മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എസ് വൈ എസ് സമൂഹത്തെ സജ്ജരാക്കുന്നു: പൊന്മള

Posted on: February 7, 2015 12:41 am | Last updated: February 6, 2015 at 11:42 pm

PONMALA ABDUL KHADIR MUSLIYARതിരുവനന്തപുരം: അനീതികള്‍ക്കെതിരെ പ്രതികരിക്കുന്നതോടൊപ്പം മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടി സമൂഹത്തെ സജ്ജരാക്കുകയാണ് എസ് വൈ എസ്സിന്റെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍. എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനം വലിയ ആള്‍ക്കുട്ടത്തെ സൃഷ്ടിക്കുന്നതിന് പകരം സേവനസന്നദ്ധരായ ഒരു സംഘത്തെ സമര്‍പ്പിക്കുകയാണ്. കഴിഞ്ഞ കാലഘട്ടങ്ങളില്‍ സംഘടനക്ക് ലഭിച്ച സ്വീകാര്യത പ്രാസ്ഥാനിക കാഴ്ചപ്പാടുകള്‍ക്ക് ലഭിച്ച വലിയ അംഗീകാരമാണ്- പൊന്‍മള പറഞ്ഞു. എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹൈവേ മാര്‍ച്ചിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ജാഗ്രതയോടെയുള്ള സമീപനമാണ് കഴിഞ്ഞ കാലങ്ങളില്‍ സംഘടന സ്വീകരിച്ചതെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പറഞ്ഞു. മാനുഷിക മൂല്യങ്ങള്‍ക്ക് വേണ്ടി യുവാക്കളുടെ ആരോഗ്യവും സമയവും ഉപയോഗപ്പെടുത്താനാണ് സംഘടന ലക്ഷ്യമിടുന്നതെന്നും സമ്മേളനത്തോടനുബന്ധിച്ച് രാജ്യത്തിന് സമര്‍പ്പിക്കുന്ന സ്വഫ്‌വ അംഗങ്ങള്‍ ഇനി കേരളത്തിന്റെ സേവന മാതൃകയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാം മുന്നോട്ടു വെക്കുന്ന ആശയങ്ങളുടെ പ്രായോഗികതയാണ് സംഘടനയുടെ തീരുമാനങ്ങളെന്നും ഹൈവേ മാര്‍ച്ച് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുന്നതിനിടയില്‍ പേരോട് പറഞ്ഞു.
മതജാതി വര്‍ണ വ്യത്യാസമില്ലാതെ എല്ലാവിഭാഗം ജനങ്ങള്‍ക്കും വേണ്ടിയാണ് എസ് വൈ എസ് സമര്‍പ്പിക്കുന്നതെന്നും വേര്‍തിരിവുകളിലൂടെ മനുഷ്യരെ കാണാന്‍ സംഘടന തയ്യാറായിട്ടില്ലെന്നും പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് വിവിധ കോണുകളില്‍ നിന്ന് പിന്തുണ ലഭിക്കുന്നത് ഇതുകൊണ്ടാണെന്നും സമ്മേളന പ്രമേയം അവതരിപ്പിച്ച് സംസാരിച്ച് എന്‍ അലി അബ്ദുല്ല പറഞ്ഞു.