ. പി എ മുഹമ്മദ്കുഞ്ഞി സഖാഫി, ഡോ. ഫാറൂഖ് നഈമി, എ സൈഫുദ്ദീന്‍ ഹാജി, അലി ദാരിമി എറണാകുളം, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി കൊല്ലം, സയ്യിദ് മുഹ്‌സിന്‍ കോയ, എ അഹമ്മദ്കുട്ടി ഹാജി, സയ്യിദ് ഖലീല്‍ റഹ്മാന്‍, ശംസുദ്ദീന്‍ മുസ്‌ലിയാര്‍ ഏരൂര്‍, അബ്ദുര്‍റഹ്മാന്‍ സഖാഫി വിഴിഞ്ഞം, ഹാഷിം ഹാജി, ശറഫുദ്ദീന്‍ പോത്തന്‍കോട്, ശാഫി വള്ളക്കടവ് സംബന്ധിച്ചു. സിദ്ദീഖ് സഖാഫി നേമം സ്വാഗതവും ശാഹുല്‍ ഹമീദ് സഖാഫി നന്ദിയും പറഞ്ഞു.
മാര്‍ച്ചിന് മുന്നോടിയായി വൈകുന്നേരം അഞ്ച് മണിക്ക് പാളയത്ത് നിന്നാരംഭിച്ച സ്വഫ്‌വ റാലി ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. അടുക്കും ചിട്ടയുമായി എസ് വൈ എസ് സന്നദ്ധസേവന വിഭാഗമായ സ്വഫ്‌വയിലെ അറുപത് അംഗങ്ങളുടെ സ്ഥിരം സാന്നിധ്യം മാര്‍ച്ചിന്റെ സൗന്ദര്യമായി മാറി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ അതത് ജില്ലകളിലെ നൂറ് സ്വഫ്‌വ അംഗങ്ങളും ജാഥയെ സ്വീകരിക്കാനെത്തുന്നുണ്ട്. ഇന്ന് കരുനാഗപ്പള്ളി, കായംകുളം, ആലപ്പുഴ എന്നിവിടങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കും.

Latest