Connect with us

National

യുദ്ധമുഖത്ത് വനിതാ സൈനികര്‍ക്ക് പങ്കാളിത്തം നല്‍കുന്നില്ലെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: നാരി ശക്തി (സ്ത്രീ ശക്തി) സന്ദേശമുയര്‍ത്തി റിപ്പബ്ലിക് ദിനം ആഘോഷിച്ചെങ്കിലും, വനിതാ ഉദ്യോഗസ്ഥകള്‍ക്ക് പോരാട്ടത്തില്‍ പങ്കാളിത്തം സൈന്യം നല്‍കുന്നില്ലെന്ന് റിപ്പോര്‍ട്ട്. സ്റ്റാഫ് കമ്മിറ്റിയുടെ ചെയര്‍മാനും മേധാവിമാരും തങ്ങളുടെ വനിതാ ഉദ്യോഗസ്ഥകള്‍ക്ക് യുദ്ധമുഖത്ത് പ്രധാന പങ്കാളിത്തം നല്‍കാന്‍ ധൈര്യപ്പെടുന്നില്ലെന്ന് സൈനിക മേധാവികള്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
യുദ്ധമുഖത്തെ മുന്നണിയില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്കുള്ള നിയന്ത്രണം തുടരുമെന്നാണ് സൂചന. കാലാള്‍പ്പടയിലോ മറ്റ് യുദ്ധമുഖത്തെ വിഭാഗഗത്തിലോ പോരാട്ടത്തിന് വനിതാ ഉദ്യോഗസ്ഥകളെ ചേര്‍ക്കേണ്ടതില്ലെന്ന നിലപാടാണ് സൈന്യത്തിനുള്ളതെന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോരാട്ടത്തില്‍ സൈന്യം ഏര്‍പ്പെട്ട് കൊണ്ടിരിക്കുന്നു. നക്‌സല്‍ ശക്തി കേന്ദ്രങ്ങള്‍, കാശ്മീര്‍ പോലെയുള്ള അതികാഠിന്യമേറിയ ജോലി പശ്ചാത്തലം വനിതകള്‍ക്ക് അപ്രാപ്യമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാരി ശക്തി മുദ്രാവാക്യത്തിന് പിന്തുണയായി പരേഡില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സൈന്യം ശിപാര്‍ശ ചെയ്തിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ ചരിത്രത്തിലാദ്യമായി കര സേന, നാവിക സേന, വ്യോമ സേന എന്നിവയില്‍ നിന്നുള്ള വനിതാ വിഭാഗങ്ങള്‍ പരേഡില്‍ അണിനിരന്നിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥിയായെത്തിയ യു എസ് പ്രസിഡന്റ് ബരാക് ഒബാമക്ക് രാഷ്ട്രപതി ഭവനില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത് വിംഗ് കമാന്‍ഡര്‍ പൂജാ ഠാക്കൂര്‍ ആയിരുന്നു. ഇതും ചരിത്രത്തിന്റെ ഭാഗമായി. റിപ്പബ്ലിക് ദിനത്തില്‍ തന്നെ സൈനിക മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ്, വനിതാ ഉദ്യോഗസ്ഥരെ ആദരിക്കുന്നതിന്റെ ഭാഗമായി വിരുന്ന് നല്‍കിയിരുന്നു. സായുധ സേനക്ക് വലിയ സംഭാവന ചെയ്യണമെന്ന് ഉദ്യോഗസ്ഥകളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
ഇങ്ങനെയാണെങ്കിലും പോരാട്ടമുന്നണിയില്‍ തങ്ങള്‍ക്കും പ്രാതിനിധ്യം വേണമെന്ന വനിതകളുടെ താത്പര്യവും ആഗ്രഹവും നിറവേറാന്‍ ഇനിയും കാലമെടുക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

---- facebook comment plugin here -----

Latest