Connect with us

International

ഇന്ത്യയില്‍ മതസംഘര്‍ഷം വര്‍ധിക്കുന്നു; ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മതത്തിന്റെ പേരിലുള്ള സംഘര്‍ഷം വര്‍ധിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇന്ത്യ വൈവിധ്യങ്ങളാല്‍ സമ്പന്നമായ മനോഹര രാജ്യമാണ്. എന്നാല്‍, പൈതൃകത്തെയും വിശ്വാസത്തെയും ചൊല്ലി പ്രശ്‌നങ്ങളും വഴക്കുകളും അസഹിഷ്ണുതയും കൂടുന്നു. ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ ഇവയൊക്കെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുമായിരുന്നു. വിശ്വാസങ്ങള്‍ നയിക്കുന്നത് നേരിലേക്കായിരിക്കണം. എന്നാല്‍, നശീകരണത്തിന് കൂടി ഉപയോഗിക്കുന്നതിന് നാം സാക്ഷ്യം വഹിക്കേണ്ടി വരുന്നു.
കഴിഞ്ഞ കുറെ നാളുകളായി അവിടെ വിവിധ മതവിഭാഗങ്ങളിലെ ആളുകളുടെ വിശ്വാസം മറ്റ് ആളുകളുടെ പൈതൃകത്തെയും വിശ്വാസത്തെയുമൊക്കെ ചൊല്ലി പ്രശ്‌നങ്ങളും അസഹിഷ്ണുതയും സൃഷ്ടിക്കുന്നു. മതവും വിശ്വാസവും നന്മ ചെയ്യാനാണ് പ്രേരിപ്പിക്കുന്നത്. പലപ്പോഴും പരസ്പരമുളള വേര്‍തിരിവിനും വെറുപ്പിനും ഇത് ആയുധമാകുന്നതാണ് കാണുന്നതെന്നും ഒരു മതത്തിന്റെയും പേരെടുത്തു പറയാതെ ഒബാമ നിരവധി പ്രമുഖര്‍ പങ്കെടുത്ത നാഷനല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റ് ചടങ്ങിനിടെ പറഞ്ഞു.
യു എസിലും ചിലര്‍ ഇത്തരത്തില്‍ മതത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം അസഹിഷ്ണുതകളെ എതിര്‍ക്കുന്നത് ശ്രമകരമാണ്. പക്ഷേ, നമ്മള്‍ പരിശ്രമിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ഒരു ദൈവവും ഭീകരപ്രവര്‍ത്തനത്തിനു മാപ്പ് കൊടുക്കില്ല. ദൈവനാമത്തെ തെറ്റായി ഉപയോഗിക്കുന്നവര്‍ക്കതെിരെ രംഗത്തുവരണം. ആക്രമണങ്ങള്‍ ഒരു കൂട്ടര്‍ക്കു നേരെ മാത്രമല്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പല മതവിഭാഗങ്ങള്‍ക്കു നേരെയുമുണ്ട്. മനുഷ്യ ചരിത്രം പരിശോധിച്ചാല്‍ മനുഷ്യത്വം നിരവധി തവണ ചോദ്യം ചെയ്തതായി കാണാം. യു എസിലും അടിമത്തവും മറ്റും മതത്തിന്റെ പേരില്‍ നീതീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഒബാമ വ്യക്തമാക്കി.
ചടങ്ങില്‍ തിബറ്റന്‍ നേതാവ് ദലൈലാമ അടക്കമുളള വിശിഷ്ടവ്യക്തികള്‍ പങ്കെടുത്തു.

Latest