Connect with us

National

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവെച്ചാല്‍ അയോഗ്യരാക്കും: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ക്രിമിനല്‍ പശ്ചാത്തലമുള്ള ജനപ്രതിനിധികള്‍ വിവരങ്ങള്‍ മറച്ചുവെച്ചാല്‍ അയോഗ്യത കല്‍പ്പിക്കുമെന്ന് സുപ്രീം കോടതി. പൊതുജീവിതത്തിലും രാഷ്ട്രീയത്തിലും അഴിമതി ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ഉത്തരവ്. തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ മറച്ചുവെച്ച കോയമ്പത്തൂര്‍ സ്വദേശിയുടെ കേസില്‍ വിധി പ്രഖ്യാപനം നടത്തുകയായിരുന്നു പരമോന്നത നീതിപീഠം.
ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ച പഞ്ചായത്തംഗത്തെ മദ്രാസ് ഹൈക്കോടതി കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. എന്നാല്‍ വിധി ചോദ്യം ചെയ്ത് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് ക്രിമിനല്‍ കുറ്റങ്ങള്‍ മറച്ചുവെച്ച് ജനവിധി തേടുന്നതിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ തീരുമാനം ശരിവെച്ച കോടതി ഇയാള്‍ക്ക് 50000 രൂപ പിഴയും ചുമത്തി.
2013ല്‍ സുപ്രീം കോടതി സമാന വിധി പ്രസ്താവം നടത്തിയിരുന്നു. ജനപ്രതിനിധികള്‍ ഏതെങ്കിലും കേസുകളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കുകയും ചെയ്താല്‍ അയോഗ്യത കല്‍പ്പിച്ച് അഞ്ച് വര്‍ഷത്തേക്ക് മത്സരരംഗത്ത് നിന്ന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അയോഗ്യത കല്‍പ്പിച്ചതിനാല്‍ കഴിഞ്ഞ സെപ്തംബറില്‍ എ ഐ എ ഡി എം കെ നേതാവ് ജയലളിതക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടിരുന്നു.

Latest