ഛായ്, ലാലിസം ഇതാണ് മഹാനടനം !

Posted on: February 7, 2015 6:00 am | Last updated: February 6, 2015 at 11:14 pm

lalism-ഇക്കണ്ടതൊന്നും ലാലിസമല്ലെന്നും യഥാര്‍ഥ ലാലിസം വരാനിരിക്കുന്നതേയുള്ളൂവെന്നും ബാന്‍ഡ് ഏകോപനത്തിന്റെ ചുമതലക്കാരനായ സംഗീത സംവിധായകന്‍ പറഞ്ഞപ്പോള്‍ ഇത്രയൊന്നും ആരും നിരീച്ചിട്ടുണ്ടാകില്ല. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിനാകെ ദുഷ്‌പേരുണ്ടാക്കിയെന്ന ആരോപണമുയര്‍ന്നതോടെ സര്‍ക്കാര്‍ നല്‍കിയ പണം തിരിച്ചുനല്‍കുമെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. ആ പ്രഖ്യാപനം മോഹന്‍ലാലെന്ന കലാകാരന്റെ ഉന്നതമായ ധാര്‍മികബോധത്തിന്റെ തെളിവായി കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിക്കുന്നു. കലാപ്രകടനത്തിന് നല്‍കിയ പണം തിരിച്ചുവങ്ങുന്നത് ധാര്‍മികതയല്ലെന്ന് വിശദീകരിച്ച്, പണം തിരികെ വാങ്ങേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിക്കുന്നു. മോഹന്‍ ലാല്‍ പണം തിരികെക്കൊടുത്തുവെന്ന വാര്‍ത്ത, മന്ത്രിസഭാ യോഗ തീരുമാനം വരുന്നതിന് തൊട്ടുമുമ്പ് പരക്കുന്നു. ചെക്കായി പണം കൈമാറിയെന്ന സ്ഥിരീകരണം വൈകാതെ വന്നു.
ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിക്കാന്‍ പറ്റിയ പരിപാടിയായിരുന്നോ ‘ലാലിസ’മെന്ന ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന ഗാനമേളയും മഹാനടനവും? അത്തരമൊരു പരിപാടി വേണമെന്ന് തീരുമാനിച്ചത് ആരാണ്? ആ പരിപാടിക്ക് ഇത്രയും വലിയ തുക നല്‍കേണ്ടതുണ്ടായിരുന്നോ? വേണ്ടത്ര തയ്യാറെടുപ്പുകളൊന്നും നടത്താത്തതിനാല്‍ പരിപാടി മോശമാകുമെന്ന് ഉറപ്പുള്ളതുകൊണ്ടാണോ പരിപാടിക്കായി താന്‍ പ്രതിഫലം വാങ്ങുന്നില്ലെന്ന് മോഹന്‍ ലാല്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചത്? പാട്ടുകളും മറ്റും മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത ശേഷം വേദിയില്‍ ചുണ്ടനക്കുക മാത്രമേ ചെയ്യൂ എന്ന് സര്‍ക്കാറുമായുണ്ടാക്കിയ കരാറില്‍ മോഹന്‍ ലാല്‍ സംഘം അറിയിച്ചിരുന്നോ? പരിപാടിക്ക് ഫീസായി നല്‍കുകയും ചെക്കായി തിരികെ അയച്ചിട്ടും സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന ഒരു കോടി അറുപത് ലക്ഷത്തിലേറെ രൂപ സംസ്ഥാനത്തെ നികുതി ദാതാക്കളുടെ പണമാകയാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുള്ള ബാധ്യത ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കുമുണ്ട്. മാട്ടേ നാടകമായാലും (നാട്ടിന്‍ പുറങ്ങളില്‍ അരങ്ങേറുന്ന ചെറു നാടകമെന്ന് അര്‍ഥം പറയാം) ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ അതിന്റെ പണം നല്‍കാതിരിക്കുമോ എന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യം ഇവിടെ സംഗതമല്ല. അത്തരമൊരു മാട്ടേ നാടകം നടത്താനല്ലല്ലോ സൂപ്പര്‍ മെഗാ സ്റ്റാറിനെ ഉദ്ഘാടനച്ചടങ്ങിന്റെ സംഘാടക സമിതി ചുമതലപ്പെടുത്തിയത്. അതുകൊണ്ട് ഈടാക്കിയ പണത്തിന് ആനുപാതികമായ സേവനം വേദിയില്‍ കാഴ്ചവെച്ചില്ലെങ്കില്‍ അതിന് ജനത്തിന്റെ പണം കൂലിയായി നല്‍കേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തവുമാണ്.
