Connect with us

Editorial

കൊക്കെയ്ന്‍ വേട്ട വിരല്‍ ചൂണ്ടുന്നത്

Published

|

Last Updated

കൊച്ചി കൊക്കെയ്ന്‍ കേസ് അന്വേഷണം അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളിലേക്ക് നീളുന്നതായാണ് സൂചന. പിടിയിലായവര്‍ക്ക് പുറമെ ന്യൂജനറേഷന്‍ മലയാള സിനിമയിലെ മറ്റു ചില പ്രശസ്ത നടന്മാരും സാങ്കേതികവിദഗ്ധരും മോഡല്‍ രംഗത്തത്തെ പ്രമുഖരും ഇതില്‍ കണ്ണികളാണെന്നാണ് അറിയുന്നത്. ഗോവയില്‍ നിന്ന് ജനുവരി എട്ടിന് കൊച്ചിയില്‍ കൊക്കെയ്ന്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചി പോലീസ് ഒരുക്കിയ വലയാണ് കൊക്കെയ്ന്‍കടത്തു സംഘത്തെ കുരുക്കിയത്. മയക്കുമരുന്നിന്റെ ലഹരിയില്‍ അയല്‍ ഫഌറ്റിലെ യുവതിയെ നഗ്‌നനായി കടന്നുപിടിച്ച കേസില്‍ യുവ തിരക്കഥാകൃത്ത് പിടിയിലായതും കൊച്ചിയിലായിരുന്നു.
കേരളത്തില്‍ മയക്കുമരുന്ന് മാഫിയ ആഴത്തില്‍ വേരുറപ്പിച്ചിട്ടുണ്ടെന്നാണ് ഈ സംഭവങ്ങള്‍ ബോധ്യപ്പടുത്തുന്നത്. കൊച്ചി ഇവരുടെ പ്രധാന കേന്ദ്രമായി മാറിയതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. കൊച്ചി കടവന്ത്രക്കു സമീപത്തെ സ്‌കൈലൈന്‍ ടോപ്‌സ് ഫഌറ്റില്‍ നിന്ന് പിടികൂടിയ മയക്കുമരുന്നിന്റെ പിന്നില്‍ കേരളത്തില്‍ വേരുകളുള്ള രാജ്യാന്തര മാഫിയാ സംഘമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വെളിപ്പെടുത്തുകയുണ്ടായി. ഗോവ വഴിയും മുംബെ വഴിയും മറ്റും കൊച്ചിയില്‍ മയക്കുമരുന്നെത്തിച്ചു മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുമുണ്ട്. ഒരു നൈജീരിയന്‍ പൗരനില്‍ നിന്ന് ഇതിനിടെ 20 കിലോ മയക്കുമരുന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ കണ്ടെടുത്തിരുന്നു. സന്ദര്‍ശകവിസയില്‍ കേരളത്തിലെത്തിയ സിംബാബ്‌വേ സ്വദേശിനിയില്‍ നിന്നു 30 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസുകാര്‍ പിടികൂടിയത് കഴിഞ്ഞ ഡിസംബറിലാണ്. കുവൈറ്റിലേക്കു കടത്താന്‍ ഡല്‍ഹിയില്‍ നിന്നു കൊണ്ടുവന്ന പത്തുകോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയത് ഇതിനു തൊട്ടുമുമ്പാണ്. പൊലീസിലെ ക്രിമിനലുകളായ ചില ഉദ്യോഗസ്ഥരും ഗുണ്ടാസംഘങ്ങളും ക്വട്ടേഷന്‍ സംഘങ്ങളും ഇവര്‍ക്കു സഹായികളായി പ്രവര്‍ത്തിക്കുന്നുണ്ട്. കക്ഷിഭേദമില്ലാതെ ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും മയക്കുമരുന്ന് മാഫിയക്കുണ്ടെന്നാണ് വിവരം.
