16 ജ്വല്ലറികളില്‍ മോഷണം നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍

Posted on: February 6, 2015 6:42 pm | Last updated: February 6, 2015 at 6:42 pm

ദുബൈ: 16 ജ്വല്ലറികളില്‍ മോഷണം നടത്തിയ രണ്ടു പേര്‍ പിടിയിലായതായി ദുബൈ പോലീസ് വ്യക്തമാക്കി. പിടിയിലായവരില്‍ ഒരു സ്ത്രീയുമുള്‍പെടും. നായിഫിലെ ഗോള്‍ഡ് സൂഖില്‍ നിന്നാണ് സംഘം 29 ജ്വല്ലറി സെറ്റുകള്‍ ഉള്‍പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. നാലു ദിവസത്തിനിടയിലാണ് ബന്ധുക്കളും ഇറാന്‍ സ്വദേശികളുമായ ഇവര്‍ മോഷണം നടത്തിയത്. 4,000 ദിര്‍ഹം വില വരുന്ന രണ്ട് മോതിരങ്ങള്‍ കളവ് പോയതായി ഏഷ്യന്‍ വംശജനായ സെയില്‍സ്മാന്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോടെയാണ് മോഷ്ടാക്കളെക്കുറിച്ചുള്ള അന്വേഷണം പോലീസ് ആരംഭിച്ചത്. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും ജ്വല്ലറിയിലെ സി സി. ടി വി ക്യാമറകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നാണ് പര്‍ദ ധരിച്ച സ്ത്രീയുടെയും ഇവരെ അനുഗമിക്കുന്ന പുരുഷന്റെയും ചിത്രം ലഭിച്ചത്.

സമാനമായ കളവുകളെക്കുറിച്ചുള്ള പരാതികള്‍ മറ്റ് 15 ജ്വല്ലറികളില്‍ നിന്നു കൂടി പോലീസിന് പിന്നീട് ലഭിച്ചു. ഇതേ തുടര്‍ന്ന് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി സൂഖില്‍ നിയോഗിച്ചിരുന്നു. സംഘത്തിന്റെ അന്വേഷണത്തിലാണ് ഗോള്‍ഡ് സൂഖില്‍ ചുറ്റിക്കറങ്ങുന്നതിനിടയില്‍ പ്രതികളെ പിടികൂടിയത്. മോഷണം നടത്താനായി സന്ദര്‍ശന വിസയില്‍ എത്തിയതാണെന്ന് 32 കാരിയായ യുവതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ സഹോദരനായ 55 കാരനൊപ്പമാണ് യുവതി ദുബൈയില്‍ എത്തിയത്. ഇരുവരുമാണ് മോഷണം നടത്തിയത്. കടകളില്‍ കയറി അനുകൂലമായ സാഹചര്യം ഒത്തുവരുന്നതു വരെ കാത്തിരുന്നായിരുന്നു ഇരുവരും വിദഗ്ധമായി മോഷണം നടത്തിവന്നത്.
സെയില്‍സ്മാന്‍മാര്‍ തിരക്കിലാവുമ്പോള്‍ മോഷണം നടത്തുന്ന രീതിയായിരുന്നു അവലംബിച്ചിരുന്നതെന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മോഷ്ടിക്കുന്ന ആഭരണങ്ങള്‍ വസ്ത്രങ്ങളില്‍ ഒളിപ്പിച്ചായിരുന്നു പുറത്തു കടക്കാറ്. ഇവര്‍ താമസിച്ച അയാല്‍ നാസിറിലെ ഹോട്ടല്‍ മുറിയില്‍ റെയ്ഡ് നടത്തിയാണ് തൊണ്ടി മുതല്‍ പോലീസ് കണ്ടെടുത്തത്. ആഭരണങ്ങള്‍ നഷ്ടപ്പെട്ട ജ്വല്ലറി ഉടമകളോട് സ്വന്തം ആഭരണം തിരിച്ചറിഞ്ഞ് തിരികെ കൊണ്ടുപോകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.