‘ലാലിസ’മായി വീണുകിട്ടിയ ആയുധം ജിജിയിസത്തിലൂടെ വികസിപ്പിച്ച് ജനത്തിന്റെ കണ്ണില്‍ മണ്ണുവാരിയിട്ട ഉമ്മനിസമാണ് യഥാര്‍ഥ ലാലിസമായി ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. അതാണ് ശരിയായ പത്തൊമ്പതാമത്തെ അടവും. ഉദ്ഘാടനച്ചടങ്ങില്‍ വീഴ്ചകളുണ്ടായെന്ന പരാതി പരിശോധിക്കാന്‍, ചീഫ് സെക്രട്ടറിക്കസേരയില്‍ അമര്‍ന്നിരിക്കാനുള്ള സമയം പോലും കിട്ടാതിരിക്കെ ജിജി തോംസണ്‍ ഉന്നതതല യോഗം വിളിക്കുന്നു. തിരവുഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വിശ്വാസത്തിലെടുത്താല്‍ ആ യോഗം തത്സമയം കാണിക്കാന്‍ പാകത്തില്‍ ചാനല്‍ പ്രതിനിധികളെ ജിജി തോംസണ്‍ തന്നെ വിളിച്ചുവരുത്തുന്നു. യോഗ ശേഷം, പാളിച്ചകളുണ്ടായെന്ന് സമ്മതിച്ചും അവകളെ എണ്ണിയെണ്ണി വിശദീകരിച്ചും ജിജി തോംസണ്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറി അങ്ങനെ പറഞ്ഞതിലെ അതൃപ്തിയുമായി തിരുവഞ്ചൂര്‍ രംഗത്തുവരുന്നു. മന്ത്രിസഭാ യോഗത്തില്‍ ചീഫ് സെക്രട്ടറിയുടെ നടപടിയില്‍ തിരുവഞ്ചൂരിന്റെ പൊട്ടിത്തെറി. ഗെയിംസ് ഭരണസമിതിയുടെ വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് രാജിവെക്കുമെന്ന തിരുവഞ്ചൂരിന്റെ ഭീഷണി മേമ്പൊടിക്ക്. മന്ത്രിസഭാ യോഗത്തിന് ശേഷം ചീഫ് സെക്രട്ടറിയെ തള്ളിപ്പറയാതെയും ഉദ്ഘാടനച്ചടങ്ങില്‍ തന്റെ കസേരപോലും അതിഥികള്‍ക്ക് നല്‍കി വിനയവും സംഘാടനമികവും കാട്ടിയ തിരുവഞ്ചൂരിനെ പ്രകീര്‍ത്തിച്ചും മുഖ്യമന്ത്രിയുടെ വാഗ്‌ധോരണി.
പാമൊലിന്‍ കോഴക്കേസില്‍ ഇപ്പോഴും പ്രതിസ്ഥാനത്തു നില്‍ക്കുന്ന ജിജി തോംസണെ ചീഫ് സെക്രട്ടറിയായി നിയമിക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി കാട്ടിയ താത്പര്യം പ്രസിദ്ധമാണ്. അങ്ങനെ വന്നയൊരാള്‍ മുഖ്യമന്ത്രിയുടെ അനുമതി കൂടാതെ ഉദ്ഘാടനച്ചടങ്ങിലെ വീഴ്ച പരിശോധിക്കാന്‍ ഉന്നതതല യോഗം വിളിക്കുകയും അതിന് ശേഷം മാധ്യമങ്ങളോട് കാര്യങ്ങള്‍ തുറന്നു പറയുകയും ചെയ്യുമോ? സംഗതികള്‍ ഇവ്വിധം തന്നെ നടക്കുക എന്നത് മുഖ്യമന്ത്രിയുടെ ആവശ്യമായിരുന്നുവെന്ന് ചുരുക്കം. ലാലിസത്തിന്റെ പാളിച്ചയും ചീഫ് സെക്രട്ടറിയുടെ തര്‍ക്ക വിധേയമായ പ്രസ്താവനയും കേന്ദ്രബിന്ദുവായതോടെ, ബാര്‍ കോഴയായി തുടങ്ങി ബജറ്റ് കോഴയായി വളര്‍ന്ന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധയൊഴിഞ്ഞു. അതുതന്നെയായിരുന്നു മുഖ്യമന്ത്രിയുടെയും ആഗ്രഹമെന്ന് കരുതണം.
