Connect with us

National

ഗോധ്ര: പരോളിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി

Published

|

Last Updated

അഹ്മദാബാദ്: 2002ലെ ഗോധ്ര സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട ശേഷം പരോളിലിറങ്ങി ഒരു വര്‍ഷത്തിലേറെയായി ഒളിച്ച് നടക്കുകയായിരുന്ന പ്രതിയെ വ്യാഴാഴ്ച രാത്രി ബഹ്‌റൂച്ച് പോലീസ് അറസ്റ്റ്‌ചെയ്തു. വധശിക്ഷക്ക് വിധിക്കപ്പെട്ട സലിം യൂസഫ് സര്‍ദയാണ് പിടിയിലായത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 18ന് വഡോദര സെന്‍ട്രല്‍ ജയിലില്‍ നിന്നും 15 ദിവസത്തേക്കാണ് സര്‍ദ പരോളിലിറങ്ങിയത്. അമോദ്- ബഹ്‌റൂച്ച് ഹൈവേയില്‍ കാര്‍ മോഷ്ടാക്കള്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്ന പോലീസ് സംഘമാണ് ഇയാളെ പിടികൂടിയതെന്ന് ബഹ്‌റൂച്ച് പോലീസ് സുപ്രണ്ട് ബിപിന്‍ അഹിറെ അറിയിച്ചു. വ്യാഴാഴ്ച അര്‍ധരാത്രിയോടെ മൂന്നോ നാലോയാത്രക്കാരുണ്ടായിരുന്ന കാര്‍ പോലീസ് സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടു. കാര്‍ തടഞ്ഞ് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ സലിം സര്‍ദ എന്നാളുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ സംശയം തോന്നിയ പോലീസ് സംഘം കാറിലുണ്ടായിരുന്നവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് പരോളിലിറങ്ങി മുങ്ങി നടക്കുന്ന ഗോധ്ര കേസ് പ്രതിയാണ് തങ്ങളുടെ വലയിലായതെന്ന് പോലീസ് സംഘം തിരിച്ചറിഞ്ഞത്. വീടിന്റെ അറ്റകുറ്റ പണികള്‍ക്ക് മേല്‍നോട്ടം വഹിക്കാനെന്ന പേരില്‍ 15 ദിവസത്തെ പരോളിലിറങ്ങിയ സര്‍ദ പിന്നീട് ജയിലില്‍ തിരിച്ചെത്തിയില്ല. അന്ന് മുതല്‍ പോലീസ് ഇയാള്‍ക്കായി തിരച്ചിലിലായിരുന്നു.
2002 ഫെബ്രുവരി 27നുണ്ടായ ഗോധ്ര ട്രെയിന്‍ തീവെപ്പില്‍ 59 തീര്‍ത്ഥാടകര്‍ വെന്തുമരിച്ചിരുന്നു. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട 31 പ്രതികളില്‍ ഒരാളാണ് സര്‍ദ. 2011 മാര്‍ച്ചില്‍ വിചാരണാ കോടതി സര്‍ദയേയും മറ്റ് പത്ത് പേരെയും വധശിക്ഷക്കാണ് വിധിച്ചത്. മറ്റ് 20 പ്രതികളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.

Latest