Connect with us

National

ഭ്രഷ്ട്: പെരുമാള്‍ മുരുകന്‍ നാമക്കല്‍ വിടുന്നു

Published

|

Last Updated

കോയമ്പത്തൂര്‍: ഹിന്ദുത്വ ശക്തികളുടെയും ജാതി സംഘടനകളുടെയും ഭീഷണിക്കു മുന്നില്‍ എഴുത്തു ജീവിതം അവസാനിപ്പിച്ച തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ നാമക്കല്‍ വിടാനൊരുങ്ങുന്നു. നാമക്കലില്‍ നിന്ന് മറ്റൊരു സ്ഥലത്തേക്ക് തനിക്ക് സ്ഥലംമാറ്റം നല്‍കണമെന്നാവശ്യപ്പെട്ട് പെരുമാള്‍ മുരുകന്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയതായി മുരുകനുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ 17 വര്‍ഷമായി പഠിപ്പിച്ചുകൊണ്ടിരിക്കുന്ന നാമക്കലിലെ അറിഞ്ജര്‍ അണ്ണാ സര്‍ക്കാര്‍ ആര്‍ട്‌സ് കോളേജില്‍ നിന്ന് സ്ഥലം മാറ്റം ആവശ്യപ്പെട്ടാണ് മുരുകന്‍ അപേക്ഷ നല്‍കിയത്. സേലം ആസ്ഥാനമായുള്ള പെരിയാര്‍ സര്‍വകലാശാല ക്കു കീഴിലുള്ള കോളജാണിത്.
മുരുകന്റെ ഭാര്യയും ഇതേ കോളജില്‍ തന്നെ അധ്യാപികയുമായ എഴിലും സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ചെന്നൈയിലെ കോളജിലേക്ക് സ്ഥലം മാറ്റം വേണമെന്നാണ് ഇരുവരും ആവശ്യപ്പെട്ടത്. ഒരു സര്‍വകലാശാല പരിധിയില്‍ നിന്ന് മറ്റൊരു സര്‍വകലാശാല പരിധിയിലേക്കാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ടതിനാല്‍ സംഗതി യാഥാര്‍ഥ്യമാവാന്‍ ഉന്നത തലത്തിലുള്ള ഇടപെടല്‍ വേണ്ടിവന്നേക്കും.
എഴുത്തുജീവിതം നിര്‍ത്തിയെന്ന പ്രഖ്യാപനത്തിനു ശേഷവും മുരുകന് നാമക്കലില്‍ ജീവിതം ദുസ്സഹമായിരിക്കുകയാണെന്നാണറിയുന്നത്. പ്രത്യക്ഷ പ്രക്ഷോഭങ്ങളില്‍ നിന്ന് എതിരാളികള്‍ പിന്മാറിയെങ്കിലും മുരുകനെയും കുടുംബത്തെയും സാമൂഹികമായി ഒറ്റപ്പെടുത്തുന്നതില്‍ അവര്‍ വിജയിച്ചുകഴിഞ്ഞതായാണ് മുരുകന്റെ സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടുന്നത്. മുരുകനോടും കുടുംബത്തോടും സഹകരിക്കുന്ന അയല്‍ക്കാരെയും സഹപ്രവര്‍ത്തകരായ അധ്യാപകരെയും വരെ ടെലിഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് എതിരാളികള്‍ തങ്ങളുടെ പദ്ധതി നടപ്പാക്കുന്നത്. മുരുകനും കുടുംബവും സ്ഥലത്തില്ലാത്തപ്പോള്‍ വീട്ടിലേക്കുവരുന്ന കത്തുകളും വാരികകളും വാങ്ങിവെക്കാന്‍ വരെ അയല്‍ക്കാര്‍ വിസമ്മതിക്കുന്ന സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്. ഈ അവസ്ഥയിലാണ് നാമക്കലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മുരുകന്‍ തീരുമാനമെടുത്തത്. “മാതൊറു ഭാഗന്‍” എന്ന നോവലിനെതിരെ തിരുച്ചെങ്കോട്ടും നാമക്കലും ഹിന്ദുത്വ ശക്തികളും ജാതി സംഘടനകളും ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് നാമക്കല്‍ ജില്ലാഭരണകൂടം അടിച്ചേല്‍പിച്ച ഒത്തുതീര്‍പ്പില്‍ പ്രതിഷേധിച്ചാണ് മുരുകന്‍ എഴുത്തു ജീവിതത്തിനു വിരാമമിട്ടത്. ജനുവരി 12ന് നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചക്കു പിന്നാലെയാണ് ലോകത്തെ ഞെട്ടിച്ച് മുരുകന്‍ എഴുത്ത് ജീവിതം അവസാനിപ്പിച്ചത്.
ഈ ഒത്തുതീര്‍പ്പിനെതിരെ തമിഴ്‌നാട് സംസ്ഥാന പുരോഗമന കലാ സമിതി പ്രസിഡന്റ് തമിഴ്‌ശെല്‍വന്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ വരുന്ന ഒമ്പതിന് മുരുകനോട് നേരിട്ട് ഹാജരാകാന്‍ മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ് കെ കൗളിന്റെ ബെഞ്ചാണ് ഈ കേസില്‍ വാദം കേള്‍ക്കുന്നത്. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ, ഹിന്ദുത്വശക്തികള്‍ നല്‍കിയ കേസില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ചിത്രകാരന്‍ എം എഫ ഹുസൈന് അനുകൂലമായി ശക്തമായ വിധി പുറപ്പെടുവിച്ച ജഡ്ജിയാണ് എസ കെ കൗള്‍.