നിലവാരമില്ലെന്ന കാരണത്താല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കണമോ വേണ്ടയോ എന്നതില്‍ തര്‍ക്കം നിലനിന്ന കാലത്ത് ശേഷിച്ച 312 കൂടി പൂട്ടി സമ്പൂര്‍ണ മദ്യ നിരോധത്തിന് വേണ്ടി നിലകൊള്ളുന്ന മുന്നണിയും സര്‍ക്കാറുമെന്ന തോന്നലിലേക്ക് ശ്രദ്ധ തിരിച്ച ഉമ്മന്‍ ചാണ്ടിയെ ഓര്‍ക്കുക. അങ്ങനെ പൂട്ടാന്‍ തീരുമാനിക്കുന്നതിലെ വിവേചനവും നിയമസാധുതയും കോടതിയില്‍ ചോദ്യംചെയ്യപ്പെടുമെന്ന് അറിഞ്ഞുതന്നെയാണ് ആ തീരുമാനത്തിലേക്ക് സര്‍ക്കാറിനെയും മുന്നണിയെയും മുഖ്യമന്ത്രി എത്തിച്ചത്. അതിന് പിറകെ ബാര്‍ കോഴ ആരോപണം പുറത്തുവന്നു. കളം മാറിച്ചവിട്ടി മുഖ്യമന്ത്രിയാകുക എന്ന സ്വപ്‌നവുമായി നിന്ന കെ എം മാണിയെ ഒതുക്കി, യു ഡി എഫിലെ വിശ്വസ്ത കുഞ്ഞാടായി നിലനിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടിയും സംഘവും കളിച്ച കളി കൂടിയുണ്ടായിരുന്നു ഈ ആരോപണത്തിന് പിറകിലെന്ന് ഇപ്പോഴും മാണിയുടെ വിശ്വസ്തരായി തുടരുന്ന കേരള കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നുണ്ട്. ഈ ആരോപണം വന്നതോടെ പൂട്ടിയ ബാറുകള്‍ തുറക്കുന്നതോ, ബാറുകള്‍ തുറന്ന് നല്‍കുന്നതിനുള്ള കോടതി നിര്‍ദേശങ്ങള്‍ വരുന്നതോ, ആ നിര്‍ദേശങ്ങള്‍ക്കൊപ്പം സര്‍ക്കാറിന്റെ മദ്യനയം രൂക്ഷമായി വിമര്‍ശിക്കപ്പെട്ടതോ വലിയ ചര്‍ച്ചയാകാതെ പോയി. മദ്യനയം അട്ടിമറിച്ചാല്‍ സമരമെന്ന് ഭീഷണി മുഴക്കിയ കെ സി ബി സി മദ്യവിരുദ്ധ സമിതിയുള്‍പ്പെടെയുള്ളവരെ കാണാതെയുമായി. പൂട്ടിയ ബാറുകളിലൊക്കെ ബിയറും വൈനും നുരഞ്ഞൊഴുകുന്നതില്‍ ആര്‍ക്കും പരാതിയുമില്ലാതായി.
കോഴയരോപണം തന്നെയും ചിതറിത്തെറിച്ച് ഒന്നുമല്ലാതായിരിക്കുന്നു. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജു രമേശ് ആവര്‍ത്തിക്കുമ്പോള്‍, ആരോപണങ്ങളെയൊക്കെ തള്ളി ബാറുടമകള്‍ രംഗത്തുവരുന്നു. ഇതിനിടയില്‍ തന്റെ ആരോപണത്തിന് ബലമേകാന്‍ ബിജു രമേശ് പറയുന്നതൊക്കെ ലാലിസത്തിലും ജിജിയിസത്തിലും മുങ്ങിപ്പോയി. കോഴയാരോപണം ഒതുക്കിത്തീര്‍ക്കാന്‍ മുഖ്യമന്ത്രി സമ്മര്‍ദം ചെലുത്തിയെന്നും കോഴയായി നല്‍കിയത് 20 കോടിയാണെന്നും അത് വാങ്ങിയവരില്‍ കോണ്‍ഗ്രസുകാരായ മന്ത്രിമാരുണ്ടെന്നും സംരക്ഷണം ഉറപ്പ് നല്‍കിയാല്‍ അവരുടെ പേരുകള്‍ പറയാമെന്നുമൊക്കെ ബിജു രമേശ് പറഞ്ഞിട്ടും ഒരിളക്കവുമുണ്ടായില്ല, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പോലും.
