തൂണേരി സംഭവം: ശക്തമായ നടപടി വേണം- സുധീരന്‍

Posted on: February 6, 2015 12:53 am | Last updated: February 6, 2015 at 11:53 pm

തിരുവനന്തപുരം: തൂണേരിയിലെ അക്രമവുമായി ബന്ധപ്പെട്ട ശക്തമായ നടപടി സ്വീകരിക്കണമെന്നും അനിഷ്ട സംഭവങ്ങള്‍ക്ക് ഉത്തരവാദികളായ മുഴുവന്‍ പേരെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതിന് പോലീസ് കൂടുതല്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ ആവശ്യപ്പെട്ടു.
കോഴിക്കോട് തൂണേരിയില്‍ അനിഷ്ട സംഭവങ്ങളെത്തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍യകക്ഷിയോഗം ചേരാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സുധീരന്‍. തൂണേരിയില്‍ ജനജീവിതം സാധാരണനിലയിലേക്ക് കൊണ്ടുവരുന്നതിനായി സര്‍ക്കാറും സംഘടനകളും ജനങ്ങളും ഒരുമിച്ച് പരിശ്രമിക്കേണ്ടതുണ്ട്. കൊല്ലപ്പെട്ട ഷിബിന്റെ കുടുംബത്തിനും ആക്രമണങ്ങള്‍ക്കിരയായവര്‍ക്കും ധനസഹായമുള്‍പ്പെടെ എല്ലാത്തരത്തിലുമുള്ള പരമാവധി സഹായങ്ങള്‍ ചെയ്തുകൊടുക്കേണ്ടത് ആവശ്യമാണ്.
സര്‍ക്കാറിതര ഏജന്‍സികളുടെ സഹായം ലഭ്യമാക്കാനും ശ്രമിക്കുന്നത് നന്നായിരിക്കും.
ഇക്കാര്യത്തിനായി ഒരു റിലീഫ് കമ്മിറ്റി രൂപവത്കരിക്കുന്നത് അഭികാമ്യമായിരിക്കുമെന്നും സുധീരന്‍ പറഞ്ഞു. ധനസഹായം നല്‍കുന്നതിലേക്ക് കെ പി സി സി യുടെ വകയായി പത്ത് ലക്ഷം രൂപ നല്‍കുന്നതാണെന്നും സുധീരന്‍ അറിയിച്ചു.