കൊക്കൈന്‍ കേസില്‍ പിടിയിലായവരില്‍ ന്യൂ ജനറേഷന്‍ സിനിമാ നടനും സഹസംവിധായികയും ഉള്‍പ്പെടുന്നു. ന്യൂ ജെന്‍ സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ മയക്കുമരുന്നുപയോഗം വ്യാപകമാണെന്ന് ഇതിനിടെ സിനിമാരംഗത്തെ ചിലര്‍ തന്നെ വെളിപ്പെടുത്തിയതാണ്. അമിതമായി ലഹരിമരുന്ന് പയോഗിക്കുന്നതിനാല്‍ ഇവരില്‍ പലരും ലൊക്കേഷനില്‍ വൈകിയെത്തുന്നുവെന്നും സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ടു സംഘടിപ്പിക്കുന്ന പാര്‍ട്ടികളില്‍ കൊക്കെയ്ന്‍ അടക്കമുള്ള ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുവെന്നുമാണ് ആക്ഷേപം. ഇതിനെ ശരിവെക്കുന്നതാണ് കൊച്ചിയിലെ കൊക്കെയ്ന്‍ വേട്ട. യുവനടന്‍ ഷൈന്‍ ടോം ചാക്കോയും നാല് യുവതികളും ചേര്‍ന്ന് മയക്കുമരുന്നിന്റെ ലഹരിയില്‍ ആറാടവെയാണ് പിടിയിലായത്. സിനിമയിലെ ലഹരി വഴിഞ്ഞൊഴുകുന്ന രംഗങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയായിരുന്നു ഇവര്‍. പുതുതലമുറ മാത്രമല്ല, സിനിമാ രംഗത്തെ പഴയ തലമുറയിലെ പലരും മുഴുക്കുടിയന്മാരും മയക്കു മരുന്നിന് അടിമകളുമാണെന്നത് രഹസ്യമല്ല. ഇവര്‍ സ്വയം നശിക്കുക മാത്രമല്ല, യുവതലമുറയെ ഇത്തരം വേണ്ടാത്തരങ്ങളിലേക്ക് ആകര്‍ഷിപ്പിക്കുകയും ചെയ്യുന്നു.
കേരളത്തിലെ യുവതലമുറയില്‍ പ്രത്യേകിച്ചും വിദ്യാര്‍ഥികളില്‍ മയക്കുമരന്നുപയോഗം ഭീഷണമായ തോതില്‍ വര്‍ധിച്ചുവരികയാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഷാഡോ പോലീസ് നടത്തിയ ലഹരി മരുന്നു വേട്ടകളില്‍ പിടിയിലായവരില്‍ കൂടുതലും വിദ്യാര്‍ഥികളായിരുന്നു. ഇവരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നതില്‍ സിനിമക്കുള്ള പങ്ക് ചെറുതല്ല. യുവസമൂഹത്തെ ഏറെ സ്വാധീനിക്കുന്നതാണ് സിനിമയും സീരിയലുകളും. സിനിമാ താരങ്ങള്‍ക്കു ഇവര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ സ്വാധീനിക്കും. നല്ല സന്ദേശങ്ങള്‍ നല്‍കി ഈ സ്വാധീനം സമൂഹത്തിന്റെ നന്മക്കു വേണ്ടിയാണ് അവര്‍ ഉപയോഗപ്പെടുത്തേണ്ടത്. അല്ലാതെ മോശം രംഗങ്ങളില്‍ അഭിനയിച്ചു സമൂഹത്തില്‍ അരാജകത്വവും അധാര്‍മികതയും പടര്‍ത്താനല്ല. കല സമൂഹത്തിന്റെ സമുദ്ധാരണത്തിനു വേണ്ടിയാകണം, സമൂഹത്തെ അരാജകത്വത്തിലേക്കും നാശത്തിലേക്കും തള്ളിവിടാനാകരുത്.
കലയെയും കലാകാരന്മാരെയും ഏറെ സ്‌നേഹിക്കുന്നവരാണ് കേരളിയ സമൂഹം. അതുകൊണ്ടുതന്നെ അവരുടെ പ്രവര്‍ത്തനങ്ങളെയും നീക്കങ്ങളെയും അധികൃതരോ സമൂഹമോ ചുഴിഞ്ഞന്വേഷിക്കാറില്ല. ഈ സാഹചര്യം ചൂഷണം ചെയ്തു കുത്തഴിഞ്ഞ ലൈംഗിക ജീവിതവും, ലഹരി ഉപയോഗവും വിപണനവും നടത്തുന്നവര്‍ കലാരംഗത്ത് ധാരാളമുണ്ട്. ഷൈന്‍ ടോമും സംഘവും ഇവര്‍ക്കിടയിലെ പരല്‍മീനുകള്‍ മാത്രരമാണ്. കൊക്കെയ്ന്‍ വേട്ട അന്വേഷണം കൂടുതല്‍ വ്യാപകവും ഊര്‍ജിതവുമാക്കി വമ്പന്‍ സ്രാവുകളെയും വലയിലാക്കേണ്ടതുണ്ട്. സിനിമാ മേഖലയും മറ്റു കലാരംഗങ്ങളും സദാ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിന് വിധേയമാക്കേണ്ടതുമാണ്. സമൂഹത്തെ തിന്മയിലേക്ക് പ്രേരിപ്പിക്കുന്ന സിനിമയിലെയും സീരിയലുകളിലെയും രംഗങ്ങള്‍ വിലക്കാന്‍ നിയമനിര്‍മാണവും ആവശ്യമാണ്.

Latest