Connect with us

National

പാര്‍ട്ടിയോട് ഇടഞ്ഞ് ബീഹാര്‍ മുഖ്യമന്ത്രി മഞ്ചി; സഭ പിരിച്ചുവിടുമെന്ന് ഭീഷണി

Published

|

Last Updated

പാറ്റ്‌ന: ജെ ഡി(യു) നേതൃത്വത്തിനെതിരെ ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചിയുടെ പടപ്പുറപ്പാട്. മുഖ്യമന്ത്രിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ പാര്‍ട്ടി നേതൃത്വം ശനിയാഴ്ച വിളിച്ചുചേര്‍ത്ത പാര്‍ട്ടി നിയമസഭാ കക്ഷിയോഗം അനധികൃതമാണെന്ന് മഞ്ചി പ്രഖ്യാപിച്ചു. നിയമസഭാ കക്ഷി നേതാവെന്ന നിലയില്‍ ഫെബ്രുവരി 20ന് നിയമസഭാ കക്ഷിയോഗം അദ്ദേഹം വിളിച്ചുചേര്‍ക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വൈകീട്ട് ഏഴ് മണിക്കാണ് യോഗം.
മഞ്ചിയെ മാറ്റുകയെന്ന ഉദ്ദേശ്യത്തോടെ ജെ ഡി(യു) പ്രസിഡന്റ് ശരദ് യാദവാണ് ശനിയാഴ്ച നിയമസഭാ കക്ഷിയോഗം വിളിച്ചത്. ഇതാണ് മഞ്ചി അനധികൃതമെന്ന് വിശേഷിപ്പിച്ചത്. തന്നെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ മുതിര്‍ന്നാല്‍ ബീഹാര്‍ നിയമസഭ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
മഞ്ചി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതില്‍ പാര്‍ട്ടിയില്‍ രണ്ടഭിപ്രായമുണ്ട്. ഒരു വിഭാഗം നിയമസഭാ തിരഞ്ഞെടുപ്പ്വരെ മാഞ്ചി തുടരട്ടെ എന്ന് പറയുമ്പോള്‍ മറ്റൊരു വിഭാഗം മഞ്ചിയെ അടിയന്തരമായി മാറ്റണമെന്നും നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്നും അഭിപ്രായപ്പെടുന്നു. പാര്‍ട്ടി പ്രസിഡന്റ് ശരദ് യാദവ് വിളിച്ചുചേര്‍ത്ത നിയമസഭാ കക്ഷിയോഗം “സാധു” വാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി ത്യാഗി വിവരിച്ചു. പാര്‍ട്ടി ഭരണഘടന അനുസരിച്ച് പാര്‍ട്ടി പ്രസിഡന്റിന് നിയമസഭാ കക്ഷിയോഗം വിളിക്കാന്‍ അധികാരമുണ്ടെന്നും ത്യാഗി അഭിപ്രായപ്പെട്ടു. സംസ്ഥാന പാര്‍ലിമെന്ററി കാര്യമന്ത്രി ശരവണ്‍ കുമാര്‍ മുഖ്യമന്ത്രി മഞ്ചിയുടെ നിലപാടിനെ എതിര്‍ത്തു. നിയമസഭാ കക്ഷി യോഗം വിളിക്കാന്‍ പാര്‍ട്ടി ഭരണഘടന പാര്‍ട്ടി അധ്യക്ഷന് പ്രത്യേക അധികാരം നല്‍കുന്നുണ്ടെന്നും ചീഫ് വിപ്പു കൂടിയായ അദ്ദേഹം വാദിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാഞ്ചിയെ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കെ യി ത്യാഗി പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ വിലക്കിയിട്ടും മാഞ്ചി വിവാദ പ്രസ്താവനകള്‍ തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 2010ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ജനങ്ങളുടെ പിന്തുണലഭിച്ചത് നിതീഷ് കുമാറിന്റെ പേരിലാണ്. മഞ്ചിയെ മുഖ്യമന്ത്രിയാക്കിയത് താത്കാലിക സംവിധാനമാണെന്നും ത്യാഗി പറഞ്ഞു. ദളിത് വിഭാഗക്കാരനായ മഞ്ചി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ മുഖ്യമന്ത്രിയായി തുടരട്ടെയെന്നാണ് സംസ്ഥാന മാനവ ശേഷി വികസന മന്ത്രി ബ്രിഷന്‍ പട്ടേലിന്റെ നിലപാട്. ശരദ് യാദവ് വിളിച്ച യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമ വികസന മന്ത്രി നിതീഷ് മിശ്രയും ഈ നിലപാടുകാരനാണ്. പി എച്ച് ഇ ഡി മന്ത്രി മഹാചന്ദ്ര പ്രസാദ് സിംഗ്, നഗരവികസന മന്ത്രി സാമ്രാട്ട് ചൗധരി എന്നിവര്‍ വ്യാഴാഴ്ച രാത്രി മഞ്ചിയെ വീട്ടില്‍ ചെന്ന് കണ്ട് പിന്തുണ പ്രഖ്യാപിച്ചതായി സൂചനയുണ്ട്. ജെ ഡി (യു) വിമത എം എല്‍ എമാരായ ഗ്യാനേന്ദ്ര സിംഗ്, രവീന്ദ്ര റായ് എന്നിവരും പിന്തുണ അറിയിച്ചിട്ടുണ്ട്.
ജെ ഡി (യു) വില്‍ രൂപപ്പെട്ടു വരുന്ന ഗ്രൂപ്പ് വടംവലിയോട് കാത്തിരുന്ന് കാണുക എന്നതാണ് മുഖ്യപ്രതിപക്ഷമായ ബി ജെ പിയുടെ നിലപാട്. മുതിര്‍ന്ന നേതാവ് സുശീല്‍ കുമാര്‍ മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വന്തം പാര്‍ട്ടി മഞ്ചിയെ കൈവിടുന്ന പക്ഷം ബി ജെ പി അദ്ദേഹത്തെ സഹായിക്കുമോ എന്ന് ചോദിച്ചപ്പോള്‍ കാത്തിരുന്ന് കാണുക എന്നായിരുന്നു സുശീല്‍ കുമാര്‍ മോദിയുടെ മറുപടി.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെ ഡി(യു)വിനേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്നാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദമെഴിഞ്ഞ് ദളിത് വിഭാഗക്കാരനായ മഞ്ചിയെ മുഖ്യമന്ത്രിയാക്കിയത്. ആര്‍ ജെ ഡി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ പിന്തുണ കൂടിയാകുമ്പോള്‍ നിയമസഭയില്‍ ജെ ഡി (യു)വിന് ഭൂരിപക്ഷത്തിലേറെ അംഗങ്ങളുടെ പിന്തുണയുണ്ട്. 243 അംഗ സഭയില്‍ ജെ ഡി (യു)വിന് തനിച്ച് 115 അംഗങ്ങളാണുള്ളത്.