കുറച്ചുകാലം പിന്നാക്കം പോയാല്‍, പാമോലിന്‍ കേസ് വന്നു – പിന്‍വലിക്കാനുള്ള തീരുമാനമായും പിന്‍വലിക്കാനാകില്ലെന്ന വിജിലന്‍സ് കോടതി ഉത്തരവായും അത് ശരിവെച്ചുള്ള ഹൈക്കോടതി വിധിയായും. അഴിമതി നടന്നിട്ടില്ല, സര്‍ക്കാറിന് നഷ്ടമുണ്ടായിട്ടില്ല എന്ന ഉത്തമ ബോധ്യത്തിലാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ആവര്‍ത്തിച്ച മുഖ്യമന്ത്രി, വിചാരണ നടക്കട്ടെ എന്ന കോടതി ഉത്തരവ് അംഗീകരിക്കുന്നതായും പ്രതികരിച്ചു. ഏറ്റവുമൊടുവില്‍ സുപ്രീം കോടതി മുമ്പാകെ, വിചാരണ നടക്കട്ടെ എന്ന ഹൈക്കോടതി വിധി അംഗീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അറിയിച്ച്, ശല്യക്കാരനായ വ്യവഹാരിയല്ലേ വി എസ് അച്യുതാനന്ദന്‍ എന്ന സംശയം സുപ്രീം കോടതിയെക്കൊണ്ട് പ്രകടിപ്പിച്ചു. കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ പാമൊലിന്‍ ഇടപാടിനെ സമര്‍ഥമായി ഉപയോഗിച്ച ഉമ്മന്‍ ചാണ്ടി, ആ കേസില്‍ ആരോപണവിധേയനായി നില്‍ക്കെ രണ്ട് ദശാബ്ദത്തിലധികം അഴിമതി പുറത്തുകൊണ്ടുവരാന്‍ യത്‌നിച്ച വി എസ് അച്യുതാനന്ദന്റെ പ്രതിച്ഛായയില്‍ നിഴല്‍ വീഴ്ത്തി ചിരിച്ചു നില്‍ക്കുന്നു.
ഇതിലും വലിയ പുകിലായിരുന്നു സോളാര്‍ തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരുമായി ബന്ധം, മുഖ്യമന്ത്രിയെ പരിചയം ഇവയൊക്കെ ഉപയോഗപ്പെടുത്തിയായിരുന്നു തട്ടിപ്പെന്ന് ആക്ഷേപമുണ്ടായി. പകലന്തിയോളം ‘വെളിപ്പെടുത്തലു’കളുണ്ടായി, തട്ടിപ്പാരോപണത്തിലെ മുഖ്യ കഥാപാത്രത്തിനൊപ്പം മുഖ്യമന്ത്രിയെ കാണാനെത്തിയെന്ന് കോണ്‍ഗ്രസ്സുകാരന്‍ തന്നെയായ ഒരാള്‍ പറയുകയും ചെയ്തു. എന്നിട്ടൊടുവില്‍, സകലകരുത്തുമെടുത്ത് ഇടതുമുന്നണി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധം 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍, സംഗതികളാകെ തിരിഞ്ഞു. നടന്നത് ഒത്തുതീര്‍പ്പ് സമരമാണോ അല്ലയോ എന്നതില്‍ വിശദീകരണം നല്‍കി തോല്‍ക്കാനായിരുന്നു ഇടത് മുന്നണിക്ക് നേതൃത്വം നല്‍കുന്ന സി പി എമ്മിന്റെ വിധി. സമരമൊരു കാട്ടിക്കൂട്ടലായിരുന്നുവെന്ന ആക്ഷേപം കൃത്യമായ ഇടവേളകളില്‍ ഉയര്‍ന്നുവന്നതോടെ, സോളാര്‍ തട്ടിപ്പിനേക്കാളും അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോ അദ്ദേഹത്തിന് തന്നെയോ പങ്കുണ്ടോ എന്ന സംശയത്തേക്കാളുമുപരിയായി നിന്നു ഒത്തുതീര്‍പ്പ്. ഏറ്റമൊടുവില്‍ മാണിക്കെതിരെ ആക്ഷേപമുയര്‍ന്നപ്പോള്‍ സി പി എമ്മിന് അനുതാപമുണ്ടായെന്ന് ആരോപണമുയര്‍ന്നപ്പോഴും ഒത്തുതീര്‍പ്പ് മുഖ്യവേദി അലങ്കരിച്ചു. കളമശ്ശേരി, പാറ്റൂര്‍ എന്നിത്യാദി പേരുകളില്‍ പ്രസിദ്ധമായ ഭൂമി ഇടപാടുകളും അതില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിന് പങ്കുണ്ടെന്ന ആക്ഷേപവുമൊക്കെ തിളച്ചുമറിഞ്ഞ് അടുപ്പിലെ കനലറ്റു. ഒന്നില്‍നിന്നൊലേക്ക് ശ്രദ്ധതിരിക്കാനുള്ള തന്ത്രങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കപ്പെടുന്ന കാഴ്ച ഇവിടെയൊക്കെ കണ്ടു. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ പോയത്, ശ്രദ്ധതിരിക്കുക എന്ന കലാവിദ്യയില്‍ ഉമ്മന്‍ ചാണ്ടി കാട്ടിയ കൈയടക്കത്തിന്റെ ഫലമായിരുന്നു.
ദേശീയ ഗെയിംസില്‍ അഴിമതി കാട്ടിയവരൊക്കെ ജയിലില്‍പ്പോകുമെന്ന് പി സി ജോര്‍ജിനെപ്പോലുള്ളവര്‍ പേര്‍ത്തും പേര്‍ത്തും പറയുമ്പോള്‍, കെ എം മാണിക്കെതിരായ ആരോപണം മുഖ്യ സ്ഥാനത്തേക്ക് തിരിച്ചെത്താതിരിക്കുക എന്ന തന്ത്രത്തിന്റെ നടപ്പാക്കല്‍ കുടിയാണത്. അതിന് മുഖ്യമന്ത്രിയുടെ അകമഴിഞ്ഞ പിന്തുണയുമുണ്ടാകും. യു ഡി എഫിന്റെ താക്കീതൊന്നും വകവെക്കില്ലെന്ന് പറയുന്ന ജോര്‍ജ്, ശ്വാസം മുഴുമിക്കും മുമ്പ് മുഖ്യമന്ത്രി പറയുന്നത് അനുസരിക്കുമെന്ന് കൂട്ടിച്ചേര്‍ക്കുന്നതിന്റെ അര്‍ഥം മറ്റൊന്നാകാന്‍ ഇടയില്ല.
ഇതാണ് യഥാര്‍ഥത്തില്‍ മഹാനടനം. സ്വയം മികച്ച അഭിനയം പുറത്തെടുക്കുകയും അതിലൂടെ സഹനടന്‍മാരെയൊക്കെ മികച്ചത് പുറത്തെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന മഹാനടനം. ആയതിനാല്‍ യഥാര്‍ഥ ലാലിസം ഉമ്മനിസമാണ്. പകരംവെക്കാന്‍ തത്ക്കാലം മറ്റൊന്നില്ലാത്ത പ്രതിഭാവിലാസം. എന്ത് ദുഷ്‌പേരുണ്ടായാലും അഞ്ച് വര്‍ഷത്തെ കലാപ്രകടനത്തിന് ജനം നല്‍കിയ കരാറിന് സ്വീകരിച്ച പണം തിരിച്ചുമേടിക്കുക ധാര്‍മികമല്ല തന്നെ. അഥവാ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചാല്‍ തന്നെ ജനം അത് സ്വീകരിക്കരുത്. കാരണം ഈ സര്‍ക്കാറിന് ജനങ്ങളുടെ പിന്തുണയുണ്ട്!